തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയെ ട്രോളിയതാണോ? വിരട്ടാനുള്ള നിലവാരമില്ലെന്ന് ടിഎന്‍ പ്രതാപന്‍
തൃശൂര്‍: രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് മോഷണം വിഷയത്തില്‍ മറുപടി പറഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് തൃശൂര്‍ മുന്‍ എംപി ടിഎന്‍ പ്രതാപന്‍. തൃശൂരിലെ വോട്ട് തിരിമറിയില്‍ പോലീസില്‍ പരാതിപ്പെട്ട വ്യക്തിയാണ് പ്രതാപന്‍. രേഖകള്‍ ഹാജരാക്കാന്‍ കമ്മീഷന്‍ പ്രതാപനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. അതിനിടെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനത്തെ വിമര്‍ശിച്ച് പ്രതാപന്‍ രംഗത്തുവന്നത്.
ഇത്രയും നാണംകെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചരിത്രത്തില്‍ വേറെയില്ല എന്ന് പ്രതാപന്‍ പറഞ്ഞു. ബിജെപി പ്രസിഡന്റാണെന്ന ഭാവത്തിലാണ് മുഖ്യ കമ്മീഷണര്‍. രാഹുല്‍ ഗാന്ധിക്ക് മറുപടി പറയാന്‍ വന്നതാണ് കമ്മീഷന്‍. എന്നാല്‍ കൃത്യമായ മറുപടിയില്ലെന്ന് മാത്രമല്ല, പറഞ്ഞ കാര്യങ്ങളില്‍ മൊത്തം വൈരുധ്യമാണെന്നും ടിഎന്‍ പ്രതാപന്‍ വിമര്‍ശിച്ചു.

ടിഎന്‍ പ്രതാപന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''ഇത്ര നാണംകെട്ട, ഗതികെട്ട ഒരു ഇലക്ഷന്‍ കമ്മീഷന്‍ നമ്മുടെ ചരിത്രത്തില്‍ വേറെയില്ല. ബിജെപിയുടെ അഖിലേന്ത്യാ വര്‍ക്കിങ് പ്രസിഡന്റാണ് താനെന്ന ഭാവമാണ് മുഖ്യ കമ്മീഷണര്‍ക്ക്. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ 'വോട്ട് കൊള്ള' വിഷയത്തിലെ വാദങ്ങള്‍ക്ക് മറുപടി പറയാന്‍ വന്നതാണ് ഇലക്ഷന്‍ കമ്മീഷന്‍. രാഹുല്‍ ഗാന്ധിക്ക് മറുപടിയല്ലെന്ന് മാത്രമല്ല പറഞ്ഞതില്‍ നിറയെ വൈരുധ്യങ്ങളും.
രാഹുല്‍ ഗാന്ധി ഭരണഘടനയെ അപമാനിക്കുകയാണ് ''വോട്ട് ചോരി'' പ്രചരണത്തിലൂടെ എന്ന് പറയുന്ന കമ്മീഷണര്‍ക്ക് ഇതേ കാര്യം ആവര്‍ത്തിച്ച അനുരാഗ് ഠാക്കൂറിന്റെ വിഷയത്തില്‍ ഒന്നും പറയാനില്ലേ? രാഹുല്‍ ഗാന്ധിക്ക് നല്‍കിയ ഏഴടിപ്പൊക്കമുള്ള കടലാസ് കെട്ടുകള്‍ തലങ്ങും വിലങ്ങും പരിശോധിച്ച ശേഷമാണ് ''വോട്ട് കൊള്ള''യെ കുറിച്ച് രാഹുല്‍ ഗാന്ധി തന്റെ വാദങ്ങള്‍ നിരത്തിയത്. അതോടെ പാളയത്തില്‍ തീപിടിച്ച ബിജെപി ഇറക്കിവിട്ടത് ''ഗോലി മാറോ'' ഫെയിമായ അനുരാഗിനെ. അതും ഒന്‍പത് ദിവസം കൊണ്ട് നാലഞ്ച് ലോകസഭാ മണ്ഡലങ്ങളിലെ വിവരങ്ങള്‍.
രാഹുല്‍ ഗാന്ധി പറഞ്ഞത് ശരി തന്നെ എന്ന ആവര്‍ത്തനമായിരുന്നു ഫലത്തില്‍ ആ പത്രസമ്മേളനം. എന്നാല്‍ ആ ഒന്‍പത് ദിവസം കൊണ്ട് ഇങ്ങനെ വിവരങ്ങള്‍ കണ്ടെത്താന്‍ ഇവര്‍ക്ക് എങ്ങനെ കഴിഞ്ഞു? കമ്മീഷന്‍ അവര്‍ക്ക് ഒന്നുകില്‍ ഡിജിറ്റലി റീഡബിള്‍ ആയ ഡാറ്റ കൊടുത്തു. അല്ലെങ്കില്‍ ബിജെപി ചേര്‍ത്ത കള്ളവോട്ടുകള്‍ ബിജെപിക്ക് നന്നായി അറിയാം. അതില്‍ തന്നെ വയനാട്ടില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ മുഴുവനും അക്കമിട്ട് പൊളിച്ചടുക്കി കൊടുത്തിട്ടുമുണ്ട്.
എസ്ഐആര്‍ നടപ്പിലാക്കുന്നത് വീഴ്ചകള്‍ ഉള്ളതിനാലെന്ന് ന്യായീകരിക്കുന്നുണ്ട് കമ്മീഷന്‍. പക്ഷെ ആ വീഴ്ചകള്‍ തുറന്നുകാട്ടിയത് രാഹുല്‍ ഗാന്ധിയാണെന്ന് പറഞ്ഞാല്‍ അത് ഭരണഘടനയോടുള്ള വെല്ലുവിളിയാണത്രെ. അതുകൊള്ളാലോ! രാഹുല്‍ ഗാന്ധിയുടെ പത്രസമ്മേളനം വരെ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ഉണ്ടായിരുന്ന വെബ്സൈറ്റിലെ വോട്ടേഴ്സ് റോള്‍ പിന്നീടെന്തേ സ്‌കാന്‍ ചെയ്ത, ഡിജിറ്റലി റീഡബിള്‍ അല്ലാത്ത ഫോര്‍മാറ്റിലേക്ക് മാറ്റിയതെന്ന് ചോദിച്ചാല്‍ അത് വോട്ടര്‍മാരുടെ സ്വകാര്യത സംരക്ഷിക്കാനാണത്രെ. അല്ലാതെ രാഹുല്‍ ഗാന്ധി ഇനിയും വിവരങ്ങള്‍ പരിശോധിക്കുമെന്ന് പേടിച്ചല്ല. അതിലും വലിയ തമാശ വേറെയില്ല. ഇതേ കമ്മീഷന്‍ ഇനി എസ്ഐആര്‍ വിഷയത്തില്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ തന്നെ വിവരങ്ങള്‍ പങ്കുവെക്കുമത്രെ.
ചില വോട്ടര്‍മാരുടെ വിവരങ്ങള്‍ രാഹുല്‍ ഗാന്ധി കാണിച്ചു എന്നാണ് കമ്മീഷണറുടെ പരാതി. അനുരാഗ് ഠാക്കൂറിന് പിന്നെ അടുപ്പിലും ആവാം എന്നാണോ? ഇങ്ങനെയുണ്ടോ ഒരു അടിമത്വം! വീട്ടുനമ്പര്‍ പൂജ്യമായതിനെ പറ്റി ചോദിച്ചപ്പോള്‍ ഭവനരഹിതരുടെ അഡ്രസ്സ് അതാണത്രേ. ചില വീടുകള്‍ക്ക് പഞ്ചായത്തും മുനിസിപ്പാലിറ്റിയും നമ്പറിട്ടു കൊടുക്കാത്തതുകൊണ്ടാണെന്നും കമ്മീഷണര്‍ പറയുന്നുണ്ട്. ഇതിപ്പോ കമ്മീഷന്‍ പഞ്ചായത്തി രാജ് സംവിധാനത്തെ കുറ്റപ്പെടുത്തുന്നതാണോ? അതോ 2022 ആവുമ്പോഴേക്കും എല്ലാവര്‍ക്കും വീടുണ്ടാവും എന്ന മോദിയുടെ പൊള്ളവാക്കിനെ ട്രോളുന്നതാണോ?
ഇലക്ഷന്‍ കമ്മീഷണറെ നിയമിക്കുന്ന നിയമത്തില്‍ വലിയ ആശാനും ശിങ്കിടിയും ചേര്‍ന്ന് വെള്ളം ചേര്‍ത്തപ്പോള്‍ തന്നെ മനസ്സിലായി അശോക് റോട്ടിലെ നിര്‍വചന്‍ ഭവനില്‍ നിന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ ഓഫീസ് ദീനദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബിജെപി ആസ്ഥാനത്തേക്ക് മാറ്റിയെന്ന്! കമ്മീഷനെ ആരും വിരട്ടണ്ടാ എന്നാണ് കമ്മീഷണറുടെ ഡയലോഗ്. ഒന്ന് വിരട്ടാനുള്ള നിലവാരം പോലും അവശേഷിക്കുന്നില്ലെന്ന് ഇന്നത്തോടെ ബോധ്യമായി!''












Click it and Unblock the Notifications