ബുദ്ധദേബ് ഭട്ടാചാര്യയുടെ മകള്‍ സൂചേതന ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നു: ഇനി സുചേതന്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മകൾ സുചേതന ഭട്ടാചാര്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് (എസ് ആർ എസ്) വിധേയയാകുന്നു. ചെറുപ്പകാലം മുതൽ മാനസികമായി താനൊരു ആൺകുട്ടിയാണെന്നും ഇനി ശാരീരികമായിക്കൂടി ആണാവാൻ പോവുകയാണെന്നും സുചേതന പ്രഖ്യാപിച്ചു. അടുത്തിടെ ഒരു എൽജിബിടിക്യു ശില്‍പ്പശാലയില്‍ പങ്കെടുത്ത സുചേതന ശസ്ത്രക്രിയയ്ക്ക് പോകുന്നതിന് മുമ്പ് ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
'അവൾ സ്വയം ഒരു ട്രാൻസ്മൻ ആയി പ്രഖ്യാപിക്കുകയും ശസ്ത്രക്രിയയ്ക്ക് ശേഷം 'സുചേതൻ' എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്നു'- സുചേതനയോടൊപ്പം ശില്‍പ്പശാലയില്‍ പങ്കെടുത്ത എൽജിബിടിക്യു ആക്ടിവിസ്റ്റായ സുപ്രവ റോയിയാണ് വിവരം ആദ്യമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. പിന്നീട് സുചേതനയും ഇക്കാര്യം സ്ഥിരീകരിച്ചു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ പോരാട്ടത്തിന് ഊർജം പകരാൻവേണ്ടിയാണ് ഈ തീരുമാനം എടുക്കുന്നതെന്നും സുചേതന വ്യക്തമാക്കി.

'എന്റെ കുടുംബപശ്ചാത്തലമോ ബന്ധുക്കളുടെ സ്ഥാനങ്ങളോ ഒന്നുംതന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യമല്ല. എന്റെ മാതാപിതാക്കളെ ഈ വിഷയങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ പോരാട്ടത്തിന് ഊർജം പകരാൻവേണ്ടിയാണ് ഈ തീരുമാനം എടുക്കുന്നത്. ഇതിനായി നിയമോപദേശവും വൈദ്യനിർദേശങ്ങളും സ്വീകരിച്ചുവരികയാണ്' സുചേതന മാധ്യമങ്ങളോടായി വ്യക്തമാക്കി.
40 വയസ്സായ ഒരു വ്യക്തിയാണ് ഞാന്‍. സ്വന്തമായി തീരുമാനമെടുക്കാന്‍ വേറെ ആരുടേയും പിന്തുണ ആവശ്യമില്ല. ചെറുപ്പം മുതല്‍ തന്നെ ഒരു ആണ്‍കുട്ടിയുടെ മനോഭാവത്തോടെയാണ് ജീവിക്കുന്നത്. അച്ഛന് ഇക്കാര്യം അറിയാം എന്നുള്ളതിനാല്‍ തന്നെ അദ്ദേഹത്തിന് എന്റെ തീരുമാനത്തില്‍ എതിർപ്പുണ്ടാവില്ലെന്നാണ് ഞാന്‍ കരുതുന്നത്. തനിക്ക് ജീവിത പങ്കാളിയായി സുചന്ദ എന്ന പെണ്‍കുട്ടിയുണ്ട്. ഒരു വ്യക്തിയുടെ ലൈംഗിക സ്വത്വം അംഗീകരിച്ചുകൊടുക്കാൻ പൊതുസമൂഹം നിർബന്ധിതമാകണമെങ്കിൽ നിരന്തരമായ പ്രക്ഷോഭങ്ങൾ വേണമെന്നും അവർ കൂട്ടിച്ചേർത്തു.
'ഇത് എന്റെ മാത്രം തീരുമാനമാണ്. ഈ വാർത്ത വളച്ചൊടിക്കരുതെന്ന് ഞാൻ എല്ലാവരോടും അപേക്ഷിക്കുന്നു. ഇത് എന്റെ സ്വന്തം സമരമാണ്. ഇതിനെതിരെ ഒറ്റയ്ക്ക് പോരാടാൻ ഞാൻ ആഗ്രഹിക്കുന്നു. കുട്ടിക്കാലം മുതൽ എനിക്ക് ഈ മനോഭാവം ഉണ്ടായിരുന്നു. പലരും പിന്തുണച്ചു, ചിലർ പരിഹസിച്ചു. മാനസികമായി, ഞാൻ ഒരു ട്രാൻസ്-മാനാണ്. ഇപ്പോള്‍ ശാരീരികമായും ഞാൻ അങ്ങനെ തന്നെയാകാൻ ആഗ്രഹിക്കുന്നു'- സുചേതന കൂട്ടിച്ചേർത്തു.












Click it and Unblock the Notifications