‘ആ പാലം’ ഇങ്ങോട്ടു വേണ്ട; ജി സുധാകരൻ ഇടഞ്ഞുതന്നെ, മഞ്ഞുരുക്കാൻ ചെല്ലാതെ പിണറായി
കുട്ടനാടിന്റെ സ്വപ്ന പദ്ധതിയാണെങ്കിലും പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്നതിനാൽ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ പങ്കെടുക്കില്ലെന്ന് ഉറപ്പായിരുന്നു. അങ്ങിനെ തന്നെ സംഭവിച്ചു. പാലം ഉദ്ഘാടനത്തിനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സുധാകരനെ നേരിൽക്കണ്ട് അനുനയിപ്പിക്കാൻ ശ്രമിക്കുമോയെന്ന കാത്തിരിപ്പിലും ആയിരുന്നു രാഷ്ട്രീയ കേരളം. അത് ഉണ്ടായതുമില്ല.
എന്നാൽ, പാലം ഉദ്ഘാടന ചടങ്ങിന്റെ ലൈവ് സംപ്രേക്ഷണത്തിന്റെ ലിങ്ക് സുധാകരന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മഞ്ഞുരുകിയെന്ന് തന്നെ എല്ലാവരും കരുതി. പക്ഷേ, അതിന് അധികം ആയുസ്സുണ്ടായില്ല. ആ ലിങ്ക് എഫ്.ബി.പേജിൽ നിന്ന് നീക്കംചെയ്ത് സുധാകരൻ ഒരു കാര്യം പാർട്ടിയോട് വ്യക്തമാക്കി- 'ആ പാലം തത്കാലം ഇങ്ങോട്ടിടേണ്ട'.
ഉദ്ഘാടനച്ചടങ്ങിന്റെ ലൈവ് സംപ്രേഷണം ഉണ്ടാകുമെന്നു സുധാകരന്റെ ഫേസ്ബുക്ക് പേജിൽ രാവിലെ അറിയിപ്പുണ്ടായതോടെയാണ് പിണക്കത്തിന്റെ മഞ്ഞുരുകി എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നുതുടങ്ങിയത്. എന്നാൽ തന്റെ അറിവോടെയല്ല അറിയിപ്പു വന്നതെന്നും പേജിന്റെ അഡ്മിനാണ് അതു ചെയ്തതെന്നും പറഞ്ഞ സുധാകരൻ ലൈവ് ലിങ്ക് നീക്കം ചെയ്യുകയായിരുന്നു.
ഒരു സി.പി.എം ജില്ലാകമ്മിറ്റിയംഗമാണ് അഡ്മിൻ. പാലം ഉദ്ഘാടനത്തിന് മന്ത്രി മുഹമ്മദ് റിയാസ് സുധാകരനെ ഔദ്യോഗികമായി ക്ഷണിക്കുകയും നോട്ടീസിൽ മുഖ്യാതിഥിയായി പേരും ചിത്രവും ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സുധാകരൻ ആ ക്ഷണം നിരസിച്ചു.ലൈവ് സംപ്രേക്ഷണം പിൻവലിച്ചത് അതൃപ്തി മാറിയിട്ടില്ലെന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്. ഇതോടെ, സുധാകരനും സി.പി.എം നേതൃത്വവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനുള്ള സാധ്യതകൾ മങ്ങിയെന്നാണ് വിലയിരുത്തൽ.

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പാർട്ടിയിൽ നിന്ന് പിണങ്ങിയ സമയത്തുപോലും ഇല്ലാത്ത അനുനയ നീക്കമാണ് സുധാകരന്റെ കാര്യത്തിൽ സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അതുകൊണ്ട് തന്നെ രാവിലെ ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി സുധാകനെ വീട്ടിൽ സന്ദർശിച്ച് സംസാരിക്കുമെന്ന പ്രതീക്ഷ ചില നേതാക്കൾക്ക് ഉണ്ടായിരുന്നു.അതേസമയം, ആലപ്പുഴയിൽ പരിപാടിക്കെത്തിയ മുഖ്യമന്ത്രി സുധാകരന്റെ വീടിനു സമീപത്താണ് ഹെലികോപ്ടറിൽ ഇറങ്ങിയതെങ്കിലും ആ കൂടിക്കാഴ്ച ഉണ്ടായില്ല. 9.45 ന് കാർമൽ പോളിടെക്നിക് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയ മുഖ്യമന്ത്രി റോഡ് മാർഗം മാങ്കൊമ്പിൽ എത്തി നവീകരിച്ച എ.സി റോഡ് ഉദ്ഘാടനം ചെയ്ത് പെരുമ്പളം പാലം ഉദ്ഘാടനത്തിനായി പോകുകയും ചെയ്തു.
പാർട്ടിയുടെ കരുത്തും ശക്തിയുമാണ് ജി. സുധാകരൻ എന്നും ശാരീരിക അവശതകൾ കാരണമാണ് ചടങ്ങിൽ പങ്കെടുക്കാത്തതെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറയുന്നു. 'തെന്നി വീണതിനെ തുടർന്ന് കാലിന് ഒടിവ് പറ്റിയിട്ടുണ്ട്. അതിന്റെ ക്ഷതത്തിൽ നിന്ന് അദ്ദേഹം വിമുക്തനായെങ്കിലും പൂർണ്ണമായി ആരോഗ്യം വീണ്ടെടുത്തിട്ടില്ല. ഇത്രയും ദൂരം യാത്ര ചെയ്യാൻ സാധിക്കില്ലെന്നാണ് കരുതുന്നത്' - ബേബി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കേ, കണ്ണൂരിനും ഇടുക്കിക്കും പുറമേ സി.പി.എമ്മിന്റെ ഉറച്ചകോട്ടയായ ആലപ്പുഴയിലും പ്രശ്നമാകുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അനുനയ നീക്കങ്ങൾ.
പാർട്ടി ജനറൽസെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ജില്ലാസെക്രട്ടറി ആർ. നാസർ എന്നിവരുടെ ഫോണിലൂടെയുള്ള അനുനയ നീക്കം തുടക്കത്തിലേ പാളിയിരുന്നു.
തുടർന്ന് കേന്ദ്രകമ്മിറ്റിയംഗം സി.എസ്. സുജാതയും ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ സുധാകരന്റെ ബന്ധു ജി. ഹരിശങ്കറും വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്. പാർട്ടി അംഗത്വം പുതുക്കുന്ന കാര്യത്തിൽ എന്നിട്ടും വിട്ടുവീഴ്ചയുണ്ടായില്ല. പാർട്ടി ബന്ധം ഉപേക്ഷിക്കില്ലെന്നും അനുഭാവിയായി തുടരുമെന്നും സുധാകരൻ അവരെ അറിയിച്ചത് മാത്രമാണ് ഏക ആശ്വാസം.
ആലപ്പുഴ ജില്ലയിൽ വളരെയേറെ ജനപിന്തുണയുള്ള മുതിർന്ന നേതാവിന്റെ പാർട്ടിക്കെതിരായ ഏത് നീക്കവും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നതിനാൽ മുതിർന്ന നേതാക്കളുടെ മേൽനോട്ടത്തിൽ തിരക്കിട്ട അനുനയനീക്കം പുരോഗമിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരൻ സ്വതന്ത്രനായി ജനവിധി തേടിയാൽ പിന്തുണക്കാൻ യു.ഡി.എഫ് തയ്യാറാണെന്ന സൂചനകൾ ലഭിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും.












Click it and Unblock the Notifications