വിദേശ വനിതയുടെ വധം: കോവളത്ത് പ്രതികളുമായി തെളിവെടുപ്പ്, നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് ഉമേഷ്
തിരുവനന്തപുരം: വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഉമേഷിനെയും ഉദയനെയും പനത്തുറയിലെ വീട്ടിലും മൃതദേഹം കണ്ടെത്തിയ കണ്ടൽക്കാട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ഉമേഷിന്റെ വീട്ടിൽ നിന്ന് കൃത്യം നടത്തിയ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തു. വ്യാഴാഴ്ച രാവിലെ പത്തരയോടെ ഒന്നാം പ്രതിയായ ഉമേഷിനെയും വൈകിട്ട് മൂന്നോടെ രണ്ടാം പ്രതിയായ ഉദയനെയും പനത്തുറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

രാവിലെ ഒരു മണിക്കൂറോളം നീണ്ട തെളിവെടുപ്പിൽ ഉമേഷിന്റെ വീട്ടിൽ നിന്ന് കൃത്യം നടത്തിയ ദിവസം ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തു. വീടിനുള്ളിൽ ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെയാണ് പരിശോധന നടന്നത്. ഇവിടെ പ്രതിയുടെ ബന്ധുക്കൾ പ്രതിഷേധിച്ചു. താൻ നിരപരാധിയാണെന്ന് ഉമേഷ് ഉറക്കെ വിളിച്ചുപറഞ്ഞു. വാർഡ് കൗൺസിലറുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വീട്ടിൽ തെളിവെടുപ്പ് നടത്തിയത്.

തുടർന്ന് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ കണ്ടൽക്കാട്ടിൽ പ്രതിയെ എത്തിച്ചു. യുവതിയുടെ ചെരിപ്പും അടിവസ്ത്രവും കായലിൽ ഉപേക്ഷിച്ചു എന്ന ഉമേഷ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കായലിലും പരിസരത്തും തെരച്ചിൽ നടത്തി. ഇവ കണ്ടെത്താൻ മുങ്ങൽ വിദഗ്ദരുടെ ഉൾപ്പെടെ സഹായത്തോടെ തെരച്ചിൽ നടത്തി. തെളിവെടുപ്പിനെത്തിച്ച മുഖ്യ പ്രതി ഉമേഷിനെ കാണാൻ കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭർത്താവ് ആൻഡ്രുവും രാവിലെയോടെ സ്ഥലത്ത് എത്തിയിരുന്നു.
പ്രതികളെ എത്തിക്കുന്നതറിഞ്ഞ് വാഴമുട്ടത്തും കണ്ടൽക്കാട് പരിസരത്തും നാട്ടുകാർ തടിച്ചുകൂടിയിരുന്നു. വിദേശ വനിത കൊല്ലപ്പെട്ട കേസിൽ അന്വേഷണവും തെളിവെടുപ്പും പൂർത്തിയാകും വരെ പനത്തുറയിലെ കണ്ടൽകാട് ഇതേപടി സംരക്ഷിക്കും. തെളിവെടുപ്പ് പൂർത്തിയായാൽ ഇവിടം മതിൽകെട്ടി സംരക്ഷിക്കാൻ സ്ഥലം ഉടമയോട് നിർദേശിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നാലുവശവും തുറന്ന് കിടക്കുന്ന ഇവിടെ മദ്യപാനികളുടെയും ലഹരിക്കാരുടെയും താവളമായിരുന്നു. വിദേശ വനിത കൊല്ലപ്പെട്ടതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പൊലീസ് ശ്രമം. അന്വേഷണ ഉദ്യോഗസ്ഥരായ ഫോർട്ട് എസി ദിനിൽ, കന്റോൺമെന്റ് എ സി സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതികളെ 17 ന് വീണ്ടും കോടതിയിൽ ഹാജരാക്കും.












Click it and Unblock the Notifications