ഡീൽ മുതൽ ‘ഖൗമിലെ കുട്ടി’ വരെ- തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിച്ച വാക്കുകൾ
എല്ലാ തെരഞ്ഞെടുപ്പുകളെയും സജീവമാക്കുന്നത് മുന്നണികൾ പരസ്പരം ഉന്നയിക്കുന്ന വിഷയങ്ങളാണ്. അവയിലെ ചില പ്രയോഗങ്ങൾ പ്രചാരണത്തെ ചൂടുപിടിപ്പിക്കും. പ്രസംഗങ്ങളിലും അനൗൺസ്മെന്റുകളിലും മറ്റും നിറഞ്ഞുനിൽക്കുക ആ വാക്കുകളാകും. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കൂടിയായതോടെ ഈ വാക്കുകൾ രാഷ്ട്രീയം അറിയാത്തവരുടെ മനസ്സിൽ പോലും പതിഞ്ഞുകിടക്കും. ഈ തെരഞ്ഞെടുപ്പ് പ്രചാരണകാലത്തും ചില വാക്കുകൾ 'ജനകീയ’മായി. 'ഡീൽ’ ആണ് അതിൽ പ്രധാനം. എൽഡിഎഫ് അധികാരത്തിൽ തുടരുന്നതിനായി സിപിഎമ്മും ബിജെപിയും ചില മണ്ഡലങ്ങളിൽ ഡീൽ ഉണ്ടാക്കിയെന്ന ആരോപണം യുഡിഎഫ് ഉയർത്തിയതോടെയാണ് ഈ വാക്കിന് വിലയേറിയത്.
കോൺഗ്രസ് ദേശീയ നേതാക്കൾ കൂടി ഇത് ഏറ്റുപിടിച്ചതോടെ സിപിഎമ്മിനും ഇതേ നാണയത്തിൽ തിരിച്ചടിക്കേണ്ടി വന്നു. ബിജെപിയാകട്ടെ അവഗണിച്ചാണ് ഈ ആരോപണത്തെ 'ഡീൽ ചെയ്തത്’. രാഷ്ട്രീയക്കാരനല്ലാത്ത, ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടയാളെ പാലക്കാട്ട് സ്ഥാനാർഥിയാക്കിയത് ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമാണെന്നതിൽ തുടങ്ങി, റാന്നി, കോന്നി, കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിലെല്ലാം അന്തർധാരയുണ്ടെന്ന് വരെ യുഡിഎഫ് ആരോപിച്ചു.

കേരളത്തിലെ ആദ്യ പ്രചാരണ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് പരാമർശിക്കാഞ്ഞതിലും കോൺഗ്രസ് ഡീൽ 'മണത്തു’. തദ്ദേശ തെരഞ്ഞെടുപ്പിലേതെന്ന പോലെ 'പോറ്റിയെ കേറ്റിയേ’ പാട്ടും 'സ്വർണം കട്ടവനാരപ്പാ?’ എന്ന ചോദ്യവും പ്രചാരണ രംഗത്ത് തരംഗമുണ്ടാക്കിയ വാക്കുകളായി.
ഫണ്ട് എന്ന വാക്ക് ഇരുമുന്നണികൾക്കും ഒരേസമയം ആവേശവും പാരയുമായി. പയ്യന്നൂരിൽ മൂന്ന് ഫണ്ടുകളിലായി ഒരു കോടി രൂപയോളം അപഹരിക്കപ്പെട്ടെന്ന് സിപിഎം നേതൃത്വത്തിനെതിരെ ആരോപിച്ച് മുതിർന്ന പാർട്ടി നേതാവ് വി. കുഞ്ഞികൃഷ്ണൻ രംഗത്ത് വന്നതോടെ യുഡിഎഫ് ആവേശത്തോടെ അതേറ്റെടുത്തു. കോൺഗ്രസ് വയനാട് ഫണ്ട് മുക്കിയെന്ന ആരോപണവുമായി എൽഡിഎഫ് തിരിച്ചടിച്ചതോടെ ഈ വാക്ക് അവർക്ക് പാരയുമായി. മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതി തറക്കല്ലിട്ടിട്ട് മുന്നോട്ടുപോകാത്തതിനെ വിവാദമാക്കിയാണ് പല ആരോപണങ്ങളെയും സിപിഎം പ്രതിരോധിച്ചത്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ 'കാഫിർ’ സ്ക്രീൻ ഷോട്ട് ആയിരുന്നു താരമായതെങ്കിൽ ഇത്തവണ പേരാമ്പ്രയിൽ 'ഖൗമിലെ കുട്ടി’ എന്ന വാക്കാണ് ആ സ്ഥാനമേറ്റെടുത്തത്. യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‍ലിയ മതം പറഞ്ഞ് വോട്ട് ചോദിക്കുന്നു എന്ന തരത്തിൽ എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണന്റെ അനൗൺസ്മെന്റ് വാഹനത്തിൽ നിന്നാണ് ഈ വിവാദ വാക്ക് ഉയർന്നത്. തെറ്റായ രീതിയില്‍ അനൗണ്‍സ്മെന്‍റ് പോകുന്നുണ്ടെന്ന് മനസിലായ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് വരെ ടി.പി. രാമകൃഷ്ണന് വിശദീകരിക്കേണ്ടിയും വന്നു.
കിറ്റ് ആണ് ബിജെപിയെ വലച്ച വാക്കുകളിലൊന്ന്. തൃശൂർ ജില്ലയിലെ മണലൂർ, തൃശൂർ മണ്ഡലങ്ങളിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി കിറ്റ് തയാറാക്കിയതാണ് ആരോപണത്തിനും സംഘർഷത്തിനും വരെ ഇടയാക്കിയത്. എഫ്.സി.ആർ.എയും ബിജെപിയെ പിടിച്ചുലച്ച വാക്കായി. വിവാദമായ എഫ്.സി.ആർ.എ ഭേദഗതി ബില്ലിനെതിരെ എല്ലാ സഭകളും രംഗത്തുവന്നതാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയത്. കേരളത്തിൽ ന്യൂനപക്ഷ പിന്തുണ നേടാനുള്ള എൻഡിഎയുടെ ശ്രമങ്ങളെയാണ് ഈ വാക്ക് പ്രതിസന്ധിയിലാക്കിയത്.












Click it and Unblock the Notifications