ശൈലജ മാത്രമായിരുന്നോ മികച്ച മന്ത്രി? ശൈലജ മത്സരിച്ചത് ആര് നിന്നാലും ജയിക്കുന്ന സീറ്റെന്ന് സുധാകരന്‍
ആലപ്പുഴ: താന്‍ നടത്തുന്നത് പാര്‍ട്ടി വിമര്‍ശനമല്ല പാര്‍ട്ടി നയങ്ങളെ പറ്റി മറ്റാരും പറയാത്തത് തുറന്ന് പറയുന്നതാണ് എന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ ജി സുധാകരന്‍. ക്രിമിനല്‍ മനഃസ്ഥിതിയോടെ പാര്‍ട്ടിയിലേക്ക് കടന്നുവരികയും ക്രിമിനല്‍ അന്തരീക്ഷമുണ്ടാക്കുകയും ചെയ്യുന്നവരെയാണ് പൊളിറ്റിക്കല്‍ ക്രിമിനലെന്ന് താന്‍ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെയും പാര്‍ട്ടിക്ക് യോജിക്കാത്ത കാര്യങ്ങള്‍ ആരെങ്കിലും ചെയ്യുകയോ പാര്‍ട്ടി ലൈനിലല്ലാതെ സംസാരിക്കുകയോ ചെയ്യുമ്പോള്‍ പാര്‍ട്ടിക്കകത്ത് പറഞ്ഞിട്ടുണ്ട് എന്നും അന്ന് അതൊന്നും ആരും ചോദ്യം ചെയ്തിട്ടില്ല എന്നും സുധാകരന്‍ പറഞ്ഞു. താനിപ്പോള്‍ ബ്രാഞ്ച് തലത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നതെന്നും വി എസ് കഴിഞ്ഞാല്‍ ആലപ്പുഴ ജില്ലയിലെ മുതിര്‍ന്ന പാര്‍ട്ടി നേതാവ് താനാണ് എന്നും സുധാകരന്‍ വ്യക്തമാക്കി.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണോ വേണ്ടയോയെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത് എന്നും ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ എല്‍ ഡി എഫ് വിജയിക്കും എന്നും സുധാകരന്‍ അവകാശപ്പെട്ടു. ഒന്നാം പിണറായി സര്‍ക്കാരിനെപ്പോലെ രണ്ടാം സര്‍ക്കാരും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പിണറായിയുമായി നല്ല ബന്ധമാണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.
കെ കെ ശൈലജയോട് വിദ്വേഷമില്ല എന്നും സുധാകരന്‍ വ്യക്തമാക്കി. കെ കെ ശൈലജ ആദ്യമായി എം എല്‍ എ ആകുന്നത് 2006 ല്‍ ആണ്. ഒന്നാം പിണറായി മന്ത്രിസഭയില്‍ ശൈലജ മാത്രമല്ലല്ലോ മികച്ച മന്ത്രിയായുണ്ടായിരുന്നത് എന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരില്‍ ആര് നിന്നാലും ജയിക്കുന്ന സീറ്റിലാണ് ശൈലജ മത്സരിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നയാള്‍ക്ക് സംഘടനാ പാരമ്പര്യവും നേതൃപരിചയവും ഉള്‍പ്പെടെയുള്ള ഗുണങ്ങള്‍ ആവശ്യമാണ്.
പടിപടിയായി വളര്‍ന്നാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ എത്തിയത് എന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കെ കെ ശൈലജയ്ക്ക് യോഗ്യതയില്ലെന്ന് പറയാന്‍ പറ്റില്ല എന്നും പൊളിറ്റ് ബ്യൂറോ അംഗത്തിനെയല്ലേ മുഖ്യമന്ത്രിയായി പരിഗണിക്കാനാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രതികരണങ്ങള്‍ സുധാകരന്‍ നടത്തിയിരുന്നു.
ശൈലജയെ ടീച്ചറമ്മ എന്ന് വിശേഷിപ്പിക്കുന്നതിന് എതിരേയും സുധാകരന്‍ രംഗത്തെത്തിയിരുന്നു. ആരാണ് ഈ ടീച്ചറമ്മ എന്നും ഒരു പ്രത്യേക ആള്‍ മന്ത്രി ആയില്ലെന്ന് വെച്ച് വേദനിക്കേണ്ട കാര്യമൊന്നുമില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. പത്തനംതിട്ട തിരുവല്ലയില്‍ നടന്ന ജോസഫ് എം. പുതുശ്ശേരിയുടെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.












Click it and Unblock the Notifications