പത്തനംതിട്ടയില്‍ നവകേരള സദസ്സില്‍ പങ്കെടുത്ത് മുന്‍ ഡിസിസി അധ്യക്ഷനും ജനറൽ സെക്രട്ടറിയും
പത്തനംതിട്ട: നവകേരള സദസ്സില്‍ പങ്കെടുത്ത് പത്തനംതിട്ടയിലെ കോണ്‍ഗ്രസ് നേതാക്കള്‍. കോൺഗ്രസ് മുൻ ഡി സി സി അധ്യക്ഷൻ ബാബു ജോർജും ഡി സി സി ജനറൽ സെക്രട്ടറിയായിരുന്ന സജി ചാക്കോയും ഉള്‍പ്പെടേയുള്ളവരുടെ നവകേരള സദസ്സിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുത്തത്. നവകേരള സദസിൽ പങ്കെടുക്കുന്നത് അഭിമാനമാണെന്ന് ഇരുവരും പ്രതികരിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളെ തെറ്റിദ്ധരിപ്പിച്ചു വഴിയിൽ ഇറക്കുകയല്ല നേതാക്കൾ ചെയ്യേണ്ടത്. ജനങ്ങളുടെ പരാതികൾ കേൾക്കുന്നത് നല്ല കാര്യമെന്നും നേതാക്കള്‍ കൂട്ടിച്ചേർത്തു.
സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് കോണ്‍ഗ്രസില്‍ നിന്നും നടപടി നേരിട്ട നേതാക്കളാണ് ഇരുവരും.കോണ്‍ഗ്രസിന്റെ സംഘടന ചുമതലകളിലേക്ക് ഇരുവരും തിരിച്ച് വരുന്നതിന്റെ ഭാഗമായ ചർച്ചകള്‍ നടന്ന് വരുന്നതിന് ഇടയിലാണ് ബാബു ജോർജും സജി ചാക്കോയും നവകേരള സദസ്സിന്റെ ഭാഗമാകുന്നത്. സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കമുള്ള നേതാക്കള്‍ ഇരുവരേയും സ്വാഗതം ചെയ്തു.

രാവിലെ ഒന്‍പതിന് സമൂഹത്തിന്റെ വിവിധ മേഖലകളിലെ വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കുന്ന പ്രഭാതയോഗം പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തിലാണ് നടന്നത്. നവകേരള സൃഷ്ടിക്കായി അഥിതികള്‍ മുന്നോട്ടു വയ്ക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേട്ടശേഷം മുഖ്യമന്ത്രി മറുപടി നല്‍കി. വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിശിഷ്ട വ്യക്തികളുമായി അതതു മന്ത്രിമാരും ആശയവിനിമയം നടത്തി.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ആറന്മുള മണ്ഡലത്തിന്റെ ബഹുജനസദസ്സ് രാവിലെ 11-ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് റാന്നി മാര്‍ സേവിയസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ റാന്നി മണ്ഡലത്തിലെയും നാലിനു കോന്നി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ കോന്നി മണ്ഡലത്തിലെയും വൈകിട്ട് ആറിന് അടൂര്‍ വൈദ്യന്‍സ് ഗ്രൗണ്ടില്‍ അടൂര്‍ മണ്ഡലത്തിലെയും സദസ്സ് നടക്കും. ജില്ലയിലെ പരിപാടി അവസാനിച്ച ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും രാത്രി കൊട്ടാരക്കരയിലേക്ക് പോകും.
അതേസമയം, നവകേരളസദസ്സില്‍ തിരുവല്ല മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് 4840 നിവേദനങ്ങള്‍. 20 കൗണ്ടറുകളാണ് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ വേദിക്ക് സമീപം ഒരുക്കിയത്. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് രണ്ട് കൗണ്ടറുകള്‍ വീതമാണ് ഒരുക്കിയത്. നിവേദനം സ്വീകരിക്കുന്നതിനായി പ്രത്യേകം പരിശീലനം നല്‍കിയാണ് ഉദ്യോഗസ്ഥരെ നിയമിച്ചത്. തിരുവല്ല എസ് സി എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉച്ചകഴിഞ്ഞ് 2.30 മുതല്‍ കൗണ്ടറുകളും ഹെല്‍പ് ഡെസ്‌ക്കുകളും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ലഭിച്ച നിവേദനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കും.












Click it and Unblock the Notifications