വ്യാജരേഖ കേസ്: 'വിദ്യയെ ചോദ്യം ചെയ്യണം'; മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പൊലീസ്
പാലക്കാട്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ നിര്‍മിച്ച കേസില്‍ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പൊലീസ്. ഹൈക്കോടതിയില്‍ അഗളി പൊലീസാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിദ്യ വ്യാജരേഖ ചമച്ചെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമാണ് പൊലീസ് കോടതിയോട് പറഞ്ഞത്. ജൂണ്‍ 20 ന് വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് നടപടി.
വിദ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. കേസില്‍ താന്‍ നിരപരാധിയാണ് എന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കള്ളക്കേസാണെന്നും ചൂണ്ടിക്കാട്ടി വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. അതേസമയം കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടാഴ്ചയോട് അടുക്കുമ്പോഴും വിദ്യയെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ കെ വിദ്യ ഒളിവില്‍ തുടരുകയാണ്. അതേസമയം ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായത്തോടെയാണ് വിദ്യ ഒളിവില്‍ കഴിയുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതിനിടെ തൃശൂര്‍ കൊളേജിയറ്റ് എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറും സംഘവും ഇന്ന് പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ഗവണ്‍മെന്റ് കോളേജില്‍ പരിശോധന നടത്തി.
വിദ്യ ഇവിടെ അഭിമുഖത്തിന് എത്തിയപ്പോള്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാനായിരുന്നു സംഘമെത്തിയത്. ജോലി നേടാനായി മഹാരാജാസ് കോളേജിന്റെ ഒപ്പും സീലും ഉപയോഗിച്ച് വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയായിരുന്നു വിദ്യ. മഹാരാജാസ് കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥിയായ വിദ്യ പഠനകാലത്ത് സജീവ എസ് എഫ് ഐ പ്രവര്‍ത്തകയായിരുന്നു.
ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ് വിദ്യയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. മഹാരാജാസ് കോളേജിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അഗളി പൊലീസിന് കൈമാറിയിട്ടുണ്ട്. 2018 - 2021 കാലത്ത് മഹാരാജാസ് കോളേജില്‍ ഗസ്റ്റ് ലക്ചററായി പ്രവര്‍ത്തിച്ചിരുന്നു എന്ന വ്യാജ സര്‍ട്ടിഫിക്കറ്റാണ് അട്ടപ്പാടി സര്‍ക്കാര്‍ കോളേജില്‍ മലയാളം വകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ അഭിമുഖത്തിനായി വിദ്യ ഹാജരാക്കിയത്.
സംശയം തോന്നിയ കോളേജ് അധികൃതര്‍ മഹാരാജാസ് കോളേജില്‍ വിവരമറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. അതേസമയം വിദ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ തടസ ഹര്‍ജി നല്‍കിയേക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.












Click it and Unblock the Notifications