ആവേശവിരുന്നൊരുക്കി നാലാമത് ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവല്‍: എങ്ങും വിസ്മയിപ്പിക്കും കാഴ്ചകള്‍
കോഴിക്കോട്: കാഴ്ചക്കാർക്ക് ആവേശവിരുന്നൊരുക്കി നാലാമത് ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവല്‍. ബേപ്പൂരിൽ മറീന ബീച്ച്, ബ്രേക്ക് വാട്ടർ, പുലിമുട്ട്, ബേപ്പൂർ തുറമുഖം, ചാലിയം ബീച്ച് എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടികളിലേക്ക് ആയിരങ്ങളാണ് ശനിയാഴ്ച മുതല്‍ ഒഴുകിയെത്തിയത്. ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ഭക്ഷ്യമേള ബേപ്പൂർ പാരിസൺസ് കോമ്പൗണ്ടിലാണ് നടക്കുന്നത്. ബേപ്പൂർ മറീനയിൽ ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് നടക്കുന്ന ഘോഷയാത്രയോടെ മേളയുടെ സമാപനച്ചടങ്ങുകൾ ആരംഭിക്കും.
കയാക്കിങ്, സംഗീത നിശ, നാവിക തീര സംരക്ഷണ സേനകളുടെ പടക്കപ്പല്‍, ഡ്രോണ്‍ ഷോ, വലയെറിയൽ മത്സരം, വ്യോമസേനയുടെ എയർഷോ, ഭീമന്‍ പട്ടങ്ങള്‍ എന്നിവയെല്ലാം കാഴ്ചക്കാരിലും വിസ്മയവും ആവേശവും പകർന്നു. ശനിയാഴ്ച വൈകീട്ട് വൈകിട്ട് 3 മണി മുതൽ തന്നെ പട്ടങ്ങൾ ബേപ്പൂരിൻ്റെ ആകാശം കീഴടക്കി ഉയർന്ന് തുടങ്ങി. പട്ടം പറത്തലിന്റെ ഭാഗമാകാൻ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പട്ടം പറത്തൽ വിദഗ്ദരാണ് ഇത്തവണയും ബേപ്പൂരിലേക്ക് എത്തിയത്. 10 സംസ്ഥാനങ്ങളിൽ നിന്നായി 50 കൈറ്റ് ഫ്ളൈയർസ് പട്ടം പറത്തലിൻ്റെ ഭാഗമായി.

പല രൂപത്തിലുള്ള പട്ടങ്ങൾ കാണികളിൽ കൗതുകമുണർത്തി. നിരവധിയാളുകളാണ് പട്ടം പറത്തലിൻ്റെ ദൃശ്യവിസ്മയം നേരിട്ട് കണ്ട് ആസ്വദിക്കാൻ ബീച്ചിലെത്തിയത്. ഇൻഫ്ലാറ്റബിൾ, സ്പോർട്സ്, പവർ, പൈലറ്റ്, ട്രെയിൻ, ഷോ കൈറ്റ്, ഇന്ത്യൻ ട്രെഡീഷണൽ തുടങ്ങിയ ഇനത്തിൽപ്പെട്ട കുതിര, പൂച്ച, താറാവ്, ഇന്ത്യൻ ഫ്ലാഗ് തുടങ്ങി പല രൂപത്തിലുള്ള പട്ടങ്ങൾ വാനിൽ നൃത്തമാടി. ഞായറാഴ്ചയും ഉച്ച 2 മുതൽ 6 വരെയും മറീന ബീച്ചിൽ പട്ടം പറത്തൽ നടക്കുന്നുണ്ട്.
സാഹസികത നിറച്ച് എയർഷോ
കാണികളിൽ ആവേശത്തിരയുയർത്തി വ്യോമസേനയുടെ എയർഷോ. വ്യോമസേനയുടെ കോയമ്പത്തൂർ സുലൂരിലെ 43 വിങ്ങിൽ നിന്നുള്ള ദി ഗ്രേറ്റ് സാരംഗ്സ് എന്ന് വിളിപ്പേരുള്ള നാല് ഹെലികോപ്റ്ററുകളാണ് ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ബേപ്പൂരിന്റെ ആകാശത്ത് സാഹസിക പറക്കൽ നടത്തിയത്.
കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉൾപ്പെടെയുള്ളവർ കുടുംബസമേതം ഒരു മണിക്കൂർ നീണ്ട എയർഷോ കാണാൻ എത്തിയിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ സാഹസികത്തികവും പ്രൗഢിയും പ്രതിഫലിപ്പിക്കുന്നവയുമായിരുന്നു എയർഷോ.
വലയെറിയൽ മത്സരം
ചെറുതോണികളിലെത്തി കാണികളിൽ ആവേശത്തിന്റെ വലയെറിഞ്ഞ് തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾ. ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ നാലിൽ ശനിയാഴ്ച വൈകീട്ട് നടന്ന വാശിയേറിയ വലയെറിയൽ മത്സരത്തിൽ വലയിൽ 880 ഗ്രാം മത്സ്യവുമായെത്തിയ മുഹമ്മദ് കോയ, ടി ഹംസ എന്നിവർ വിജയികളായി. ബ്രേക്ക് വാട്ടറിൽ നടന്ന മത്സരത്തില്‍ പതിനാറു ടീമുകളാണ് പങ്കെടുത്തത്. രണ്ടുപേരടങ്ങുന്ന ടീം നിശ്ചിത ചുറ്റളവിൽനിന്നും നിശ്ചിത സമയത്തിനുള്ളിൽ മത്സ്യവുമായി വരുന്നതാണ് മത്സരം. മത്സ്യത്തൊഴിലാളികളുടെ കഴിവുകൾ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത്.
രുചിപ്പെരുമയിൽ ഭക്ഷ്യമേള
വാട്ടർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഭക്ഷ്യമേള വനിത സംരംഭകരുടെ രുചിപ്പെരുമ കൊണ്ട് ശ്രദ്ധേയം. വനിത സംരംഭകർ വീട്ടിൽ ഉണ്ടാക്കിയ വൈവിധ്യമുള്ള വിഭവങ്ങളാണ് മേളയിൽ ഭൂരിഭാഗവും. രുചിമുകുളങ്ങളെ രസിപ്പിക്കുന്ന വിഭവങ്ങൾ ആസ്വദിക്കാൻ ജനങ്ങൾ ഇടിച്ചുകയറുകയാണ് പാരിസൺ കോബൌണ്ടിലെ ഭക്ഷ്യമേളയിലേക്ക്.
ഗുണമേന്മയുള്ളതും സ്വാദിഷ്ടവുമായ നാടൻ വിഭവങ്ങൾ മുതൽ രുചി ലോകത്തെ പുത്തൻ തരംഗങ്ങളുടെ നിര തന്നെയാണ് 100 ഓളം സ്റ്റാളുകളിൽ ഒരുക്കിയിരിക്കുന്നത്. വെൽകം ഡ്രിങ്കിൽ തുടങ്ങി ചൂടോടെ പാകം ചെയ്ത് നൽകുന്ന കിഴി പൊറോട്ടയിൽ നിന്ന് കൊത്തുപൊറോട്ട, കപ്പ ബിരിയാണി, ഊട്ടി മുളക് ബജി, മുള സോഡ, കണ്ണൂർ കൊക്ക്ടെയ്ൽ ഷേക്ക്, കുറുക്കി എടുക്കുന്ന കറക്ക് ചായ എന്നിങ്ങനെ മെനു നീളുന്നു.
അടിപൊളി പഞ്ചാബി ഭക്ഷണങ്ങൾ, വിവിധ തരം ബിരിയാണികൾ, കോഴിക്കോടിന്റെ തനത് വിഭവങ്ങൾ എന്നിവയും ഭക്ഷണ പ്രേമികൾക്കായി ഒരുക്കിയിട്ടുണ്ട്.
ദോശകളുടെ വൈവിധ്യവുമായി ദോശമേള, പായസമേള എന്നിവയാണ് മേളയുടെ മറ്റൊരു ആകർഷണം. കോഴിക്കോടിന്റെ തനതു പലഹാരങ്ങളായ സമോസ, ഉന്നക്കായ, ചട്ടിപ്പത്തിരി, ദം ബിരിയാണി, തലശ്ശേരി ബിരിയാണി തുടങ്ങി വെറൈറ്റി മലബാറി ബിരിയാണികളും മനസ്സു നിറയെ കഴിക്കാം. ചക്ക, മാങ്ങ, തേങ്ങ ഐസ്ക്രീമുകളുള്ള സ്റ്റാളുകളിൽ കുട്ടികളാണ് കൂടുതലുമെത്തുന്നത്.












Click it and Unblock the Notifications