ഉമ്മന്‍ചാണ്ടി വിദഗ്ദ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക്; യാത്ര പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ദ ചികിത്സയ്ക്കായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ന്യൂമോണിയ ഭേദമായ സാഹചര്യത്തിലാണ് തിരുവനന്തപുരം ആശുപത്രിയില്‍ നിന്ന് ബംഗളൂരുവിലേക്ക് എത്തിച്ചത്. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് ബംഗളൂരു യാത്ര.
കഴിഞ്ഞ തിങ്കളാഴ്ചാണ് ഉമ്മന്‍ചാണ്ടിയെ ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ന്യൂമോണിയ ഭേദമായെങ്കിലും ശാരീരിക അവശതകള്‍ തുടരുകയാണ്. പാര്‍ട്ടിയുടെ ചെലവിലാണ് ഉമ്മന്‍ചാണ്ടി ബംഗളൂരുവിലേക്ക് മാറ്റിയത്. മുഴുവന്‍ ചെലവും എ ഐ സി സി വഹിക്കും. ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കയില്‍ എഐസിസി അധ്യക്ഷന്റെ നിര്‍ദ്ദേശപ്രകാരം ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയിലെത്തി കണ്ടു.
അതേസമയം, ഉമ്മന്‍ചാണ്ടിക്ക് ഭാര്യയും മകനും മൂത്തമകളും ചികിത്സ നിഷേധിക്കുന്നെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി ഉമ്മന്‍ചാണ്ടിയും കുടുംബവും രംഗത്തെത്തിയിരുന്നു. എന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളില്‍ നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഏറെ ഖേദം ഉണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് എന്റെ കുടുംബവും, പാര്‍ട്ടിയും, ചികിത്സയുമായി മുന്നോട്ട് പോകുന്നത്. എന്റെ രോഗവും ചികിത്സയും സംബന്ധിച്ച് എനിക്കും കുടുംബത്തിനും വ്യക്തമായ ബോധ്യമുണ്ട്. അതുകൊണ്ട്, ഒരാള്‍ക്കെതിരെയും നടത്താന്‍ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചരണം അവസാനിപ്പിക്കണമെന്ന് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോള്‍ നടക്കുന്ന ദുഷ്പ്രചരണം എനിക്കും കുടുംബാംഗങ്ങള്‍ക്കും വലിയ മാനസിക പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഞാനിപ്പോഴും കര്‍മ്മമണ്ഡലത്തില്‍ തന്നെ സജീവമായി ഉണ്ട്.
മരുന്ന് കഴിക്കുന്നതിന്റെ ക്ഷീണം എന്റെ ശരീരത്തെ അലട്ടുന്നുണ്ട്. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ലോകത്തിലെ മികച്ച വൈദ്യശാസ്ത്രത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് എന്റെ ചികിത്സ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ഇതിന് പിന്നില്‍ അറിഞ്ഞോ, അറിയാതെയോ ഇടപെട്ടിട്ടുള്ളവര്‍ ഇനിയെങ്കിലും ഇത്തരം പ്രചരണങ്ങളില്‍ നിന്നും പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.












Click it and Unblock the Notifications