'ഷംസീർ ഒരു മാപ്പും പറയില്ല, പറഞ്ഞത് ശാസ്ത്രം': സ്പീക്കർക്ക് പൂർണ്ണ പിന്തുണ നല്‍കി എംവി ഗോവിന്ദന്‍
തിരുവനന്തപുരം: മിത്തുകളും ശാസ്ത്രവും ബന്ധപ്പെട്ട വിഷയത്തില്‍ സ്പീക്കർ എഎന്‍ ഷംസീർ പറഞ്ഞത് മുഴുവന്‍ ശരിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിഷയത്തില്‍ സ്പീക്കർ മാപ്പ് പറയുകയോ തിരുത്തി പറയുകയുമില്ല. അദ്ദേഹത്തിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങള്‍ക്കിടയില്‍ വർഗ്ഗീയ ധ്രൂവീകരണം നടത്താന്‍ ശ്രമിക്കുകയാണ്. മതവിശ്വാസത്തിന് എതിരായ നിലപാട് സിപിഎമ്മിനില്ലെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
സിപിഎം മതവിശ്വാസത്തിന് എതിരാണെന്ന പ്രചാരണം എല്ലാ കാലത്തും എതിരാളികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഒരു കാലത്തും മതവിശ്വാസത്തിന് എതിരായ നിലപാട് സിപിഎം എടുത്തിട്ടില്ല. വിശ്വാസികളുടേയും വിശ്വാസികള്‍ അല്ലാത്തവരുടേയും ജനാധിപത്യ അവകാശം സംരക്ഷിക്കുകയുമാണ് സിപിഎം ചെയ്യുന്നത്. ആ നിലപാട് സിപിഎം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

'ഗണപതി മിത്ത് അല്ലാതെ പിന്നെ ശാസ്ത്രമാണോ. ഇക്കാര്യം തുറന്ന് പറയുന്നതില്‍ ഞങ്ങള്‍ക്ക് ഒരു മടിയും ഇല്ല. പരശുരാമന്‍ മഴു എറിഞ്ഞ് ഉണ്ടാക്കിയതാണ് കേരളം എന്ന് പറയുന്നത് മിത്താണോ ശാസ്ത്രമാണോ. വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസ പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കാം. അതിനോട് വ്യത്യസ്തയുള്ള ആളുകളും ലോകത്തുണ്ട്. അവർ അതൊന്നും പറയാന്‍ പാടില്ലെന്ന നിലപാട് ശരിയല്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ളത് സിപിഎമ്മില്‍. പ്രത്യേകിച്ച് ഹിന്ദു വിഭാഗത്തില്‍ നിന്ന്' പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഇതില്‍ ജാഗ്രതക്കുറവിന്റെ യാതൊരു വിഷയവുമില്ല. ഞങ്ങള്‍ എല്ലാവരും തന്നെ പ്രസംഗിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. സ്പീക്കർ രാഷ്ട്രീയമല്ല, ശാസ്ത്രമാണ് പറഞ്ഞത്. ഈ വിഷയത്തില്‍ സ്പീക്കറുമായി സംസാരിച്ചിട്ടില്ല. അതിന്റെ ആവശ്യമില്ല. അദ്ദേഹത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള ഒറ്റപ്പെട്ട ആക്രമണം വന്നാല്‍ അതിനെതിരെ പാർട്ടി ശക്തമായി പ്രതികരിക്കും. അത്തരം പരാമർശങ്ങള്‍ മാത്രമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. മനുഷ്യ സമൂഹത്തില്‍ ആകെ വേണ്ടത് ശാസ്ത്ര ബോധമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാടിലേക്ക് കൂടുതല്‍ പോവുകയാണ്. ഇപ്പോൾ അഭിപ്രായം പറയുന്ന കോൺഗ്രസ് നേതാക്കൾ നെഹറുവിന്റെ പുസ്തകങ്ങൾ വായിക്കണം. ചരിത്രത്തെ കാവി വൽക്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഏറ്റവും കുറഞ്ഞത് ശശി തരൂർ പറഞ്ഞതെങ്കിലും എന്താണെന്ന് കേള്‍ക്കണം. ഗണപതി ക്ഷേത്രത്തിൽ പോയി വഴിപാട് നടത്തുന്നതിൽ പാർട്ടിക്ക് എതിരഭിപ്രായം ഇല്ല. പക്ഷെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നില്ലേയെന്ന് സ്വയം പരിശോധിക്കാൻ എൻഎസ്എസ് തയ്യറാകണമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications