നവീന്‍ ബാബു സത്യസന്ധനെന്ന് മന്ത്രി; ദിവ്യക്കെതിരെ പ്രതിഷേധം, 'ഒരാളെ കൊന്നപ്പോള്‍ സമാധാനം കിട്ടിയോ?'
തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പിപി ദിവ്യയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി റവന്യു മന്ത്രി കെ.രാജന്‍. നവീന്‍ ബാബുവിനെതിരെ മോശപ്പെട്ട ഒരു പരാതിയും തനിക്ക് ലഭിച്ചിട്ടില്ലെന്നും വ്യക്തിപരമായ അറിവ് അനുസരിച്ച്, കഴിവുള്ള സത്യസന്ധനായ ഉദ്യോഗസ്ഥനാണ് നവീന്‍ എന്നും രാജന്‍ വ്യക്തമാക്കി. എല്ലാ ചുമതലകളും ധൈര്യമായി ഏല്‍പ്പിക്കാനാകുന്ന ഉദ്യോഗസ്ഥനാണ് നവീന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയത് അദ്ദേഹത്തിന്റെ തന്നെ ആവശ്യപ്രകാരമായിരുന്നു മന്ത്രി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികള്‍ ആരാണെങ്കിലും പൊതുസമൂഹത്തിലെ ഇടപെടലില്‍ പക്വതയും പൊതുധാരണയും ഉണ്ടാകണം എന്നും രാജന്‍ പറഞ്ഞു. ഇത് സംബന്ധിച്ചും അന്വേഷണം നടക്കും എന്നും നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ എഡിഎം വഴിവിട്ട നീക്കങ്ങള്‍ നടത്തി എന്നും ഇതിന്റെയെല്ലാം തെളിവ് തന്റെ കൈവശമുണ്ടെന്നും ആയിരുന്നു പിപി ദിവ്യ പറഞ്ഞിരുന്നത്. പരിപാടിയില്‍ ക്ഷണിച്ചിരുന്നില്ലെങ്കിലും ദിവ്യ സ്വമേധയാ എത്തുകയായിരുന്നു.
കളക്ടര്‍ കൂടി പങ്കെടുത്ത പരിപാടിയില്‍ വെച്ചായിരുന്നു ദിവ്യയുടെ വിമര്‍ശനം. ദിവ്യയുടെ ആരോപണത്തില്‍ മനംനൊന്ത് നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു എന്നാണ് ആരോപണം. അതേസമയം പിപി ദിവ്യയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ വിമര്‍ശനമാണ് ഉയരുന്നത്. ദിവ്യയുടെ ഫേസ്ബുക്ക് പേജിലും രൂക്ഷമായ തരത്തിലാണ് പലരും വിമര്‍ശനം ഉന്നയിക്കുന്നത്.
ദിവ്യയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നും പലരും ആവശ്യപ്പെടുന്നുണ്ട്. കണ്ണൂരില്‍ കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് നടന്നത്. മനുഷ്യത്വരഹിതമായ നടപടിയാണ് ദിവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി പറഞ്ഞു. ഉദ്യോഗസ്ഥന്‍ അഴിമതി കാണിച്ചതിന് തെളിവുണ്ടെങ്കില്‍ വിജിലന്‍സ് ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണമായിരുന്നു.
അല്ലാതെ പൊതുപരിപാടിയില്‍ എല്ലാവരുടെയും മുന്നില്‍ വച്ച് അപമാനിച്ചത് വ്യക്തിവൈരാഗ്യത്തിന്റെ പേരിലായിരിക്കാം എന്നും റിജില്‍ പറഞ്ഞു. സംഭവത്തില്‍ എന്‍ജിഒ അസോസിയേഷനും ദിവ്യക്കെതിരെ രംഗത്തെത്തി. സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ച് സന്തോഷവാനായി ഇരിക്കുന്ന ഒരാളെ സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് അപമാനിച്ചത് വളരെ മോശം പ്രവൃത്തിയാണ് എന്ന് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് രാജേഷ് ഖന്ന പറഞ്ഞു.












Click it and Unblock the Notifications