സാധാ ടിടിആർ, പക്ഷെ അടുത്ത് അറിഞ്ഞപ്പോള്‍ കായികതാരങ്ങള്‍ ഞെട്ടി; ജിജോ, അഥവാ ജംപിങ് പിറ്റ് അടക്കി ഭരിച്ച പ്രതിഭ
കോഴിക്കോട് നിന്നും നിസാമുദ്ധീനിലേക്കുള്ള ട്രെയിന്‍ പുറപ്പെട്ട് ഏതാനും സമയം കഴിഞ്ഞപ്പോഴാണ് നാലോളം പെണ്‍കുട്ടികളും കൂട്ടത്തിലെ ഒരു കുട്ടിയുടെ സഹോദരനും അടുത്ത സീറ്റില്‍ വന്നിരിക്കുന്നത്. സംസാരത്തിനിടയില്‍ അവർ കായിക താരങ്ങളാണെന്നും കോഴിക്കോട് കൃഷ്ണമേനോന്‍ ഇന്‍ഡോർ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന പവർ ലിഫിറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ജേതാക്കളാണെന്നും മനസ്സിലായി.
മത്സരത്തില്‍ ലഭിച്ച മെഡലുകളെല്ലാം അവർ വീഡിയോ കോള്‍ വഴി ബന്ധുക്കളേയും വീട്ടുകാരേയും കാണിക്കുന്നുണ്ട്. ഇതിനിടയിലാണ് ടി ടി ആർ വരുന്നത്. ടിക്കറ്റ് ചെക്ക് ചെയ്യുക എന്നതിന് അപ്പുറത്ത് വിദ്യാർത്ഥികളുമായി ടി ടി ആർ പെട്ടെന്ന് തന്നെ പരിചയത്തിലായി. ഓരോരുത്തരോടും മത്സരത്തെക്കുറിച്ചും അവരുടെ പരിശീലകരെക്കുറിച്ചുമൊക്കെ വിശദമായി തന്നെ ചോദിച്ച് അറിയുന്നുണ്ട്.

അവർ തമ്മിലുള്ള സംഭാഷണം രസകരമായി നീണ്ട് പോകുന്നതിനിടയിലാണ് താന്‍ ആരാണെന്ന സർപ്രൈസ് ടി ടി ആർ പൊട്ടിക്കുന്നത്. ഒരു കാലത്ത് രാജ്യത്തെ ട്രിപ്പിള്‍ ജംപിങ് പിറ്റുകളെ അടക്കി ഭരിക്കുകയും അന്താരാഷ്ട്ര തലത്തില്‍ വരെ രാജ്യത്തിനായി മെഡല്‍ കരസ്ഥമാക്കുകയും ചെയ്ത ജിജോ ബേബി എന്ന പഴയ കായികതാരമാണ് ഇന്നത്തെ പുത്തന്‍ തലമുറ കായിക താരങ്ങള്‍ക്ക് മുമ്പാകെ ടി ടി ആറായി എത്തിയിരിക്കുന്നത്.
സർപ്രൈസ് പുറത്തായതോടെ വിദ്യാർത്ഥികള്‍ക്കും ആവേശമായി. അവർ അദ്ദേഹവുമായി കൂടുതല്‍ വിശേഷങ്ങള്‍ തിരക്കി. കയ്യിലുള്ള മെഡല്‍ കഴുത്തില്‍ അണിഞ്ഞ് അദ്ദേഹത്തിനൊപ്പം ഇരുന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. പോകുമ്പോള്‍ അദ്ദേഹത്തിന്റെ വക എല്ലാവരോടുമായി ഒരു ഉപദേശവും "എന്തൊക്കെ പ്രതിസന്ധി വന്നാലും പരിശീലനം തുടരുക, കഠിന പ്രയത്നം നടത്തുക".
1991 ലെ ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റില്‍ നടത്തിയ പ്രകടനത്തോടെയാണ് ജിജോ ബേബി ശ്രദ്ധേയനാകുന്നത്. 1992 ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ജൂനിയർ മീറ്റിലും 1994 ല്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന സാഫ് മീറ്റിലും അദ്ദേഹം രാജ്യത്തിനായി ട്രിംപ്പില്‍ ജംപില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി. 94 മുതല്‍ 96 വരെ നാഷണല്‍ ഓപ്പണ്‍ അത്ലറ്റിക് മീറ്റില്‍ ജിജോ സ്വർണം മറ്റാർക്കും വിട്ടുകൊടുത്തില്ല.
കോതമംഗലം ഓടക്കല്‍ സ്വദേശിയാണ് ജിജോ ബേബി ആദ്യ ടാറ്റാ സ്റ്റീല്‍ ടീമിലായിരുന്നു എത്തിയത്. പിന്നീട് റെയില്‍ വേയിലേക്കും എത്തുകയായിരുന്നു. നിലവില്‍ പാലക്കാട് റെയില്‍വേ ഡിവിഷന് കീഴിലാണ് ജോലി ചെയ്യുന്നത്.












Click it and Unblock the Notifications