കോതമംഗലത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ അപകടം; ഗാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്
കൊച്ചി: കോതമംഗലത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗാലറി തകര്‍ന്ന് വീണ് അപകടം. അടിവാട് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെയായിരുന്നു സംഭവം. അപകടത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. 4000 ത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്.
ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായി കെട്ടിയ താല്‍ക്കാലിക ഗ്യാലറി ഒരു വശത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മത്സരം തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് അപകടം ഉണ്ടായത്.

അടിവാട് മാലിക്ക് ദിനാര്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് അപകടം ഉണ്ടായത്. കളി തുടങ്ങുന്നതിന് 10 മിനിട്ട് മുന്‍പായിരുന്നു അപകടം ഉണ്ടായത്. ഹീറോ യങ്‌സ് എന്ന ക്ലബ് സംഘടിപ്പിച്ച ടൂര്‍ണമെന്റിനിടെയായിരുന്നു അപകടം. മത്സരത്തിന്റെ ഫൈനലായിരുന്നു നടക്കാനിരുന്നത്. കവുങ്ങിന്റെ തടികൊണ്ട് നിര്‍മ്മിച്ച താല്‍ക്കാലിക ഗാലറിയാണ് തകര്‍ന്നത്. മത്സരം തുടങ്ങുന്നതിന് മുന്‍പ് വിജയികള്‍ക്കുള്ള ട്രോഫിയുമായി സംഘാടകര്‍ ഗ്രൗണ്ടിനകത്ത് വലം വയ്ക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. പ്രവേശന ടിക്കറ്റിന് 50 രൂപയായിരുന്നു.
പരിക്കേറ്റവരെ മൂവാറ്റുപുഴയിലും കോതമംഗലത്തുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 22 ലധികം പേരെ ആശുപത്രിയിലെത്തിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. 15 പേര്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയിലും 5 പേര്‍ കോതമംഗലം ധര്‍മഗിരി ആശുപത്രിയിലും ചികിത്സയിലാണ്. 2 പേരെ വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും കൈകാലുകള്‍ ഒടിഞ്ഞിട്ടുണ്ട്.
താല്‍ക്കാലിക ഗ്യാലറിയില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണം. വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. സംഭവ സ്ഥലത്ത് വന്‍ പൊലീസ് സംഘമാണ് നിലയുറപ്പിച്ചിട്ടുള്ളത്.












Click it and Unblock the Notifications