ചാണ്ടി ഉമ്മന് പുതുപ്പള്ളി വീട്ടുകാര്യം, ‘ഇറക്കുമതി’ മതിയാക്കാൻ ഇടതുമുന്നണി
കരോട്ട് വള്ളക്കാലിൽ എന്നൊരു വീട്ടുപേരുള്ളത് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മറന്നുപോയിട്ടുണ്ടാകും എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. പുതുപ്പള്ളി എന്നത് ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ മേൽവിലാസം. തുടർച്ചയായ 53 വർഷം നിയമസഭയിൽ പുതുപ്പള്ളിയുടെ മേൽവിലാസം ഉമ്മൻ ചാണ്ടിയും. 1970ൽ കന്നിയങ്കം കുറിച്ചതു മുതൽ 2023ൽ മരിക്കുന്നതുവരെ പുതുപ്പള്ളിക്ക് അവരുടെ കുഞ്ഞുകുഞ്ഞിനെ മാത്രമാണ് ജയിപ്പിച്ചത്. തുടർച്ചയായി 12 തവണ അദ്ദേഹത്തെ പുതുപ്പള്ളിക്കാർ നിയമസഭയിലേക്കും ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമെന്ന റെക്കോഡിലേക്കും കൃത്യമായി കൊണ്ടെത്തിച്ചു. അദ്ദേഹം മരിച്ചപ്പോൾ മകൻ ചാണ്ടി ഉമ്മനെ അപ്പന് പകരക്കാരനായി നിയമസഭയിലേക്കയച്ച് പുതുപ്പള്ളിക്കാർ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും ചെയ്തു. ചാണ്ടി ഉമ്മനും പുതുപ്പള്ളി വിട്ടൊരു പൊതുകാര്യം ഇല്ലാത്തതുകൊണ്ട് വരുന്ന തെരഞ്ഞെടുപ്പും അദ്ദേഹത്തിന് വീട്ടുകാര്യമാണ്.
1970ൽ സിപിഎമ്മിന്‍റെ സിറ്റിങ് എംഎൽഎ ഇ.എം. ജോർജിനെ 7288 വോട്ടിന് തോൽപ്പിച്ചാണ് അരനൂറ്റാണ്ടിലേറെ കുതിച്ച ഉമ്മൻ ചാണ്ടിയുടെ അശ്വമേധം തുടങ്ങുന്നത്. പിന്നീട് പല പ്രമുഖരും യുവതുർക്കികളും തിരുത്തൽവാദികളുമൊക്കെ ഉമ്മൻ ചാണ്ടിയെ തളയ്ക്കാൻ കച്ചമുറുക്കിയിറങ്ങി. പക്ഷേ, പുതുപ്പള്ളിക്കാർ തെരഞ്ഞെടുപ്പ് ദിവസം അതിരാവിലെ തന്നെ കുഞ്ഞുകുഞ്ഞിനെ ജയിപ്പിക്കാൻ പോളിങ് ബൂത്തിലേക്കും ഇറങ്ങി. വി.എൻ. വാസവൻ, റെജി സഖറിയ, ചെറിയാൻ ഫിലിപ്, സിന്ധു ജോയ്, സുജ സൂസൻ ജോർജ്, ജെയ്ക് പി. തോമസ്... ഉമ്മൻ ചാണ്ടിയോട് തോൽക്കാൻ വേണ്ടി ഇടതുപക്ഷം ഗോദയിലിറക്കിയ പ്രമുഖരുടെയും പുതുമുഖങ്ങളുടെയും നിര ഇങ്ങനെ നീളും. ആദ്യം നേടിയ 7288 എന്ന ഭൂരിപക്ഷം കൂട്ടിയതിൽ കുറച്ചൊന്നും ഉമ്മൻ ചാണ്ടിക്ക് ചിന്തിക്കാനേ ഇല്ലായിരുന്നു.
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തവണ മത്സരിച്ചത് ജെയ്ക് പി. തോമസാണ്. ഉമ്മൻ ചാണ്ടിക്കെതിരെ രണ്ടുതവണയും ചാണ്ടി ഉമ്മനെതിരെ ഉപതെരഞ്ഞെടുപ്പിലും. 2016ൽ ഉമ്മൻ ചാണ്ടിയോട് 27,092 വോട്ടിന് പരാജയപ്പെട്ടെങ്കിലും 2021ൽ ജെയ്ക് ചെറുതായൊന്ന് ഞെട്ടിച്ചു. ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആക്കി കുറച്ചായിരുന്നു അത്. എന്നാൽ, 2023ലെ ഉപതെരഞ്ഞെടുപ്പിൽ ഇതിന് പ്രായശ്ചിത്തമെന്നോണം പുതുപ്പള്ളിക്കാർ 37,719 എന്ന റെക്കോർഡ് ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മനെ ജയിപ്പിച്ചത്.

ഇക്കുറി ഒരു ഭാഗ്യപരീക്ഷണത്തിനുകൂടി ഇല്ലെന്ന് ജെയ്ക് പി. തോമസ് വ്യക്തമാക്കിയിട്ടുമുണ്ട്. ഇക്കുറി ഇടതുപക്ഷം ആരെയായിരിക്കും ഇറക്കുകയെന്നത് സംബന്ധിച്ച് കൃത്യമായ ഒരു ചിത്രം ഇതുവരെയും തെളിഞ്ഞുവന്നിട്ടില്ല. ഇറക്കുമതി സ്ഥാനാർഥികളെ മതിയാക്കി തദ്ദേശീയരെതന്നെ കളത്തിലിറക്കി പരീക്ഷിക്കാനും മുന്നണിയിൽ ആലോചന പുരോഗിക്കുന്നുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും വ്യക്തമായ ആധിപത്യമാണ് യുഡിഎഫ് നടത്തിയത്. എൽഡിഎഫ് ഭരിച്ചിരുന്ന പാമ്പാടി പഞ്ചായത്ത് തിരിച്ചുപിടിക്കുകയും ചെയ്തു.
പുതുപ്പള്ളിയോട് സർക്കാർ അവഗണന; വികസനം ഇവിടെയെത്തുമ്പോൾ നിലക്കും- ചാണ്ടി ഉമ്മൻ
കഴിഞ്ഞ 10 വർഷമായി ഇടതു സർക്കാർ മണ്ഡലത്തോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും എല്ലാ വികസനങ്ങളും പുതുപ്പള്ളിയിൽ എത്തുമ്പോൾ നിലക്കുകയാണെന്നും ചാണ്ടി ഉമ്മൻ ആരോപിക്കുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇങ്ങനെയൊരു വിവേചനം എതിർകക്ഷികളുടെ മണ്ഡലത്തോട് കാണിച്ചിരുന്നില്ല. സർക്കാർ അവഗണന മറികടന്നും മണ്ഡലത്തിൽ വികസനമെത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ അവകാശപ്പെടുന്നു.
ഉമ്മൻ ചാണ്ടി സർക്കാർ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായി വിഭാവന ചെയ്തിരുന്നതാണ് തലപ്പാടിയിലെ ബയോ മെഡിക്കൽ റിസർച്ച് സെന്‍റർ. എന്നാൽ, അതിനുവേണ്ടി ഇടതു സർക്കാർ ഒന്നും ചെയ്തില്ല. അടുത്തിടെ അമീബിക് മസ്തിഷ്ക ജ്വരം പടർന്നപ്പോൾ അത് പരിശോധിക്കുന്ന ലാബ് മാത്രം തുടങ്ങി. പാമ്പാടിയിലെ വില്ലേജ് ഓഫിസ് നിർമാണത്തിന് ഇപ്പോൾ മാത്രമാണ് മണ്ണ് മാറ്റിക്കിട്ടിയത്. നാലു വർഷം മുമ്പ് മന്ത്രിമാർ വന്ന് തറക്കല്ലിട്ട് പോയ പദ്ധതിയാണ്. അഞ്ച് വർഷം മുമ്പ് ഉണ്ടായിരുന്ന അതേ അവസ്ഥയിൽ പെയിന്‍റടിച്ചിട്ടാണ് ഉമ്മൻ ചാണ്ടിയുടെ പേരിൽ പുതുപ്പള്ളിയിൽ മിനി സിവിൽ സ്റ്റേഷൻ ആരംഭിച്ചെന്ന് കൊട്ടിഘോഷിച്ചത്. മണ്ഡലത്തിനായി തന്ന പദ്ധതികളിൽപോലും വിവേചനം കാണിക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ പറയുന്നു.
ഈ അവഗണനക്കിടയിലും 75 ലക്ഷം ചെലവഴിച്ച് രണ്ട് പഞ്ചായത്തുകളെ ചേർത്തുനിർത്തുന്ന കൊട്ടാരത്തിക്കടവ് കലുങ്ക് നിർമിക്കാനായി. ഈ കലുങ്ക് വന്നതോടെ പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണി ഒഴിവായി. നിലയ്ക്കൽ പള്ളി-കുട്ടൻചിറപ്പടി റോഡ് 40 ലക്ഷം അനുവദിച്ച് പൂർത്തിയാക്കി. കൂരോപ്പട വില്ലേജ് ഓഫിസ് പൂർത്തിയാക്കി. പ്രാദേശിക റോഡുകളുടെ വികസനം പൂർത്തിയാക്കി. വാകത്താനത്തെ തേവരുചിറ കുളം സ്വിമ്മിങ് പൂളാക്കാനാണ് പദ്ധതിയിട്ടത്. രണ്ടര വർഷം കഴിഞ്ഞ് ഈ ജനുവരിയിലാണ് അതിന്‍റെ കരാർ സർക്കാർ കൊടുത്തത്. ഒരു മാസം കഴിഞ്ഞപ്പോൾ കരാറുകാരൻ ഇട്ടിട്ടുപോയി. മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു മരിച്ച ബിന്ദുവിന്‍റെ കുടുംബത്തിന് 10 ലക്ഷം സമാഹരിച്ചു നൽകാനായെന്നും ചാണ്ടി ഉമ്മൻ പറയുന്നു.
അതേസമയം, എൽഡിഎഫ് സർക്കാർ പുതുപ്പള്ളിയുടെ വികസനം തടസ്സപ്പെടുത്തുന്നു എന്ന ചാണ്ടി ഉമ്മന്റെ വാദം അടിസ്ഥാനരഹിതമാണെന്നാണ് സിപിഎം കോട്ടയം ജില്ല സെക്രട്ടറി ടി.ആർ. രഘുനാഥൻ പറയുന്നത്. കേരളം മൊത്തമായി വികസിക്കുമ്പോൾ അതിൽനിന്ന് പുതുപ്പള്ളിയെ മാത്രമായി മാറ്റിനിർത്താൻ സർക്കാറിനാവില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും ധനമന്ത്രിയുമൊക്കെയായിരുന്ന കാലത്തും പുതുപ്പള്ളി മണ്ഡലത്തിന്‍റെ വികസനത്തിൽ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോൾ ചാണ്ടി ഉമ്മനും അതേ വഴിയിലാണ്. പദ്ധതിയുണ്ടാക്കി അതിനായി ജനപ്രതിനിധി അധ്വാനിക്കുമ്പോഴാണ് നാട്ടിൽ വികസനമുണ്ടാവുക. തൊട്ടടുത്ത ഏറ്റുമാനൂരിലും കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശ്ശേരിയിലുമൊക്കെ അത് നടക്കുമ്പോൾ പുതുപ്പള്ളിയിൽ വികസനമില്ലെങ്കിൽ അതിനായി അധ്വാനിക്കാൻ ജനപ്രതിനിധി തയാറാവുന്നില്ല എന്നാണ് അർഥമെന്നും രഘുനാഥൻ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications