ജി സുധാകരന്‍ കവിതയെഴുത്ത് തുടരും! തന്റെ കവിതകള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്, എല്ലാവര്‍ക്കും മനസ്സിലാകും
ആലപ്പുഴ: പിണറായി വിജയന്‍ സര്‍ക്കാരില്‍ ഏറ്റവും മികച്ച മന്ത്രിമാരുടെ കണക്കെടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ ഉണ്ടാകും ജി സുധാകരന്‍ എന്ന പൊതുമരാമത്ത് മന്ത്രി. എന്നാല്‍ രണ്ട് ടേം നിബന്ധനയുടെ ഭാഗമായി ഇത്തവണ ജി സുധാകരനെ മത്സരിപ്പിച്ചില്ല.
നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് ജി സുധാകരന്‍. പാര്‍ലമെന്ററി രംഗത്തില്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകനായി തുടരും എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. അതിനൊപ്പം കവിതയെഴുത്തും തുടരുമെന്ന് അദ്ദേഹം പറയുന്നു. വിശദാംശങ്ങള്‍...

സുധാകരന്റെ കവിത
ജി സുധാകരന്റെ കവിതകള്‍ പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. അതിലേറെ അവ ട്രോളുകള്‍ക്കും പാത്രമായിട്ടുണ്ട്. സുധാകരന്റെ കവിതകളെ നിരൂപിക്കുന്നത് തന്നെ ഒരിടയ്ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയിരുന്നു.

കവിത തുടരും
പാര്‍ലമെന്ററി പദവികളില്‍ ഒഴിയുന്നതോടെ കവിതയെഴുതുന്നത് തുടരും എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും താന്‍ ഒരു കരിയറിസ്റ്റ് അല്ലെന്നും അദ്ദേഹം പറയുന്നു.

350 കവിതകള്‍
ജി സുധാകരന്‍ എത്ര കവിതകള്‍ എഴുതിയിട്ടുണ്ടാകും? 350 ഓളം കവിതകള്‍ എഴുതിയിട്ടുണ്ട് എന്നാണ് അദ്ദേഹം തന്നെ പറയുന്നത്. മൂന്ന് കവിതാ സമാഹരങ്ങളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആരാണ് നീ ഒബാമ, ഉണ്ണി മകനേ മനോഹരാ, സന്നിധാനത്തിലെ കഴുത എന്നിവയാണ് അദ്ദേഹത്തിന്റെ കവിതാ സമാഹാരങ്ങള്‍.

കവിതകള്‍ ഇഷ്ടപ്പെടുന്നവര്‍
തന്റെ കവിതകളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. തനിക്ക് കിട്ടുന്ന സന്ദേശങ്ങളില്‍ നിന്നും കത്തുകളില്‍ നിന്നും ഒക്കെയാണ് അദ്ദേഹം ഇക്കാര്യം മനസ്സിലാക്കിയത്. എല്ലാവര്‍ക്കും മനസ്സിലാകുന്നതാണ് തന്റെ കവിതകള്‍ എന്നും താന്‍ ഗദ്യ കവിതകള്‍ എഴുതാറില്ലെന്നും അദ്ദേഹം പറഞ്ഞു.

മത്സരിക്കില്ലെന്ന് നേരത്തെ അറിയാമായിരുന്നു
ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വരില്ല എന്ന കാര്യം തനിക്ക് നേരത്തെ അറിയാമായിരുന്നു എന്നും ജി സുധാകരന്‍ പറയുന്നുണ്ട്. മത്സരിക്കാനുള്ള മാനദണ്ഡം നേരത്തേ തന്നെ തീരുമാനിക്കപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു. സിറ്റിങ് സീറ്റുകളില്‍ പാര്‍ട്ടി പരീക്ഷണത്തിന് മുതിര്‍ന്നതല്ലെന്നും മാനദണ്ഡം പാലിച്ചതാണെന്നും ആണ് അദ്ദേഹത്തിന്റെ വിശദീകരണം.

പ്രചാരണത്തില്‍ സജീവം
താന്‍ പ്രചാരണത്തില്‍ സജീവമായിരുന്നില്ല എന്ന ആരോപണം അദ്ദേഹം തള്ളിക്കളയുന്നുണ്ട്. അങ്ങനെ ആരോപണം വന്നത് മാധ്യമങ്ങളില്‍ മാത്രമാണ്. പാര്‍ട്ടിയ്ക്കുള്ളില്‍ അങ്ങനെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറയുന്നു. പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ എന്നും അദ്ദേഹം പറയുന്നുണ്ട്.

രക്തസാക്ഷി കുടുംബം
രക്തസാക്ഷി കുടുംബമാണ് ജി സുധാകരന്റേത്. സഹോദരന്‍ ജി ഭുവനേശ്വരന്‍ പന്തളം എന്‍എസ്എസ് കോളേജിലെ വിദ്യാര്‍ത്ഥിയായിരിക്കവേ കെഎസ് യു പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ടിരുന്നു. 44 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ആ സംഭവം.












Click it and Unblock the Notifications