കാസര്‍കോട് കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം, മരിച്ചത് തൃശൂര്‍ സ്വദേശികള്‍
കാസര്‍കോട് മംഗല്‍പ്പാടി ദേശീയപാതയില്‍ വാഹനാപകടത്തില്‍ നാല് മരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മൂന്ന് പേര് ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
കാസര്‍കോട്: കാസര്‍കോട് മംഗല്‍പ്പാടി ദേശീയപാതയില്‍ വാഹനാപകടത്തില്‍ നാല് മരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മൂന്ന് പേര് ഒരു കുടുംബത്തിലെ അംഗങ്ങളാണ്.തൃശൂര്‍ ചടേലക്കര സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
കാര്‍ യാത്രികരായിരുന്ന രാമനാഥന്‍, ഭാര്യ വത്സല, മകന്‍ രഞ്ജിത് എന്നിവരും രഞ്ജിത്തിന്‍റെ സുഹൃത്ത് നിധിനുമാണ് മരിച്ചത്. പുലര്‍ച്ചെ നാല് മണിയോടെ മംഗല്‍പ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.

മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ ദിശയില്‍ വരികയായിരുന്ന കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.മൃതദേഹങ്ങള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
മംഗലാപുരത്ത് എംബിബിഎസ് വിദ്യാര്‍ഥിയാണ് രഞ്ജിത്ത്. രഞ്ജിത്തിനെ മംഗലാപുരത്ത് കൊണ്ടുവിടാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. രാമനാഥനാണ് കാര്‍ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. നാലുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.












Click it and Unblock the Notifications