Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞുരുക്കാൻ പിണറായി നേരിട്ട് എത്തുമോ? പാർട്ടിയിൽ തുടരുന്ന കാര്യത്തിൽ ജി സുധാകരന് മൗനം തന്നെ, അനുനയ നീക്കങ്ങൾ

സി.പി.എം അംഗത്വം പുതുക്കുന്ന വിഷയത്തിൽ ജി. സുധാകരൻ മൗനവും പാർട്ടി നേതാക്കൾ അനുനയ നീക്കങ്ങളും തുടരുകയാണ്. പാർട്ടിയുടെ കേന്ദ്ര, ജില്ലാ നേതാക്കൾ വീട്ടിൽ നേരിട്ടെത്തി അനുനയ ശ്രമം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ലെന്നാണ് സൂചന. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പാർട്ടി നേതൃത്വം ആവർത്തിക്കുമ്പോൾ, ഇനി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിൽ ഏവരും ഉറ്റുനോക്കുന്ന അവസ്ഥയാണുള്ളത്. ശനിയാഴ്ച പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിനെത്തുന്ന മുഖ്യമന്ത്രി മഞ്ഞുരുക്കലിന് സുധാകരനെ കണ്ടേക്കുമെന്ന് സൂചനയുണ്ട്.

പിണറായി ഉദ്ഘാടകനായ പാലം ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സുധാകരനെ ഉൾപ്പെടുത്തിയിട്ടുണ്ട്. പോസ്റ്ററിൽ അദ്ദേഹത്തിന്റെ ചിത്രവും ചേർത്തിട്ടുണ്ട്. ഉദ്ഘാടനത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സുധാകരനെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം പങ്കെടുക്കാൻ കഴിയില്ലെന്ന് സുധാകരൻ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ മുഖ്യമന്ത്രി വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. അതിനിടെ, അദ്ദേഹം സുധാകരനെ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

പാർട്ടി നേതൃത്വവുമായി ഇടഞ്ഞാണ് നിൽക്കുന്നതെങ്കിലും സുധാകരൻ സി.പി.എം ബന്ധം ഉപേക്ഷിക്കില്ല. പാർട്ടി അംഗത്വം തൽക്കാലം പുതുക്കുന്നില്ലെന്നും അനുഭാവിയായി തുടരുമെന്നുമാണ് അറിയുന്നത്. കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തി സുധാകരനുമായി സംസാരിച്ചിരുന്നു. ഈ കൂടിക്കാഴ്ചയിൽ മഞ്ഞുരുകിയെന്നാണ് സൂചന.

G Sudhakaran

അനുനയത്തിന്റെ ഭാഗമായി പാർട്ടിയിലെ മുതിർന്ന നേതാക്കൾ സുധാകരനുമായി ഫോണിൽ നിരന്തരം സംസാരിക്കുന്നുണ്ട്. എന്നാൽ അവർക്ക് പറയാനുള്ളതെല്ലാം കേൾക്കുന്നതല്ലാതെ അദ്ദേഹം തിരികെ ഒരു ഉറപ്പും നൽകുന്നില്ല. ആലപ്പുഴ ജില്ലയിൽ വളരെയേറെ ജനപിന്തുണയുള്ള മുതിർന്ന നേതാവിന്റെ പാർട്ടിക്കെതിരായ ഏത് നീക്കവും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് തിരക്കിട്ട അനുനയനീക്കം മുതിർന്ന നേതാക്കളുടെ മേൽനോട്ടത്തിൽ പുരോഗമിക്കുന്നത്.

അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരൻ സ്വതന്ത്രനായി ജനവിധി തേടിയേക്കുമെന്ന വാർത്തക്ക് വൻ തോതിൽ പ്രചരിക്കപ്പെട്ടതിനെ തുടർന്നാണ് തിടുക്കത്തിലുള്ള ഒത്തുതീർപ്പ് ചർച്ചകൾ സജീവമായത്. യു.ഡി.എഫിന്റെയോ ബി.ജെ.പിയുടെയോ പിന്തുണയെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വ്യക്തിയെന്ന നിലയിൽ മത്സരിക്കും. ആർക്കുവേണമെങ്കിലും പിന്തുണയ്ക്കാം. പാർട്ടി വിരുദ്ധനാവില്ല'- ഇതാണ് സുധാകരന്റെ നിലവിലെ നിലപാടെന്നറിയുന്നു.

സുധാകരൻ ഇടഞ്ഞുനിന്നാൽ അത് ആലപ്പുഴ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പാർട്ടിയെയും ഇടതുമുന്നണിയെയും ദോഷകരമായി ബാധിക്കുമെന്ന് സി.പി.എമ്മിന് നന്നായിട്ടറിയാം. മൂന്നാമൂഴം ഉറപ്പിച്ച് മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ സുധാകരനെ അകറ്റിനിറുത്തുന്നത് ആത്മഹത്യാപരമാണെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളിലുള്ളത്. സുധാകരനെ പിന്തുണക്കാൻ യു.ഡി.എഫ് തയ്യാറാണെന്ന സൂചനകൾ ലഭിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ സി.പി.എം സുധാകരനുമായി യുദ്ധം ആഗ്രഹിക്കുന്നല്ലെന്നതിന് തെളിവാണ് കേന്ദ്രകമ്മിറ്റിയംഗം സി.എസ്. സുജാതയുടെ സന്ദർശനം.

സുജാതയും ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ സുധാകരന്റെ ബന്ധു ജി. ഹരിശങ്കറുമാണ് വീട്ടിലെത്തി സുധാകരനുമായി കൂടിക്കാഴ്ച നടത്തിയത്. പാർട്ടി നിർദേശപ്രകാരമായിരുന്നു ഇത്. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങിയ ഇരുവരും സാധാരണ സന്ദർശനമെന്നാണ് പ്രതികരിച്ചത്. എന്നാൽ ഈ കൂടിക്കാഴ്ചയിലും അംഗത്വം പുതുക്കില്ലെന്ന നിലപാട് സുധാകരൻ ആവർത്തിച്ചതായാണ് വിവരം.

പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബിയും അറിയിച്ചിട്ടുണ്ട്. സുധാകരൻ പാർട്ടിയിൽ തങ്ങളുടെയൊക്കെ നേതാവാണെന്നും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നുമാണ് ബേബിയുടെ നിലപാട്. സുധാകരൻ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കാൻ പാർട്ടി നേതൃത്വം വേണ്ട രീതിയിൽ ഇടപെടുന്നുണ്ടെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു. 'ജി. സുധാകരനുമായി സംസാരിക്കാൻ പാർട്ടി നേതൃത്വം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ആയിരിക്കുമല്ലോ കേന്ദ്ര കമ്മിറ്റി അംഗം പോയി കണ്ടത്. പാർട്ടി നേതൃത്വം വേണ്ട രീതിയിൽ ഇടപെടുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കും. നേരത്തെ അദ്ദേഹവുമായി സംസാരിച്ചിരുന്നു. പാർട്ടി നേതൃത്വമാണ് ഇടപെടൽ നടത്തേണ്ടത്. അത് നടത്തുന്നുണ്ട്'- മന്ത്രി പറഞ്ഞു. സി.പി.എം അംഗത്വം പുതുക്കാൻ ഈ മാസം 31 വരെ സമയമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+