വനംമന്ത്രിയുടെ വാഹനം തടഞ്ഞു, കാറിന് മുകളിൽ കയറി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസുകാർ
ആറളത്ത് ദമ്പതിമാരെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നു. ശാശ്വത പരിഹാരം ഉണ്ടാകാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. ഇവർ മൃതദേഹവുമായി എത്തിയ ആംബുലൻസ് തടഞ്ഞു. റോഡ് ഉപരോധിച്ച് വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധം അവസാനിപ്പിക്കാനായി ജില്ലാ കളക്ടർ അരുൺ കെ വിജയനും എസ് പിയും നാട്ടുകാരുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടു. മന്ത്രി എത്തി നേരിട്ട് പ്രശ്ന പരിഹാരം സാധ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

അതിനിടയിൽ ആറളം പഞ്ചായത്ത് ഓഫീസിൽ സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കാനായി എത്തിയ വനംമന്ത്രി എ കെ ശശീന്ദ്രന്റെ വാഹനം യൂത്ത് കോൺഗ്രസുകാർ തടഞ്ഞു. ഏടൂരിൽ വെച്ച് ഇവർ മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി വീശി. മന്ത്രിയുടെ വാഹനത്തിന്റെ ബോണറ്റിൽ കയറിയും യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചു.
ഓഫീസിലേക്ക് വാഹനം കടക്കുന്നതിനിടെയാണ് യൂത്തുകോൺഗ്രസുകാർ വാഹനം തടഞ്ഞത്. തുടർന്ന് കാറിന് മുകളിൽ കയറുകയായിരുന്നു. ഇതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെയാണ് മന്ത്രിക്ക് പഞ്ചായത്ത് ഓഫീസിലേക്ക് കടക്കാനായത്. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. മൃതദേഹവുമായി എത്തിയ ആംബുലൻസിനൊപ്പം വന്ന സി പി എം നേതാക്കളായ എംവി ജയരാജനേയും പിന്നീട് ഇവിടെ എത്തിയ കെ പി സി സി അധ്യക്ഷൻ കെ സുധാകരനേയും നാട്ടുകാർ തടഞ്ഞു. ശക്തമായ നടപടി കൈക്കൊള്ളാതെ പിരിഞ്ഞ് പോകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രദേശത്തുകാർ.
അതേസമയം കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ആകെ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ആദ്യഗഡുവായ 10 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ വിതരണം ചെയ്യാനും ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു.രാൾക്ക് 10 ലക്ഷം രൂപ വീതമാണ് വനം വകുപ്പിന്റെ നഷ്ടപരിഹാരം. ഇതിൽ അഞ്ച് ലക്ഷം രൂപ വീതമാണ് ആദ്യഗഡുവായി നൽകുക. അവസാന ഗഡുവും വൈകാതെ നൽകും.
അതിനിടെ മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതല യോഗം വിളിച്ചു. വനം, ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി,റവന്യൂ, ആരോഗ്യം, ജലസേചനം വകുപ്പ് മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി, വനം, ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, ആഭ്യന്തരം, ജലസേചനം, റവന്യൂ വകുപ്പ് സെക്രട്ടറിമാർ, വനം - വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി എന്നിവരും പങ്കെടുക്കും.മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ യോഗം അവലോകനം ചെയ്യും.












Click it and Unblock the Notifications