ചുംബനം കൊണ്ട് വിപ്ലവം വരില്ലെന്ന് ജി സുധാകരന്‍
തിരുവനന്തപുരം: ചുംബന സമരത്തിനെതിരെ വീണ്ടും ഒരു സിപിഎം നേതാവ് കൂടി. മുന്‍ മന്ത്രിയും ഒരു കവിയും കൂടി ആയ ജി സുധാകരനാണ് ഇപ്പോള്‍ ചുംബന സമരത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.ചുംബന സമരം കൊണ്ട് വിപ്ലവം വരില്ലെന്നാണ് ജി സുധാകരന്റെ കണ്ടുപിടിത്തം. എന്നാല്‍ പിന്നെ എങ്ങനെയാണ് വിപ്ലവം വരിക എന്നൊന്നും സുധാകരനോട് ചോദിക്കരുത്.
ചുംബനത്തെക്കുറിച്ച് പിണറായി വിജയന്റെ അതേ കാഴ്ചപ്പാട് തന്നെയാണ് സുധാകരനും. ഭാര്യയും ഭര്‍ത്താവും അടച്ചിട്ട മുറിയില്‍ വച്ച് ചെയ്യുന്ന ഏര്‍പ്പാടാണ് ചുംബനം എന്നാണ് സുധാകരന്‍ പറയുന്നത്. അല്ലാതെയുള്ള ചുംബനങ്ങളൊന്നും അംഗാകരിക്കാന്‍ കഴിയില്ലേ എന്ന മറു ചോദ്യത്തിനും പ്രസക്തിയില്ല.

ഭാര്യയും ഭര്‍ത്താവും മാത്രമേ ലോകത്ത് ചുംബിക്കുകയുള്ളോ എന്ന ചോദ്യത്തിനും ഉത്തരം ഉണ്ടാകാനിടയില്ല. നേരത്തെ പിണറായി വിജയന്‍ സമാനമായ പരാമര്‍ശം നടത്തിയപ്പോള്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ ഉത്തരം കിട്ടിയിട്ടും ഇല്ല.
ചുംബന സമരം ശരിയല്ലെന്ന് പറയുമ്പോള്‍ അതിന് പ്രത്യയശാസ്ത്ര പരമായ ഒരു വിശദീകരണം കൂടി സുധാകരന്‍ നല്‍കുന്നുണ്ട്. ചുംബന സമരത്തിന്റെ വര്‍ഗ്ഗ പരമായ സ്വഭാവം നിലവിലെ വ്യവസ്ഥിതിക്ക് എതിരാണെന്നാണ് അദ്ദേഹം പറയുന്നത്.
സിപിഎമ്മിന്റെ ആലപ്പുഴയില്‍ നിന്നുള്ള ശക്തനായ നേതാവാണ് ജി സുധാകരന്‍. ആലപ്പുഴയില്‍ ചുംബന സമരം നടത്തിയപ്പോഴും സുധാകരന്റെ നിലപാട് ഏതാണ്ടിതുപോലെ തന്നെ ആയിരുന്നു. എന്നാല്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും സുധാകരന്റെ നാട്ടുകാരനും ആയ ടിഎം തോമസ് ഐസക്കിന്റെ നിലപാട് വേറെയാണ്. ചുംബനസമരക്കാരെ ആലപ്പുഴയില്‍ നേരിട്ട് കണ്ട് അഭിവാദ്യം അര്‍പ്പിച്ച കക്ഷിയാണ് ഐസക്ക്.












Click it and Unblock the Notifications