ഈ വർഷം സ്വർണം മറക്കാം! സ്വർണവില ഇപ്പോൾ കുറയുന്നത് കണ്ട് ആരും കൊതിക്കേണ്ട, സാമ്പത്തിക വിദഗ്ധർ പറയുന്നത്
സംസ്ഥാനത്ത് സ്വർണം പവന് 1,13,240 രൂപയാണ് ഇന്നത്തെ വില. പവന് 3680 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇടയ്ക്കിടെയുളള ഈ വിലക്കുറവ് ഒരു ട്രെൻഡ് ആയി കണക്കാക്കാൻ സാധിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. സ്വർണവില വലിയ തോതിൽ ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധന്‍ ഡോ. കെ ശാന്തകുമാര്‍ സീ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
ഡോ. കെ ശാന്തകുമാര്‍ പറയുന്നു: '' സ്വര്‍ണവിലയില്‍ ഈ ആഴ്ച വളരെ വലിയ വര്‍ധനവാണ് കണ്ടത്. അതിനിടെ ഇടിവും കണ്ടു. അത് സ്വര്‍ണവില ഇടിയുന്ന ട്രെന്‍ഡായി കാണാനാകില്ല. ആളുകള്‍ പ്രോഫിറ്റ് ബുക്കിംഗ് ചെയ്യുന്നത് കൊണ്ടാണ് വില കുറയുന്നത്. ട്രംപ് പുതിയ ഫെഡറല്‍ ചീഫിനെ നിയോഗിച്ചതൊക്കെ അതിന് കാരണമാണ്. ഇറാനും അമേരിക്കയും തമ്മിലുളള പ്രശ്‌നവും കാരണമാണ്. ഡോളറിലുളള വിശ്വാസം നഷ്ടപ്പെട്ട് ചൈനയെ പോലുളള രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും ഒരു കാരണമാണ്.
സ്വര്‍ണ വില ഇനി പെട്ടെന്ന് കുറയാന്‍ സാധ്യത ഇല്ല. വില കൂടുകയേ ഉളളൂ. ഡോളറിനെതിരെ രൂപ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. അതും സ്വര്‍ണവില കൂടാന്‍ കാരണമാണ്. അമേരിക്കയിലേക്കുളള കയറ്റുമതിച്ചുങ്കം കുറച്ചതിന്റെ പ്രതിഫലനം എത്ര വേഗത്തിലുണ്ടാകും എന്ന് പറയാനാകില്ല. സ്വര്‍ണവിലയെ അത് ഇപ്പോള്‍ ബാധിക്കില്ല. രൂപ ശക്തിപ്പെടണം, ഇവിടുത്തെ സാമ്പത്തിക രംഗം ശക്തിപ്പെടണം, എങ്കിലേ സ്വര്‍ണവില കുറയൂ.

ലോകബാങ്ക് പറയുന്നത് സ്വര്‍ണവില അതിന്റെ മാക്‌സിമത്തില്‍ എത്തിക്കഴിഞ്ഞുവെന്നും ഇനി താഴേക്ക് പോകുമെന്നുമാണ്. എന്നാല്‍ ബാക്കിയുളള സംവിധാനങ്ങളൊക്കെ പറയുന്നത് വില കൂടുമെന്നത് തന്നെയാണ്. ഈ വര്‍ഷം കൂടിയും സ്വര്‍ണ വില ഉയര്‍ന്ന് തന്നെ നില്‍ക്കാനാണ് സാധ്യത. അമേരിക്കയില്‍ ഒരു തിരഞ്ഞെടുപ്പ് വന്ന് ട്രംപിന് തിരിച്ചടിയൊക്കെ നേരിട്ടാല്‍ മാത്രമേ വിലയില്‍ മാറ്റമുണ്ടാകാന്‍ സാധ്യത ഉളളൂ.
സ്വര്‍ണം ഇപ്പോഴൊരു നിക്ഷേപം എന്ന രീതിയിലേക്ക് വലുതായി മാറുകയാണ്. അല്ലെങ്കില്‍ സ്വര്‍ണത്തിനോട് ഒരു വൈകാരിക ബന്ധം ആയിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്നാല് മാസമായി സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പനയില്‍ 24 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. ആളുകള്‍ സ്വര്‍ണം വാങ്ങുന്നത് ഒരു നിക്ഷേപം എന്ന നിലയ്ക്കാണ്. കഴിഞ്ഞ ഒരു സാമ്പത്തിക വര്‍ഷത്തില്‍ മുത്തൂറ്റ് പോലുളള സ്ഥാപനങ്ങള്‍ക്ക് 80 ശതമാനമാണ് വളര്‍ച്ചയുണ്ടായിരിക്കുന്നത്. ആളുകള്‍ സ്വര്‍ണം പണയം വെച്ച് പണമാക്കി ഒരുപാട് കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു.
സ്വര്‍ണവിലയെ നിയന്ത്രിക്കുന്നത് അന്താരാഷ്ട്ര മാര്‍ക്കറ്റാണ്. അതില്‍ ബജറ്റിന് കാര്യമായി ഒന്നും തന്നെ ചെയ്യാനില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ ഒരുപാട് സ്വര്‍ണം വാങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഡോളര്‍ വിട്ട് ആളുകളും രാജ്യങ്ങളും സ്വര്‍ണത്തിലേക്ക് മാറുകയാണ്''.












Click it and Unblock the Notifications