കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയില്‍: സമരസമിതിയുമായി ചര്‍ച്ചക്ക് തയ്യാറാവണമെന്ന് മുസ്ലിം ലീഗ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മംഗലാപുരം-കൊച്ചി ഗെയില്‍ വാതകപൈപ്പ് ലൈന്‍ കടന്നു പോകുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്കകളും പ്രയാസങ്ങളും ദൂരീകരിക്കാന്‍ സര്‍ക്കാര്‍ സമരസമിതിയുമായി തുറന്ന ചര്‍ച്ചക്ക് തയ്യാറാകണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. ഇരകളുടെ നീതിക്കു വേണ്ടിയുള്ള രോദനത്തെ പൊലീസ് ബൂട്ടുകള്‍ കൊണ്ട് ഞെരിച്ച് കൊല്ലാമെന്നത് വ്യാമോഹമാണ്. ഗെയില്‍ പദ്ധതിക്ക് എതിരല്ല. എന്നാല്‍, ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക നിയമം പോലും പാലിക്കാതെ കയ്യൂക്കിന്റെ ഭാഷ പുറത്തെടുക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും.

ജനവാസ കേന്ദ്രങ്ങളിലൂടെ ബലമായി പൈപ്പ് ലൈന്‍ സ്ഥാപിച്ച്, സംരക്ഷണം അവരുടെ മേല്‍കെട്ടിവെച്ച് രക്ഷപ്പെടാമെന്നത് വിലകുറഞ്ഞ തന്ത്രമാണ്. ജനവാസ മേഖലകളെ ഒഴിവാക്കാനും ഇരകള്‍കളോട് മാന്യമായ ഒത്തുതീര്‍പ്പിനും സര്‍ക്കാറും ഗെയില്‍ അധികൃതരും തയ്യാറാവണം. സര്‍ക്കാര്‍ തീരുമാനിച്ചാല്‍ തദനുസരണം നഷ്ടപരിഹാരം നല്‍കാമെന്ന് ഗെയില്‍ അധികൃതര്‍ അറിയിച്ചിട്ടുള്ളതാണ്. 2013ലെ കേന്ദ്രനിയമമനുസരിച്ച് സ്ഥലത്തിന് മാന്യമായ വിലകൊടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈഎടുക്കണം.

kpamajeed

നോട്ട്ബുക്ക് ടെക്സ്റ്റ്ബുക്കിനെ തെറിവിളിച്ചതിൽ കലിപ്പ് തീരുന്നില്ല.. പാർവ്വതിക്കെതിരെ ഹരീഷ് പേരടി
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൊടുങ്ങല്ലൂര്‍, പറവൂര്‍ എന്നിവിടങ്ങളില്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയാണ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കലിന് അനുവദിച്ചത്. തുടര്‍ന്നും പലയിടങ്ങളില്‍ നിന്നായി പരാതികള്‍ വന്നതുകൊണ്ടാണ് പ്രവൃത്തി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍, ബന്ധപ്പെട്ട ഭൂ ഉടമകൾക്ക് ഒരു മുന്നറിയിപ്പുപോലും ലഭിക്കാതെ പ്രസ്തുത സ്ഥലങ്ങളിലെ ഫലവൃക്ഷതൈകള്‍ വെട്ടിമാറ്റി അതിക്രമിച്ച്കടക്കുന്നത് ജനാധിപത്യ രാജ്യത്താണെന്നത് ലജ്ജാകരമാണ്.

മുക്കം എരഞ്ഞിമാവ് കേന്ദ്രീകരിച്ചുണ്ടായ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് വ്യവസായമന്ത്രി എ.സി. മൊയ്തീന്‍ വിളിച്ചുകൂട്ടിയ യോഗത്തിലെ തീരുമാനങ്ങള്‍ പോലും സര്‍ക്കാര്‍ അട്ടിമറിച്ചു. പത്ത് സെന്റ് ഭൂമിയുള്ളവരില്‍ നിന്ന് രണ്ട് സെന്റ് ഭൂമി മാത്രമേ ഏറ്റെടുക്കൂവെന്നും താമസിക്കുന്ന വീടുകള്‍ നഷ്ടപ്പെടില്ലെന്നും യോഗത്തില്‍ ഉറപ്പ്‌നല്‍കിയിരുന്നു. ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കുവാനും ഇരുപത് മീറ്റര്‍ സ്ഥലം ഏറ്റെടുക്കുന്നതില്‍ പത്ത്മീറ്റര്‍ ഉടമക്ക് തന്നെ തിരിച്ചുകൊടുക്കാനും ധാരണയുണ്ടായിരുന്നു.

യോഗതീരുമാനങ്ങള്‍ ലംഘിച്ചെന്ന് മാത്രമല്ല, ഇരകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനോ അവരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരംകാണാനോ ശ്രമിക്കുന്നതിന് പകരം പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ വീണ്ടും അടിച്ചൊതുക്കാനാണ് ശ്രമം. അന്ന്, സമരത്തില്‍ പങ്കെടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും ലാത്തിച്ചാര്‍ജ്ജിലൂടെ മാരകമായ

പരിക്കുപറ്റിയതിനെ ന്യായീകരിക്കുവാന്‍ ശ്രമിച്ച എല്‍.ഡി.എഫ് സര്‍ക്കാര്‍ ഗെയിലിന്റെ പരാതിപ്രകാരം സമരക്കാരെ ജാമ്യമില്ലാത്തവകുപ്പുകള്‍ ഉപയോഗിച്ച് ജയിലിലടച്ചു. പ്രതികള്‍ക്ക് ജാമ്യംലഭിച്ചതിന് ശേഷവും പുതിയകുറ്റങ്ങള്‍ചുമത്താനാണ് പൊലീസ് മുതിരുന്നത്.

തമിഴ്‌നാട് സര്‍ക്കാര്‍ ജനവാസമേഖലയെ ഒഴിവാക്കി ഏഴ് ജില്ലകളില്‍ പുതിയ അലൈന്‍മെന്റ് മാറ്റിക്കൊടുക്കുമ്പോള്‍ കേരളത്തില്‍ മാത്രം എന്തിനാണീ പിടിവശി. എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍ ഉറപ്പുനല്‍കിയ ഒരുകാര്യമാണെന്ന വിധത്തില്‍ ഇക്കാര്യത്തില്‍ മര്‍ക്കടമുഷ്ടികാണിക്കുന്നത് സര്‍ക്കാറിന് ഭൂഷണമല്ല. വികസനം ജനങ്ങള്‍ക്കു വേണ്ടിയും അവരെ വിശ്വാസത്തിലെടുത്തുമാവണം. നന്ദിഗ്രാമും സിംഗൂരും ആവര്‍ത്തിക്കാനാണ് ശ്രമമെങ്കില്‍ ജനാധിപത്യ കേരളം തക്കതായ മറുപടി നല്‍കും. ഇരകളുമായി കൂടിയാലോചനക്ക് തയ്യാറാവാതെ അതിരൂക്ഷമായ അക്രമസമരത്തിലേക്ക് ജനങ്ങളെ തള്ളിവിടുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിനായിരിക്കുമെന്നും കെ.പി.എ മജീദ് മുന്നറിയിപ്പ് നല്‍കി.

English summary
Gail protest; Muslim league asked for a discussion with strike union
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X