'സൗജന്യ യാത്ര വേണം, റവന്യൂ കുടിശിക പിരിക്കാലോ, പിന്നെ സ്വർണത്തിൻ്റെ ജിഎസ്ടിയും'; പരിഹസിച്ച് ഐസക്
സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാക്കിയതിൽ യുഡിഎഫ് സർക്കാരിനെ പരിഹസിച്ച് തോമസ് ഐസക്. പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോൾ നടത്തിയ പ്രസിദ്ധമായ തന്റെ പോഡ് കാസ്റ്റിൽ മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞത് കേരളത്തിലെ മൊത്തം റവന്യു കുടിശിക ഏതാണ്ട് 25000 കോടി രൂപ ഉണ്ടെന്നാണ്. ഇത് പിരിക്കാനുള്ള ഇച്ഛാശക്തി ഇടതുപക്ഷ സർക്കാരിന് ഇല്ലായെന്നതായിരുന്നു ആക്ഷേപം. അതിനു പുറമേ, സ്വർണ്ണത്തിൽ നിന്നു മാത്രം 15000 കോടി രൂപയെങ്കിലും ജി.എസ്.ടി അധികമായി പിരിക്കാമെന്നും അദ്ദേഹം പ്രസ്താവിച്ചു. അപ്പോൾ പിന്നെ സംശയിക്കാനൊന്നുമില്ല. ഇവ രണ്ടും പിരിച്ചെടുത്ത് ഇന്ദിരാ ഗാരണ്ടികൾ ഉടനടി നടപ്പാക്കണം. എന്തുവന്നാലും ജൂൺ 15-ന് സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പാക്കുക തന്നെ വേണം, ഐസക് പോസ്റ്റിൽ കുറിച്ചു. പോസ്റ്റി്റെ പൂർണരൂപം വായിക്കാം
'എണ്ണ പ്രതിസന്ധി ലഘൂകരിക്കാൻ യാത്രകൾ ഒഴിവാക്കി വീട്ടിലിരിക്കാനാണ് മോദി ഉപദേശിച്ചത്. അത് നടക്കുന്ന കാര്യമല്ലായെന്ന് എല്ലാവർക്കുമറിയാം. മറ്റൊരു മാർഗ്ഗമുണ്ട്. ബസ്, ട്രെയിൻ യാത്രകൾ സൗജന്യമാക്കുക. അപ്പോൾ കാർ യാത്ര ഗണ്യമായി കുറയും.
തമാശ പറഞ്ഞതല്ല. ഓസ്ട്രേലിയയിലെ വിക്ടോറിയ (മെൽബൺ നഗരം അടക്കം), ടാസ്മേനിയ എന്നീ സംസ്ഥാനങ്ങൾ എല്ലാ പൊതു ട്രാൻസ്പോർട്ടുകളും മാർച്ച് മാസത്തിൽ സൗജന്യമായി പ്രഖ്യാപിച്ചു. സ്പെയിൻ ട്രെയിൻ യാത്ര സൗജന്യമാക്കിയിട്ടുണ്ട്. ലക്സംബർഗ്, മാൾട്ട എന്നീ രാജ്യങ്ങളിൽ എല്ലാ ട്രെയിൻ, ബസ്, ട്രാം എന്നീ പബ്ലിക് ട്രാൻസ്പോർട്ടുകൾ ഏതാനും വർഷങ്ങളായി സൗജന്യമാണ്. ന്യുയോർക്കിൽ മംദാനി ബസ് യാത്ര സൗജന്യമാക്കാൻ പണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

കേരളത്തിലെ പുതിയ സർക്കാരിന് സ്ത്രീകൾക്കെങ്കിലും ബസ് യാത്ര സൗജന്യമാക്കുന്നതിന് പറ്റിയ സമയമാണിത്. ഇപ്പോൾ ഇന്ത്യയിൽ പഞ്ചാബ്, തമിഴ്നാട്, കർണ്ണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാണ്. ഇതിനുവേണ്ടി നല്ലൊരു തുക ഈ സംസ്ഥാനങ്ങൾ പ്രതിമാസം ചെലവഴിക്കുന്നുണ്ട്.
കർണ്ണാടക - 330-360 കോടി രൂപ
തെലുങ്കാന - 280-300 കോടി രൂപ
തമിഴ്നാട് - 200-220 കോടി രൂപ
ആന്ധ്രാപ്രദേശ് - 162-243 കോടി രൂപ
പഞ്ചാബ് - 50 കോടി രൂപ
കേരളത്തിൽ ടിക്കറ്റ് വരുമാനത്തിന്റെ പകുതി സബ്സിഡിയായി സ്ത്രീ സൗജന്യ യാത്രയ്ക്ക് കെഎസ്ആർടിസിക്ക് സബ്സിഡി നൽകേണ്ടി വരുമെന്ന് കണക്കാക്കിയാൽ പ്രതിദിനം 2 കോടി രൂപ സർക്കാരിനു ചെലവ് വരും. കെഎസ്ആർടിസിയിൽ സൗജന്യമാക്കുമ്പോൾ സ്വകാര്യ ബസിലെ യാത്രക്കാരായ ഒരു വിഭാഗം സ്ത്രീകൾ കെഎസ്ആർടിസിയിലേക്ക് യാത്ര മാറ്റുമെന്ന് കണക്കാക്കിയാൽ 2.5-2.75 കോടി രൂപ സർക്കാരിനു ചെലവു വരും. എന്നുവച്ചാൽ പ്രതിമാസം 75-82 കോടി രൂപ.
ഇതിനു പുറമേ ഇപ്പോൾ കെഎസ്ആർടിസിക്ക് ശമ്പള സബ്സിഡിയായും പെൻഷൻ തുകയായും ശരാശരി പ്രതിമാസം 100 കോടി രൂപ സർക്കാർ കൊടുക്കുന്നുണ്ട്. ഇതുകൂടി ചേർത്താൽ പ്രതിമാസം 175-182 കോടി രൂപ കേരള സർക്കാർ കെഎസ്ആർടിസിക്ക് നൽകണം. അല്ലാതെ സൗജന്യ യാത്ര കെഎസ്ആർടിസിയുടെ തലയിലേക്കു വയ്ക്കാമെന്നു കരുതരുത്. ഈ സബ്സിഡി പണം നൽകുന്നതിന് കാലതാമസം വന്നാലും ഡീസൽ വാങ്ങാൻ പണമില്ലാതെ കെഎസ്ആർടിസിക്ക് ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കേണ്ടിവരും. ഇതിനെതിരെ തൊഴിലാളികൾ സമരം ചെയ്യും. നാട്ടുകാരും സമരം ചെയ്യും.
ഇന്ദിരയുടെ പേരിലുള്ള എല്ലാ ഗാരണ്ടികളും ഇപ്പോൾ തന്നെ നടപ്പിലാക്കണം. കാശിന്റെ കാര്യം ആലോചിച്ച് വിഷമിക്കേണ്ടതില്ല. അതൊരു പ്രശ്നമല്ലല്ലോ. പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോൾ നടത്തിയ പ്രസിദ്ധമായ തന്റെ പോഡ് കാസ്റ്റിൽ മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞത് കേരളത്തിലെ മൊത്തം റവന്യു കുടിശിക ഏതാണ്ട് 25000 കോടി രൂപ ഉണ്ടെന്നാണ്. ഇത് പിരിക്കാനുള്ള ഇച്ഛാശക്തി ഇടതുപക്ഷ സർക്കാരിന് ഇല്ലായെന്നതായിരുന്നു ആക്ഷേപം. അതിനു പുറമേ, സ്വർണ്ണത്തിൽ നിന്നു മാത്രം 15000 കോടി രൂപയെങ്കിലും ജി.എസ്.ടി അധികമായി പിരിക്കാമെന്നും അദ്ദേഹം പ്രസ്താവിച്ചു. അപ്പോൾ പിന്നെ സംശയിക്കാനൊന്നുമില്ല. ഇവ രണ്ടും പിരിച്ചെടുത്ത് ഇന്ദിരാ ഗാരണ്ടികൾ ഉടനടി നടപ്പാക്കണം. എന്തുവന്നാലും ജൂൺ 15-ന് സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പാക്കുക തന്നെ വേണം'












Click it and Unblock the Notifications