മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അന്തരിച്ചു
കൊച്ചി: ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അന്തരിച്ചു. 63 വയസായിരുന്നു. കാന്‍സർ രോഗബാധിതനായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരള ഹൈക്കോടതിയിൽ 12 വർഷം ജഡ്ജിയായി സേവനം അനുഷ്ഠിച്ച തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഛത്തീസ്ഗഡ്, തെലങ്കാന/ആന്ധ്ര ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസുമായിരുന്നു, തെലങ്കാനയ്ക്കു പ്രത്യേക ഹൈക്കോടതി രൂപീകരിച്ചപ്പോൾ ആദ്യ ചീഫ് ജസ്റ്റിസ് ആവാനുള്ള നിയോഗവും തോട്ടത്തില്‍ രാധാകൃഷ്ണനായിരുന്നു.
1983 ലാണ് ബി രാധാകൃഷ്ണന്‍ അഭിഭാഷകനായി പ്രവർത്തനം ആരംഭിക്കുന്നത്. 2004 ഒക്ടോബർ 14 നാണ് കേരള ഹൈക്കോടതിയിൽ ജഡ്ജിയായി ചുമതലയേറ്റു. രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായി. കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനായിരുന്നു. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിലും മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങളിലും ദേവസ്വം വിഷയങ്ങളിലും ശ്രദ്ധേയ ഇടപെടൽ നടത്തിയ അദ്ദേഹം ശ്രദ്ധേയമായ നിരവധി കേസുകളില്‍ വിധി പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളക്കെട്ട് പരിഹരിക്കുന്നതില്‍ കൊച്ചി നഗരസഭയുടെ ഭാഗത്ത് വീഴ്ചയുണ്ടായപ്പോള്‍ തന്റെ വീടിന് മുന്നിലെ ഓട വൃത്തിയാക്കാന്‍ തൂമ്പയുമായി നേരിട്ടിറങ്ങി പ്രതികരിച്ചിട്ടുണ്ട് തോട്ടത്തില്‍ രാധാകൃഷ്ണന്‍. അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലും കേസെടുത്ത് ഇടപെടുന്ന ന്യായാധിപന്‍ കൂടിയായിരുന്നു അദ്ദേഹം.
കൊല്ലം തേവള്ളി മരാമത്ത് വീട്ടിൽ എൻ ഭാസ്‌കരൻനായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനാണ്. നിലവിൽ കൊച്ചി എളമക്കര ബിടിഎസ് റോഡിലായിരുന്നു താമസം. കൊല്ലം സെന്റ് ജോസഫ്‌സ് കോൺവന്റ് സ്‌കൂൾ, ഗവ. ബോയ്‌സ് ഹൈസ്കൂൾ, പട്ടത്തെ ആര്യ സെൻട്രൽ സ്കൂൾ, ട്രിനിറ്റി ലൈസിയം ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഉപരിപഠനശേഷം കോളാറിലെ കെജിഎഫ് ലോ കോളേജിൽനിന്ന് നിയമബിരുദം നേടി. ഭാര്യ: മീരസെൻ. മക്കൾ: പാർവതിനായർ, കേശവരാജ്നായർ.












Click it and Unblock the Notifications