മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു
സിപിഎമ്മുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ മന്ത്രി ജി. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ 'ചെറ്റത്തരം' എന്ന പരാമർശത്തിൽ മറുപടിയുമായി ജി സുധാകരൻ. ഒരു പ്രമുഖ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് സുധാകരന്റെ നിലപാടിനെ വിശേഷിപ്പിക്കാൻ തന്റെ നിഘണ്ടുവിൽ 'ചെറ്റത്തരം' എന്നല്ലാതെ മറ്റൊരു വാക്കില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചത്.
എന്നാൽ ഈ അധിക്ഷേപത്തിന് സരസവും എന്നാൽ അർത്ഥവത്തുമായ മറുപടിയാണ് ജി. സുധാകരൻ നൽകിയിരിക്കുന്നത്. 'ചെറ്റ' എന്ന് വിളിക്കപ്പെട്ടതിൽ തനിക്ക് അഭിമാനമേയുള്ളൂ എന്ന് സുധാകരൻ വ്യക്തമാക്കി. "ചെറ്റ എന്നത് അടിസ്ഥാന വർഗ്ഗത്തിന്റെ പുരയാണ്. പാവപ്പെട്ടവന്റെ വീടാണ് ചെറ്റപ്പുരയും ചെറ്റക്കുടിലും. 18 വയസ്സുവരെ താൻ ജീവിച്ചത് അത്തരമൊരു വീട്ടിലാണെന്നും, അതിനാൽ ആ വിളി തന്നെ അപമാനിക്കലല്ല, മറിച്ച് തന്റെ വേരുകളെ ഓർമ്മിപ്പിക്കലാണെന്നും" അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അർത്ഥഭേദങ്ങൾ കൃത്യമായി അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

പാർട്ടി തന്നെ അവഗണിച്ചു എന്ന സുധാകരന്റെ ആരോപണത്തെ മുഖ്യമന്ത്രി പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നു. സുധാകരനെ ഫോണിൽ മൂന്ന് തവണ വിളിച്ചിട്ടും അദ്ദേഹം എടുത്തില്ലെന്നും മനപ്പൂർവ്വം ഒഴിവാക്കുകയായിരുന്നുവെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാൽ ഈ അവകാശവാദം സുധാകരൻ നിഷേധിച്ചു. മുഖ്യമന്ത്രി തന്നെ വിളിച്ചിട്ടില്ലെന്നും തന്റെ ഫോണിൽ അദ്ദേഹത്തിന്റെ പേര് 'CM' എന്നാണ് സേവ് ചെയ്തിരിക്കുന്നതെന്നും, ആ നമ്പറിൽ നിന്ന് കോളുകൾ ഒന്നും വന്നിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.
പാർട്ടിക്കുള്ളിലെ പ്രായപരിധി നിയമം എല്ലാവർക്കും ബാധകമാണെന്നും ആരും പാർട്ടിക്കതീതരല്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. രണ്ടുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്നു പറയുന്നവരുടെ കൂടെയുള്ള ഒരാൾ ആറാംതവണ മത്സരിക്കാൻ ആലുവ മണൽപ്പുറത്ത് പോയിരിക്കുകയാണ് സുധാകരൻ തിരിച്ചടിച്ചു. സുധാകരനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാഷാപ്രയോഗം അദ്ദേഹത്തിന്റെ നിലവാരമില്ലായ്മയാണ് കാണിക്കുന്നതെന്നും സതീശൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആലപ്പുഴയിലെ രാഷ്ട്രീയ ഗതിവിഗതികളെ ഈ വാക്പോര് എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications