കോണ്‍ഗ്രസിലിപ്പോള്‍ നാലോ അഞ്ചോ ഗ്രൂപ്പുകള്‍, നിഴലും വാലുമായി നിന്നവര്‍ നേതാക്കളായി; വിമര്‍ശിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ നാലോ അഞ്ചോ ഗ്രൂപ്പുകളുണ്ട് എന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന്റെ പാര്‍ട്ടി സംവിധാനം താഴെത്തട്ടില്‍ അതീവ ദുര്‍ബലമാണ് എന്നും തദ്ദേശ തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെ കാണണം എന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം എതിരായാല്‍ അണികളില്‍ നിരാശയുണ്ടാക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകാനായിരുന്നു താന്‍ ശ്രമിച്ചത് എന്നനും അതായിരുന്നു തന്റെ ദൗര്‍ബല്യമെന്നും അദ്ദേഹം പറഞ്ഞു. പുനഃസംഘടന ഗുണപരമായ മാറ്റമാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍പ് കോണ്‍ഗ്രസിനകത്ത് രണ്ട് ഗ്രൂപ്പുകളായിരുന്നു എങ്കില്‍ ഇപ്പോള്‍ നാലും അഞ്ചുമായി എന്നും അദ്ദേഹം പറഞ്ഞു.

ഓരോ ഗ്രൂപ്പിലും ഇന്ന് കാണുന്ന നേതാക്കളെയല്ല നാളെ കാണുന്നത് എന്നും കഷ്ടപ്പാടും പ്രയാസവുമൊന്നും അനുഭവിച്ചല്ല ഇവരൊക്കെ വന്നത് എന്നും അദ്ദേഹം പറഞ്ഞു. 'തണലായിട്ടും നിഴലായിട്ടും വാലായിട്ടുമൊക്കെ വന്നവരാണ് ഇവരില്‍ പലരും. അതിന്റെ പ്രശ്‌നങ്ങളുണ്ട്,' അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനു വലിയൊരു വിഭാഗത്തെ നഷ്ടപ്പെടുന്നുണ്ട് എന്നും മുല്ലപ്പള്ളി പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ പാര്‍ട്ടി തന്നെ ബലിമൃഗമാക്കി എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിനു 4 മാസം മുന്‍പ് ഉമ്മന്‍ ചാണ്ടിയെ ചെയര്‍മാനാക്കി എഐസിസി രൂപീകരിച്ച കമ്മിറ്റിയില്‍ താന്‍ ആറാമനോ ഏഴാമനോ ആയിരുന്നു എന്നും തിരഞ്ഞെടുപ്പ് തന്റെ നേതൃത്വത്തില്‍ ആയിരുന്നില്ല നടന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'പരാജയം കൂട്ടുത്തരവാദിത്തമാണ്. ലോക്‌സഭയില്‍ വിജയിച്ചപ്പോള്‍ ഞാന്‍ എന്റെ വിജയമാണെന്നു പറഞ്ഞിട്ടില്ല. എന്നെ ആരും അന്ന് അനുമോദിച്ചിരുന്നില്ല. എന്റെ പകരക്കാരനായി കെപിസിസി അധ്യക്ഷനാക്കിയത് ആരെയാണ്? രാജിവയ്ക്കും മുന്‍പ് ശ്വാസം വിടാനുള്ള സമയം പോലും എനിക്ക് കിട്ടിയില്ല. കൊവിഡ് കാലത്ത് രാവിലെ ഏഴരയ്ക്ക് ഞാന്‍ ഇന്ദിരാ ഭവനില്‍ എത്തുമായിരുന്നു,' അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ കോണ്‍ഗ്രസില്‍ അസാധാരണ ഐക്യം വേണം. ഈ സുവര്‍ണാവസരം പാഴാക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം ഏകശിലാ വിഗ്രഹംപോലെ മുന്നോട്ട് പോവുകയാണ് എന്നും സംസ്ഥാന സമ്മേളനം കഴിയുന്നതോടെ അവര്‍ക്കിടയിലെ അസ്വാരസ്യങ്ങളും അവസാനിക്കും എന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസുകാര്‍ തമ്മില്‍തല്ലുന്നുവെന്ന സന്ദേശം നല്ലതല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications