ബസ് എവിടെ എത്തി, സീറ്റൊഴിവുണ്ടോ, അറിയാനായി ആപ്പ്; തീർന്നില്ല, വരുന്നു കെഎസ്ആർടിസിയൽ പരിഷ്കാരം
കൊല്ലം: എവിടെയെങ്കിലും എന്തെങ്കിലും ആവശ്യത്തിന് ബസ്സിൽ പോകാൻ തീരുമാനിച്ചാൽ പലപ്പോഴും കാത്തുനിന്ന് മുഷിയേണ്ട അവസ്ഥ വരാറില്ലേ. ബസ് നോക്കിനോക്കി മടുക്കാറില്ലേ, ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാവാൻ പോവുകയാണ്. ഓരോ റൂട്ടിലുമുള്ള കെ എസ് ആർ ടി സി ബസ് വരുന്നത് മുൻകൂട്ടി അറിയാൻ ആപ്പ് വരുന്നു. സ്റ്റോപ്പിൽ നിൽക്കുന്ന കെ എസ് ആർ ടി സി ബസ്സുകളുടെ വിവരങ്ങളും സീറ്റ് ഒഴിവുണ്ടോ എന്നതും ആപ്പിലൂടെ അറിയാൻ കഴിയും.
ജി പി എസ് അധിഷ്ഠിതമായി ഓരോ ആറ് സെക്കന്റിലും വിവവരങ്ങൾ പുതുക്കിക്കൊണ്ടേയിരിക്കും. ഓൺലൈൻ റിസർവേഷൻ സൗകര്യം കൂടുതൽ വിപുലപ്പെടുത്തും. ബസിലെ ടിക്കറ്റ് വിതരണം മുതൽ വേഗം വരെ കൺട്രോൾ റൂമിൽ അറിയാനുള്ള സൗകര്യവും ഇതോടനുബന്ധിച്ച് ഉണ്ടാവും. ബസ്സിലെ യാത്രക്കാരെ ഓരോ പ്രധാന സ്റ്റോപ്പും ടെലിവിഷൻ മുഖാന്തരം അനൗൺസ് ചെയ്ത് അറിയിക്കും. ടി വിയിൽ സ്ഥലം എഴുതിക്കാണിക്കുകയും ചെയ്യും. ഇതിനായി എല്ലാ ബസ്സിലും ടി വി സജ്ജമാക്കും. ബസ് സ്റ്റേഷനുകളിലും കംപ്യൂട്ടർ അധിഷ്ഠിത അനൗൺസ്മെന്റ് വരും.

ടിക്കറ്റ് മെഷീനും നെറ്റ് വർക്ക് ശൃംഖലയും അടക്കം ചെയ്ത് കൊടുക്കുന്നതിനായി ചില സ്റ്റാർട്ട് അപ്പ് കമ്പനികളുമായി കെ എസ് ആർ ടി സി അധികൃതർ ചർച്ചയിലാണ് എന്നാണ് വിവരം. നിരക്ക് സംബന്ധിച്ച് ധാരണയായിട്ടില്ല. ഒരു ടിക്കറ്റിന് 15 പൈസ നിരക്കാണ് ഇപ്പോൾ കമ്പനി സർവീസ് ചാർജ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം. വിദ്യാർത്ഥികളുടെ കൺസെഷൻ ടിക്കറ്റിനും മറ്റും ഈ നിരക്ക് അനുവദിക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
പുതിയ സംവിധാനം വന്നാൽ ബസ്സുകൾ ഒരേ റൂട്ടിൽ വരിവരിയായി പോകുന്നത് ഒഴിവാക്കാനാകും. ഇതിന്റെ ഭാഗമായി എല്ലാ ബസ് സ്റ്റേഷനുകളും പൂർണമായും കംപ്യൂട്ടർ വത്ക്കരിക്കും. ഇതിന് എം എൽ എമാരുടെ ഫണ്ടിൽ നിന്നും പണം സമാഹരിക്കുന്നതിന് നടപടികൾ ആരംഭിച്ചെന്നാണ് വിവരം. നാല് മുതൽ ഏഴ് വരെ കംപ്യൂട്ടർ ഓരോ ഡിപ്പോയ്ക്കും നൽകും. കേന്ദ്രീകൃതമായി ഒന്നിച്ചായിരിക്കും ഇവ വാങ്ങുന്നത്..
ബിസ്കറ്റും ലഘുപാനീയങ്ങളും
ബിസ്ക്കറ്റും ലഘു പാനീയങ്ങളും മറ്റും അടങ്ങുന്ന റാക്കുകൾ ബസ്സുകളിൽ സജ്ജീകരിക്കാൻ ആലോചനയുണ്ട്. പുതിയ എ സി സൂപ്പർ ഫാസ്റ്റ് ബസ്സുകളിൽ ഈ പരീക്,ണം ലാഭകരമാണെന്ന് കണ്ടാതായാണ് വിവരം. ഓരോ ഡിപ്പോയിലും കരാറുകാർ റാക്കുകളിൽ സാധനങ്ങൾ തീരുന്നതിന് അനുസരിച്ച് നിറയ്ക്കണം.
പരിഷ്കാരങ്ങൾ അഞ്ച് മാസത്തിനുള്ളിൽ:
ആപ്പ് അധിഷ്ഠിതമായി യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അഞ്ച് മാസത്തിനുള്ളിൽ പൂർത്തിയാകും. ഓരോ സമയത്തും എത്ര ടിക്കറ്റ് വിറ്റും, എത് കളക്ഷൻ ലഭിച്ചു, ഏത് ഡിപ്പോയാണ് കളക്ഷനിൽ മുന്നിൽ തുടങ്ങിയ വിവരങ്ങൾ എല്ലാം
മൊബൈൽ ഫോണിൽ ലഭിക്കുന്നുണ്ട്. യാത്രക്കാർക്ക് മുൻകൂർ പണം അടച്ച് വാങ്ങാവുന്ന സ്മാർട്ട് കാർഡുകളും ഏർപ്പെടുത്തും. ടിക്കറ്റെടുക്കാൻ ഇത് ബസ്സിനുള്ളിൽ സ്വൈപ്പ് ചെയ്യാം. എല്ലാം ഡെബിറ്റ് കാർഡുകളും ഉപയോഗിക്കാം, കെ ബി ഗണേഷ് കുമാർ പറഞ്ഞു.












Click it and Unblock the Notifications