ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ തട്ടിപ്പ്
കൊച്ചി: തട്ടിപ്പുകള്‍ പലവിധം ഉണ്ട്. പല തട്ടിപ്പുകളും പുറത്ത് കൊണ്ടുവരാറ് വാര്‍ത്താ ചാനലുകാരാണ്. എന്നാല്‍ ചാനലിന്റെ പേരില്‍ തന്നെ തട്ടിപ്പ് നടത്തിയാലോ... കടുവയെ പിടിച്ച കിടുവ.
നേരോടെ, നിര്‍ഭയം, നിരന്തരം... ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിലാണ് ഒരു വിരുതന്‍ തട്ടിപ്പും വെട്ടിപ്പും നടത്തിയത്. കൂട്ടിന് ഭാര്യയും ഉണ്ടായിരുന്നു. ഒടുവില്‍ പോലീസിന്റെ പിടിയിലായി.

ഇടുക്കി നെടുങ്കണ്ടം സ്വദേശി മനു, മൂന്നാം ഭാര്യ മോനിഷയും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ട്രാവല്‍ ഏജന്‍സിയില്‍ ഡ്രൈവറാണ് മനു. ഏജന്‍സിയില്‍ നിന്ന് ഒരു സ്വിഫ്റ്റ് ഡിസയര്‍ കാറും 75,000 രൂപയും വാങ്ങി മുങ്ങിയതാണ്.
കാറില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ സ്റ്റിക്കര്‍. മനുവിനും മോനിഷക്കും ഏഷ്യാനെറ്റ് ന്യൂസിന്റെ ഐഡന്ററ്റി കാര്‍ഡ്. മനു സീനിയര്‍ റിപ്പോര്‍ട്ടര്‍. മോനിഷ കോ ഓര്‍ഡിനേറ്റര്‍. കാറില്‍ ക്യാമറയും മറ്റ് അനുബന്ധ സാധനങ്ങളും. ആളുകളെ പറ്റിക്കാന്‍ ഇത് ധാരളമല്ലേ...
കോതമംഗലം, പെരുമ്പാവൂര്‍ മേഖലകളിലാണ് ഇവര്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയത്. ചാനലിന്റെ പേര് പറഞ്ഞ്, ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. കിട്ടിയ കാശ് പിന്നെ ഹോം സ്‌റ്റേകളില്‍ തങ്ങി അടിച്ച് പൊളിക്കും.
ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് കൊണ്ടുപോയ കാറിന്റേയും പണത്തിന്റേയും വിവരമില്ലാതെ വന്നപ്പോള്‍ ഉടമ നല്‍കിയ പരാതിയിലാണ് കക്ഷി പിടിയിലാത്. ഇയാള്‍ക്കെതിരെ വേറേയും മോഷണ കേസുകള്‍ ഉണ്ടെന്നാണ് വിവരം.












Click it and Unblock the Notifications