ഗാന്ധിമതി ബാലന്‍ അന്തരിച്ചു: മലയാളത്തിന് നിരവധി ക്ലാസിക് ചിത്രങ്ങള്‍ സംഭാവന ചെയ്ത നിർമ്മാതാവ്
മലയാള ചലച്ചിത്ര ലോകത്തിന് എന്നും അഭിമാനിക്കാവുന്ന നിരവധി ചിത്രങ്ങള്‍ സംഭാവന ചെയ്ത പ്രമുഖ നിർമ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാന്‍ കൂടിയായിരുന്നു. 2015ൽ കേരളത്തിൽ ദേശീയ ഗെയിംസിന്റെ ഗെയിംസ് ചീഫ് ഓർഗനൈസറായിരുന്നു.
കാലമേന്മയുള്ള ചിത്രങ്ങളുടെ നിർമ്മാതാവ് എന്ന നിലയിലാണ് ഗാന്ധിമതി ബാലന്‍ മലയാള സിനിമാ ചലച്ചിത്ര ലോകതത്ത് തന്റേതായ ഇടം കണ്ടെത്തിയത്. ഗാന്ധിമതി ഫിലിംസിന്റെ ബാനറിലായിരുന്നു അദ്ദേഹം സിനിമകള്‍ നിർമ്മിച്ചിരുന്നത്. പഞ്ചവടിപ്പാലം, മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, തുവാനത്തുമ്പികള്‍ തുടങ്ങിയ സിനിമകള്‍ളെല്ലാം അദ്ദേഹം നിർമ്മിച്ചതാണ്.

കെ.ജി ജോര്‍ജിന്റെയും അരിവിന്ദന്റെയും പദ്മരാജന്റെയും കഴിവില്‍ വിശ്വാസം അർപ്പിച്ച് ഗാന്ധിമതി ബാലന്‍ പണം ഇറക്കിയതോടെയാണ് മലയാളത്തിലെ പല ക്ലാസിക്ക് ചിത്രങ്ങളും പിറവിയെടുത്തത്. ബാലചന്ദ്ര മേനോൻ, ജെ. ശശികുമാർ, വേണു നാഗവല്ലി, ജോഷി ചിത്രങ്ങൾക്കും ഗാന്ധിമതി ബാലന്‍ നിർമ്മാതാവായിട്ടുണ്ട്.
സിനിമ നിർമ്മാണ രംഗത്ത് നിന്നും പതിയെ പിന്‍വാങ്ങിയ അദ്ദേഹം ഏതാനും വർഷങ്ങള്‍ക്ക് മുമ്പ് മകളുടെ സൈബർ ഫോറൻസിക് ലാബും സൈബർ ഫോറൻസിക് സോഫ്റ്റ്‌വെയറുകളും ചേർന്ന സ്ഥാപനത്തിന്റെ ചുമതലയിലേക്ക് കടന്നിരുന്നു. ആലിബൈ എന്ന ഈ സ്ഥാപനം രാജ്യത്തെ ഒട്ടുമിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനമായും വളർന്നു.
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഇത്തിരി നേരം ഒത്തിരി കാര്യം' എന്ന സിനിമയാണ് ബാലന്റെ നിർമ്മിച്ച ആദ്യ ചിത്രം. തുടർന്ന് മുപ്പതിലേറെ സിനിമകള്‍ അദ്ദേഹം നിർമ്മിച്ചു. സ്ഫടികം, കിലുക്കം തുടങ്ങിയ എക്കാലത്തേയും ഹിറ്റ് സിനിമകളുടെ നിർമാണച്ചുമതലയ്ക്കു നേതൃത്വം നൽകിയ അദ്ദേഹത്തിന് തിരുവനന്തപുരത്ത് ധന്യ, രമ്യ എന്നീ പേരില്‍ രണ്ട് തിയേറ്ററുകളുമുണ്ടായിരുന്നു.
പേര് വന്ന വഴി
ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ പേരായിരുന്നു ഗാന്ധിമതി എന്നത്. ആ പേര് തന്റെ പേരിനോടൊപ്പം ബാലന്‍ ചേർക്കുകയായിരുന്നു. താരസംഘടനയായ അമ്മയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയ അദ്ദേഹം അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്.
കുടുംബം
ഭാര്യ: അനിത ബാലൻ. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ- ആലിബൈ സൈബർ ഫോറൻസിക്‌സ്), അനന്ത പത്മനാഭൻ (മാനേജിങ് പാർട്ണർ - മെഡ്‌റൈഡ്, ഡയറക്ടർ-ലോക മെഡിസിറ്റി). മരുമക്കൾ: കെ.എം.ശ്യാം (ഡയറക്ടർ - ആലിബൈ സൈബർ ഫോറെൻസിക്‌സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിങ് ആൻഡ് എക്‌സ്‌പോർട്‌സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).












Click it and Unblock the Notifications