വിദ്വേഷ പരാമര്‍ശ കേസ്: പി.സി ജോര്‍ജിന് ജാമ്യം അനുവദിച്ച് കോടതി
പത്തനംതിട്ട: ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന് ജാമ്യം. ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചയ്ക്കിടെ പിസി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. കേസില്‍ അറസ്റ്റിലായിരുന്ന ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ തുടരുകയാണ്.
മതസ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവനയാണ് ജോര്‍ജ് നടത്തിയതെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്ന ഒരാള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷന്‍ വാദം. പ്രതിയുടെ ഭാഗത്ത് നിന്ന് ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ പല തവണ ഉണ്ടായിട്ടുണെന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു.

എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം
വാദിച്ചു. ആരോഗ്യസ്ഥിതി സംബന്ധിക്കുന്ന മെഡിക്കല്‍ രേഖകള്‍ പി.സി ജോര്‍ജ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് കോടതി ഇത് പരിഗണിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗത്തിലാണ് പിസി ജോര്‍ജ് ചികിത്സയിലുള്ളത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് ജോര്‍ജിനെതിരേ കേസെടുത്തത്. നേരത്തെ കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പിസി ജോര്‍ജ് കോടതിയില്‍ ഹാജരാവുകയായിരുന്നു.
കോടതി കേസ് പരിഗണിച്ചപ്പോള്‍ പി.സി ജോര്‍ജിനെതിരെ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോര്‍ട്ട് അടക്കം പൊലീസ് സമര്‍പ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോര്‍ജിനെ കസ്റ്റഡിയില്‍ വിടുകയും ശേഷം റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.












Click it and Unblock the Notifications