കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇടതുസര്‍ക്കാര്‍ ഉള്ളില്‍ സന്തോഷിക്കുകയാണ്, ഹാലിളകുന്നവര്‍ അധിക നികുതിയെങ്കിലും വേണ്ടെന്നു വയ്ക്കണം'

Google Oneindia Malayalam News

തിരുവനന്തപുരം: പെട്രോളിന് 24.69 രൂപയും ഡീസലിന് 26.10 രൂപയും മാത്രം അടിസ്ഥാന വിലയുള്ളപ്പോള്‍ അവയ്ക്ക് യഥാക്രമം 51.55 രൂപയും 46.19 രൂപയും നികുതി ചുമത്തി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വന്‍കൊള്ള നടത്തുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനജീവിതത്തെ സാരമായി ബാധിക്കുന്ന പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് ഇരട്ടി നികുതി ചുമത്തുന്ന അപൂര്‍വ രാജ്യമാണ് ഇന്ത്യ. കോവിഡ് കാലത്ത് ജനങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ അവരെ സഹായിക്കുന്നതിനു പകരം കണ്ണില്‍ച്ചോരയില്ലാതെ പിഴിയുന്നതിനെതിരേ കോണ്‍ഗ്രസ് ജൂണ്‍ 29ന് ദേശീയ പ്രക്ഷോഭം നടത്തുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

oommen chandy

Recommended Video

cmsvideo
Fuel prices hiked for 19th day, diesel remains higher than petrol in Delhi | Oneindia Malayalam

ഈ മാസം 18 ദിവസം തുടര്‍ച്ചയായി വില കേറ്റി ഡീസലിന് പത്തുരൂപയും പെട്രോള്‍ എട്ടരരൂപയുമാണ് കൂട്ടിയത്. ഒരു മാസം ഇത്രയധികം വില കൂട്ടുന്നത് ചരിത്രത്തില്‍ ഇതാദ്യമാണ്. പെട്രോള്‍ വിലയ്ക്ക് അടുത്ത് ഡീസല്‍ വിലയെത്തിക്കുക എന്ന ലക്ഷ്യവും കൈവരിക്കുന്നു. ഡല്‍ഹിയില്‍ ഡീസലിന് പെട്രോളനേക്കാള്‍ വിലയായി. ചരക്ക്-ഗതാഗത വാഹനങ്ങളെല്ലാം തന്നെ ഡീസല്‍ അധിഷ്ഠിതമായതിനാല്‍ ഗുരുതരമായ പ്രത്യാഘാതമാണ് കാത്തിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 19.9 ഡോളറായി കുത്തനേ ഇടിഞ്ഞിരുന്നു. അപ്പോള്‍ കേന്ദ്രം റോഡ്സെസും എക്സൈസ് തീരുവയുമായി പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും ഒറ്റയടിക്കു വര്‍ധിപ്പിച്ചു. അതോടെ അന്താരാഷ്ട്ര വിപണയിലെ വിലയിടിവിന്റെ പ്രയോജനം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭിച്ചില്ല. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയുടെ അടിസ്ഥാനത്തിലുള്ള ദൈനംദിന വില നിര്‍ണയമില്ല. അസംസ്‌കൃത എണ്ണയുടെ വില മെല്ലെ കൂടുമ്പോള്‍ ദൈനംദിന വിലനിര്‍ണയത്തിന്റ പേരു പറഞ്ഞ് പെട്രോള്‍/ ഡീസല്‍ വില വന്‍തോതില്‍ കൂട്ടുകയാണു ചെയ്യുന്നത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 112 ഡോളറായിരുന്നു. അന്ന് പെട്രോള്‍ വില 74.33 രൂപയും ഡീസല്‍ വില 60.77 രൂപയും. ഇപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില 40 ഡോളര്‍. എന്നാല്‍ പെട്രോള്‍ വില ഇപ്പോള്‍ 80 രൂപ കടന്നു. ഡീസല്‍ വില അതിനോട് അടുത്തെത്തി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ എക്സൈസ് നികുതി വെറും 9.48 രൂപയായിരുന്നത് ഇപ്പോള്‍ 32.98 രൂപയാണ്. ഡീസലിന് അന്ന് 3.65 രൂപയായിരുന്നത് ഇപ്പോള്‍ 31.83 രൂപയായി. എക്സൈസ് നികുതിയില്‍ പെട്രോളിന് മൂന്നര മടങ്ങും ഡീസലിന് 9 മടങ്ങും വര്‍ധന! ഇതാണ് പകല്‍ക്കൊള്ള.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് എക്സൈസ് നികുതി ഇനത്തില്‍ ലഭിച്ചിരുന്നത് ഒരു വര്‍ഷം 77,982 കോടി രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മൂന്നു ലക്ഷം കോടി രൂപയാണ്. കേന്ദ്രസര്‍ക്കാര്‍ കോവിഡ് പാക്കേജായി പ്രഖ്യാപിച്ച 20 ലക്ഷം കോടിയില്‍ ജനങ്ങള്‍ക്ക് നേരിട്ടു കിട്ടുന്നത് വെറും 3.2 ലക്ഷം കോടി രൂപയാണ്. ബാക്കിയുള്ളത് ബാങ്ക് വായ്പകളും മറ്റുമാണ്. ജനങ്ങള്‍ക്കു കോവിഡ് ധനസഹായത്തിനാണ് പെട്രോളിയം ഉല്പന്നങ്ങളുടെ വില കുത്തനെ കയറ്റുന്നതെന്ന് കേന്ദ്രം ന്യായീകരിക്കുമ്പോള്‍ അവര്‍ നല്കുന്ന തുക ഒരു വര്‍ഷംകൊണ്ടു തന്നെ തിരികെ കിട്ടുന്നുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ പെട്രോള്‍ കൊള്ളയ്ക്കെതിരേ പ്രതിഷേധിക്കുന്ന ഇടതുസര്‍ക്കാര്‍ ഉള്ളില്‍ സന്തോഷിക്കുകയാണ്. പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് വില കൂടുന്നതിന് ആനുപാതികമായി സംസ്ഥാനത്തിന് അധിക നികുതി ലഭിക്കുന്നു. ഇത് ഉപേക്ഷിക്കാന്‍ പറ്റില്ലെന്ന് സംസ്ഥാന ധനമന്ത്രി വ്യക്തമാക്കുകയും ചെയ്തു. സംസ്ഥാന നികുതി നിലവില്‍ പെട്രോളിന് 17.39 രൂപയും ഡീസലിന് 14.36 രൂപയുമാണ്. പെട്രോള്‍/ ഡീസല്‍ വിലവര്‍ധനവിലൂടെ സംസ്ഥാന സര്‍ക്കാര്‍ 2052 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. കേന്ദ്രനികുതിക്കെതിരേ ഹാലിളകുന്നവര്‍ വര്‍ധിപ്പിച്ച വിലയുടെ അധിക നികുതിയെങ്കിലും വേണ്ടെന്നു വയ്ക്കണം.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2008ല്‍ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്തിയിട്ടുണ്ട്. 1,25,000 കോടി രൂപ സബ്സിഡി നല്കിയാണ് പെട്രോള്‍ വില യുപിഎ സര്‍ക്കാര്‍ നിയന്ത്രിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ നികുതി 4 തവണ വേണ്ടെന്നു വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് കേരളത്തിലെ ജനങ്ങള്‍ക്കു നല്കിയത്.

English summary
Former CM Oommen Chandy criticizes state and central government on fuel price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X