ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാൽ പിടിവീഴും; പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: പാചകത്തിന് ഒരിക്കൽ ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം തടയാൻ പരിശോധനയും നടപടികളും കർശനം ആക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം. തട്ടുകടകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ മിന്നൽപരിശോധന നടത്താൻ തീരുമാനിച്ചു.
ദിവസം 20 ലിറ്റർ എണ്ണ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ, പാചക ശേഷമുള്ള എണ്ണ ബയോ ഡീസൽ കമ്പനികൾക്കു നൽകണം എന്ന വ്യവസ്ഥ നടപ്പാക്കുന്നുണ്ടോ എന്നത് നിരീക്ഷിക്കും.

ദിവസം 50 ലിറ്റർ എണ്ണ പാചകത്തിന് ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ ശേഷിക്കുന്ന എണ്ണ ബയോ ഡീസൽ കമ്പനിക്കു കൈമാറണം എന്നാണു കേന്ദ്രത്തിന്റെ വ്യവസ്ഥ. കേരളത്തിന്റെ സാഹചര്യം പരിഗണിച്ചാണ് 20 ലിറ്റർ പരിധി നിർണയിച്ചത്. ഇതു നിർബന്ധമായി നടപ്പാക്കും.
ഒരിക്കൽ തിളപ്പിക്കുന്ന എണ്ണ പരമാവധി ഉപയോഗിച്ചാലും 10 മുതൽ 20 വരെ ശതമാനം മിച്ചം വരും എന്നാണു കണക്കാക്കുന്നത്.ഇപ്പോൾ ദിവസം 20 ലോഡ് എണ്ണ (ശരാശരി 12,000 ലീറ്റർ) ബയോ ഡീസൽ കമ്പനികൾക്കു നൽകുന്നുണ്ട്. ഉപയോഗിച്ച ഒരു ലിറ്റർ എണ്ണയ്ക്കു 40 രൂപ വരെയാണ് കമ്പനികൾ നൽകുന്നത്.
ഭക്ഷണ നിർമാണ സ്ഥാപനങ്ങൾ ഉപയോഗ ശേഷമുള്ള എണ്ണ കൈമാറുന്നതിന്റെ രജിസ്റ്റർ സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന സമയത്തു പരിശോധനയ്ക്കു ഹാജരാക്കുകയും വേണം.
പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയുടെ ടോട്ടൽ പോളാർ കോംപൗണ്ട് (ടിപിസി) 25 ശതമാനത്തിൽ അധികമാകാൻ പാടില്ല. ഉപയോഗിച്ച എണ്ണയിൽ അവശേഷിക്കുന്ന ഉപ്പിന്റെയും രാസഘടകങ്ങളുടെയും സാന്നിധ്യമാണു ടിപിസിയായി കണക്കാക്കുന്നത്. എണ്ണ ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഘടനയിൽ വലിയ മാറ്റമുണ്ടാകും.
പാത്രം ശുചിയാക്കാത്തതും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവനുള്ള കാരണമാകും. കരിഞ്ഞ ഭക്ഷണ സാധനങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്ന പാത്രത്തിലേക്കു പുതുതായി എണ്ണ ഒഴിച്ചാൽ അതു തിളയ്ക്കുമ്പോൾ തന്നെ ഘടനയിൽ മാറ്റം വന്നു തുടങ്ങും. തട്ടുകടക്കാർ പാത്രം ശുചിയാക്കാതെ എണ്ണ ഒഴിക്കുന്നെന്നു പരാതി ലഭിക്കുന്നതായാണ് പറയുന്നത്.












Click it and Unblock the Notifications