മുൻ മന്ത്രി ടി.യു. കുരുവിള അന്തരിച്ചു; കോതമംഗലത്തിന്റെ വികസന നായകൻ ഇനി ഓർമ്മ
കേരള രാഷ്ട്രീയത്തിൽ തന്റെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മുതിർന്ന കേരള കോൺഗ്രസ് നേതാവും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ടി.യു. കുരുവിള (90) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോതമംഗലം നിയോജകമണ്ഡലത്തെ ദീർഘകാലം പ്രതിനിധീകരിച്ച അദ്ദേഹം, മണ്ഡലത്തിന്റെ വികസന ചരിത്രത്തിൽ നിർണ്ണായക പങ്കുവഹിച്ച ജനപ്രിയ നേതാവാണ്.
1936 ഓഗസ്റ്റ് 13 ന് തോമ്പ്രയിൽ ഉതുപ്പിന്റെയും മറിയത്തിന്റെയും മകനായി ജനിച്ച ടി.യു. കുരുവിള, സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയ ശേഷമാണ് കാർഷിക രംഗത്തുനിന്നും പൊതുരംഗത്തേക്കും കേരള കോൺഗ്രസ് രാഷ്ട്രീയത്തിലേക്കും കടന്നുവരുന്നത്. കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റായി 14 വർഷം സേവനമനുഷ്ഠിച്ചുകൊണ്ട് താഴെത്തട്ടിൽ നിന്നാണ് അദ്ദേഹം തന്റെ ജനകീയ അടിത്തറ കെട്ടിപ്പടുത്തത്. പിന്നീട് കോതമംഗലം നഗരസഭ ചെയർമാനായും മികച്ച പ്രവർത്തനം കാഴ്ചവെച്ചു.

വി.എസ് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി
2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രതിനിധിയായി കോതമംഗലത്തുനിന്ന് വിജയിച്ചാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. തുടർന്ന് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ 2006 നവംബർ മുതൽ 2007 സെപ്റ്റംബർ രണ്ട് വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2011-ൽ യു.ഡി.എഫ് പ്രതിനിധിയായി മത്സരിച്ചും അദ്ദേഹം കോതമംഗലത്തുനിന്ന് വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കേരള പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ, സംസ്ഥാന ഹൗസിങ് ബോർഡ് ചെയർമാൻ, റബർ ബോർഡ് അംഗം എന്നീ നിലകളിലും മികച്ച ഭരണാധികാരിയായി അദ്ദേഹം തിളങ്ങി.
റോഡുകൾ, കുടിവെള്ള പദ്ധതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതി, കർഷകരുടെ അവകാശങ്ങൾ എന്നിവയ്ക്കായി കോതമംഗലം മണ്ഡലത്തിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ എണ്ണമറ്റതാണ്. വികസന പദ്ധതികൾ കൃത്യമായി ആവിഷ്കരിച്ച് കോതമംഗലത്തിന്റെ മുഖച്ഛായ മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. രാഷ്ട്രീയത്തിന് പുറമെ മികച്ച സംഘാടകൻ, വ്യവസായി, ടൂറിസം സംരംഭകൻ എന്നീ നിലകളിലും അദ്ദേഹം സജീവമായിരുന്നു.
സഭാ പ്രവർത്തനങ്ങളും ബഹുമതികളും
യാക്കോബായ സിറിയൻ ഓർത്തഡോക്സ് സഭയുടെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം സഭയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. സഭയ്ക്കും സമൂഹത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് അന്ത്യോഖ്യ പാത്രിയാർക്കീസ് ബാവയിൽ നിന്ന് ഷെവലിയാർ, കമാൻഡർ, ബാർ ഈത്തോ ശാറിറോ (സഭയുടെ സത്യപുത്രൻ) എന്നീ ഉന്നത ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ലണ്ടനിലെ സൗത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് അദ്ദേഹത്തിന് ഓണററി ഡി.ലിറ്റ് ബിരുദവും ലഭിച്ചിട്ടുണ്ട്. ഭാര്യ ഊഞ്ഞാപ്പാറ കല്ലുങ്കൽ കുടുംബാംഗം ചിന്നമ്മ. മക്കൾ റീന, ഡോ. രേണു, റെമി, ഡോ. രേഖ, എൽദോ. മരുമക്കൾ: ഡോ. പോൾ ജേക്കബ്, പരേതനായ പൗവ്വൽസ് കുര്യൻ, തോമസ് മുത്തൂറ്റ് (മുത്തൂറ്റ് ഫിൻകോർപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ), പരേതനായ സുദീപ് തോമസ് ജോൺ, റിതിക അസറിയ.












Click it and Unblock the Notifications