യുഡിഎഫില്‍ ഐക്യം കാലുവാരലില്‍ മാത്രം: കേരള കോണ്‍ഗ്രസ് വിട്ട വിക്ടർ ടി തോമസ് ബിജെപിയില്‍ ചേർന്നു
കൊച്ചി: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് വിക്ടർ ടി തോമസ് ബി ജെ പിയില്‍ ചേർന്നു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ബി ജെ പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വിക്ടറിന്റെ ബി ജെ പി പ്രവേശനം. യു ഡി എഫിനെതിരായ വിമർശനം അദ്ദേഹം സ്വീകരണ വേദിയിലും ആവർത്തിച്ചു. യു ഡി എഫില്‍ കാലുവാരുന്നതില്‍ മാത്രമാണ് ഐക്യമുള്ളതെന്നായിരുന്നു വിക്ടർ ടി തോമസിന്റെ ആരോപണം.
പഞ്ചായത്തംഗം പോലും ആവാന്‍ കഴിയാത്തവര്‍ സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹിക്കുകയും തന്നെ കാലുവാരി തോല്‍പ്പിക്കുകയും ചെയ്തു. ഇത് നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. പരാതിപ്പെട്ടാലും ഇക്കാര്യത്തില്‍ യാതൊരു നടപടികളും ഉണ്ടാവാറില്ലെന്നും അഭിപ്രായപ്പെട്ട വിക്ടർ ടി തോമസ് സുശക്തമായ കേന്ദ്രമുണ്ടെങ്കിലേ സംസ്ഥാനങ്ങള്‍ക്ക് സംതൃപ്തമാകാന്‍ കഴിയൂവെന്നും അതിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുശക്തമായ നേതൃത്വം വേണമെന്നും പറഞ്ഞു.

ബി ജെ പിയില്‍ ചേക്കേറുന്നതിന് മുന്നോടിയായി വിക്ടർ ടി തോമസ് കേരള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. യു ഡി എഫ് ജില്ലാ ചെയർമാന്‍ കൂടിയായിരുന്നു വിക്ടർ. കേരള കോണ്‍ഗ്രസ് പാർട്ടിക്കെതിരേയും യു ഡി എഫ് മുന്നണിക്കെതിരേയും രൂക്ഷമായി വിമർശനം ഉന്നയിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി. തിരുവല്ലയില്‍ 2006 ലും 2011 ലും യു ഡി എഫ് നേതാക്കള്‍ തന്നെ കാലുവാരി തോല്‍പ്പിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
20 വർഷമായി കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നു വിക്ടർ. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലും തിരുവല്ല മണ്ഡലത്തില്‍ മത്സരിക്കാന്‍ അദ്ദേഹം വലിയ സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല. അന്ന് മുതല്‍ പാർട്ടിയുമായി അത്ര രസത്തിലായിരുന്നില്ല കെഎസ്‌സി(എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജോണി നെല്ലൂർ രൂപീകരിച്ച എന്‍ പി പിയെന്ന പാർട്ടിയിലേക്ക് വിക്ടർ ടി തോമസ് പോയേക്കുമെന്ന പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ ബി ജെ പിയില്‍ ചേരാനായിരുന്നു വിക്ടർ തോമസിന് താല്‍പര്യം. ഇതോടെയാണ് പാർട്ടി പ്രവേശനം കൂടുതല്‍ വേഗത്തിലായത്. അതേസമയം, എന്‍ പി പിയിലേക്ക് ഉടന്‍ തന്നെ കൂടുതല്‍ നേതാക്കള്‍ എത്തുമെന്നാണ് ജോണി നെല്ലൂർ അവകാശപ്പെടുന്നത്.












Click it and Unblock the Notifications