അമേരിക്കയിലെ പിടികിട്ടാപ്പുള്ളി തിരുവനന്തപുരത്ത് ഹോംസ്‌റ്റേയില്‍ സുഖവാസത്തില്‍; പിടികൂടി കേരള പൊലീസ്
തിരുവനന്തപുരം: അമേരിക്ക തിരയുന്ന അന്താരാഷ്ട്ര കുറ്റവാളിയെ തിരുവനന്തപുരത്ത് ഹോം സ്റ്റേയില്‍ നിന്ന് പിടികൂടി. ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച ക്രിപ്റ്റോകറന്‍സി തട്ടിപ്പുകാരന്‍ അലക്‌സെജ് ബെസിയോകോവ് (46) ആണ് കേരള പൊലീസിന്റെ പിടിയിലായത്. വര്‍ക്കല കുരക്കണ്ണിയിലെ ഹോം സ്റ്റേയില്‍ താമസിക്കുകയായിരുന്ന പ്രതിയെ സിബിഐയുടെ നിര്‍ദേശപ്രകാരം പൊലീസ് പിടികൂടുകയായിരുന്നു.
ലിത്വാനിയന്‍ പൗരനായ അലക്‌സെജ് ബെസിയോകോവ് അമേരിക്കയിലെ സാമ്പത്തിക കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ്. യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് അലക്‌സെജിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സൈബര്‍ ആക്രമണം, കമ്പ്യൂട്ടര്‍ ഹാക്കിങ്, മയക്കുമരുന്ന് ഇടപാട് എന്നീ കുറ്റകൃത്യങ്ങളില്‍ അമേരിക്കയില്‍ വിവിധ സ്ഥലങ്ങളിലായി ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

കുടുംബത്തിനൊപ്പമാണ് ഇയാള്‍ വര്‍ക്കലയിലെ ഹോം സ്റ്റേയില്‍ കഴിഞ്ഞിരുന്നത്. വിദേശത്തേക്കു രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതിനിടെയാണ് കേരള പൊലീസിന്റെ പിടിയിലായത്. അലക്‌സെജ് ഇവിടെ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
അമേരിക്ക സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്ന് മാര്‍ച്ച് പത്തിന് പ്രതിക്കെതിരെ ഡല്‍ഹിയിലെ പാട്ട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയവും കേസില്‍ ഇടപെട്ടിരുന്നു. പ്രതിയെ വൈകാതെ പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കുമെന്ന് വര്‍ക്കല ഡിഎസ്പി ബി ഗോപകുമാര്‍ അറിയിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ പ്രതിയെ ട്രെയിന്‍ മാര്‍ഗം ഡല്‍ഹിയിലേക്കു കൊണ്ടുപോകും. ഇന്ത്യയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം അമേരിക്കയ്ക്കു കൈമാറും. അമേരിക്കയില്‍ 20 വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രണ്ടു പേര്‍ക്കെതിരെയും ചുമത്തിയിട്ടുള്ളത്.
ഗാരന്റക്സ് എന്ന ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചിന്റെ സഹസ്ഥാപകരില്‍ ഒരാളാണ് അലക്സെജ് ബെസിയോകോവ്. അമേരിക്ക സ്ഥാപനത്തിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങള്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും കള്ളപ്പണം വെളുപ്പിക്കാന്‍ ഇയാള്‍ സഹായം നല്‍കിയിട്ടുണ്ട്. അലക്സെജിനൊപ്പം ഗാരന്റക്സിന്റെ സഹസ്ഥാപകരിലൊരാളായ അലക്സാണ്ടര്‍ മിറ സെര്‍ദ എന്ന റഷ്യന്‍ പൗരനെതിരേയും സമാനമായ കുറ്റത്തിന് യുഎസ്. ഏജന്‍സികള്‍ കേസെടുത്തിരുന്നു. ഇയാള്‍ യു.എ.ഇ.യിലാണെന്നാണ് വിവരം.
2019 മുതല്‍ 2025 വരെയുള്ള കാലയളവില്‍ പ്രവര്‍ത്തിച്ചിരുന്ന ഗാരന്റക്സ് നടത്തിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ കോടിക്കണക്കിന് ഡോളര്‍ വരുമാനമാണ് അലക്സെജിനു ലഭിച്ചുകൊണ്ടിരുന്നത്. ഈ കാലയളവില്‍ ഗാരന്റക്സ് 96 ബില്യന്‍ ഡോളറിന്റെ ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.
ഹാക്കിങ്, തീവ്രവാദം, മയക്കുമരുന്ന് കടത്ത് എന്നിവയുള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങള്‍ക്കാണ് ഇയാള്‍ സഹായം നല്‍കിയിരുന്നത്. ഒരാഴ്ച മുന്‍പ് ഗാരന്റക്സ് ക്രിപ്റ്റോ എക്സ്ചേഞ്ചിന്റെ 26 മില്യണ്‍ ഡോളര്‍ വിലവരുന്ന സ്വത്ത് അമേരിക്കന്‍ ഏജന്‍സികള്‍ മരവിപ്പിച്ചിരുന്നു. ഗാരന്റക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ പിന്തുണയ്ക്കുന്ന സെര്‍വറുകള്‍ ജര്‍മനി, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നടത്തിയ റെയ്ഡിലൂടെ പിടിച്ചെടുത്തിരുന്നു.












Click it and Unblock the Notifications