ദിലീപിന് കട്ടസപ്പോര്‍ട്ട്.. മീനാക്ഷിയുടെ ദു:ഖം, കാവ്യയുടെ വേദന.. ഇടത് എംഎല്‍എ ദിലീപിനൊപ്പം!
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് വേണ്ടി അപ്രതീക്ഷിതമായ നീക്കങ്ങളാണ് നടക്കുന്നത്. ആലുവ സബ് ജയിലേക്ക് കഴിഞ്ഞ രണ്ട് ദിവസങ്ങളായി താരങ്ങളുടെ ഒഴുക്കാണ്.ദിലീപ് അഴിയെണ്ണി അന്‍പതിലധികം ദിവങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ കാണാത്ത സന്ദര്‍ശകരാണ് ദിലീപിനെ കാണാനെത്തുന്നത്. ഇതുവരെ കാണാത്ത ഈ തുറന്ന പിന്തുണ, അണിയറയില്‍ എന്ത് നീക്കങ്ങളാണ് നടക്കുന്നത് എന്ന സംശയമാണ് ഉയര്‍ത്തുന്നത്. ദിലീപിനെ കാണാനെത്തിയ ഗണേഷ് കുമാര്‍ എംഎല്‍എ ചില വിഷയങ്ങള്‍ തുറന്നടിച്ച് തന്നെ പറഞ്ഞിരിക്കുന്നു.

ദിലീപിനെ കാണാൻ ഒഴുക്ക്
ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലില്‍ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും എത്തിയതിന് പിന്നാലെയാണ് സിനിമാരംഗത്ത് നിന്നും പലരായി എത്തിത്തുടങ്ങിയത്. ഇക്കൂട്ടരില്‍ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം ഭരണപക്ഷ എംഎല്‍എ കൂടിയായ നടന്‍ ഗണേഷ് കുമാറിന്റേത് ആയിരുന്നു.

ദിലീപ് തെറ്റുകാരനല്ല
തന്റെ സര്‍ക്കാരിന്റെ പോലീസ് കുറ്റക്കാരനെന്ന് കണ്ടെത്തി ജയിലില്‍ ഇട്ടിരിക്കുന്ന സഹപ്രവര്‍ത്തകന്റെ കാര്യത്തില്‍ ഗണേഷ് കുമാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് അമ്പരപ്പിക്കുന്നതാണ്. കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നത് വരെ ദിലീപ് തെറ്റുകാരനല്ലെന്നാണ് എംഎല്‍എയുടെ വിശദീകരണം

ദിലീപിനൊപ്പം
താന്‍ ദിലീപിനൊപ്പമാണ് എന്ന് തുറന്ന് പ്രഖ്യാപിക്കുകയാണ് ഗണേഷ് കുമാര്‍ ചെയ്തിരിക്കുന്നത്. താന്‍ എംഎല്‍എ ആയല്ല, മറിച്ച് 25ഓളം വര്‍ഷങ്ങളായി സിനിമയില്‍ തന്റെ സഹപ്രവര്‍ത്തകനായ ആളെ കാണാനെത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ഗണേഷ് കുമാര്‍ ന്യായീകരിക്കുന്നു

മകളേയും ഭാര്യയേയും കണ്ടു
തന്റെ പാര്‍ട്ടി ചെയര്‍മാനും പിതാവുമായ ആര്‍ ബാലകൃഷ്ണ പിള്ളയുടെ നിര്‍ദേശ പ്രകാരമാണ് ദിലീപിനെ കാണാനെത്തിയത്. നേരത്തെ ദിലീപിന്റെ അമ്മയേയും മകളേയും ഭാര്യയേയും വീട്ടില്‍ ചെന്ന് കണ്ടിരുന്നുവെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

പോലീസിന് തെറ്റ് പറ്റിയോ
ദിലീപിന്റെ കാര്യത്തില്‍ പോലീസിന് തെറ്റ് പറ്റിയിട്ടുണ്ട് എങ്കില്‍ അത് തിരുത്തണം എന്ന് പറയാനും എംഎല്‍എ മടി കാണിച്ചില്ല. അതേസമയം ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്ന് പറയാനും ഗണേഷ് കുമാര്‍ മറന്നില്ല.

ഔദാര്യം പറ്റിയവർക്ക് മിണ്ടാട്ടമില്ല
ദിലീപിനെ പിന്തുണയ്ക്കാത്തവരെ വിമര്‍ശിക്കുകയും ചെയ്തു ഗണേഷ് കുമാര്‍. നേരത്തെ നല്ല കാലത്ത് ദിലീപിന്റെ തോളില്‍ കയ്യിട്ട് നടന്നവര്‍ ഇപ്പോള്‍ മിണ്ടുന്നില്ല. അവര്‍ പേടിച്ച് മിണ്ടാതിരിക്കുകയാണ് എന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.

വിമർശനം ഭയന്ന് കയ്യൊഴിയുന്നു
സിനിമയില്‍ ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ അദ്ദേഹം ആപത്തില്‍പ്പെട്ടപ്പോള്‍ കയ്യൊഴിയുന്നത് ശരിയല്ലെന്നും ഗണേഷ് കുമാര്‍ വിമര്‍ശനം ഉന്നയിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനോട് അസൂയ ഉള്ളവരുടെ വിമര്‍ശനം ഭയന്ന് സിനിമാ രംഗത്തുള്ളവര്‍ പിന്തുണ നല്‍കാതിരിക്കരുതെന്നും ഗണേഷ് വ്യക്തമാക്കി

ജാമ്യം നിഷേധിച്ചത്
സ്ത്രീകളെ പീഡിപ്പിച്ച പണച്ചാക്കുകള്‍ക്ക് ജാമ്യം ലഭിക്കുന്നു. പീഡനക്കേസില്‍ ഉള്‍പ്പെട്ട വിന്‍സെന്റ് എംഎല്‍എയ്ക്കും ജാമ്യം ലഭിച്ചു. ദിലീപിനെ പോലൊരു കലാകാരന് മാത്രം ജാമ്യം നിഷേധിച്ച് ഉള്ളില്‍ തള്ളിയതിനോട് വ്യക്തിപരമായി യോജിപ്പില്ല.

കേസ് വിഷയം സംസാരിച്ചില്ല
ദിലീപിനോട് കേസിന്റെ കാര്യമൊന്നും താന്‍ സംസാരിച്ചില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. നടിയെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം പറയാതെ ഒഴിഞ്ഞ് മാറുകയും ചെയ്തു ഭരണപക്ഷ എംഎല്‍എ കൂടിയായ ഗണേഷ് കുമാര്‍. എല്ലാവര്‍ക്കും നീതിലഭിക്കണം എന്നതായിരുന്നു നടിയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം.

കുടുംബത്തിന്റെ വേദന
അതേസമയം ദിലീപിന്റെ കുടുംബത്തിന്റെ വേദന പങ്കുവെയ്ക്കാനും എംഎല്‍എ മറന്നില്ല. ദിലീപിന്റെ മകളുടെ ദുഖം, ഭാര്യയുടെ വേദന, കണ്ണ് നേരെ കാണാന്‍ വയ്യാത്ത, പത്തെണ്‍പത് വയസ്സായ അമ്മയുടെ വേദന കാണാതിരിക്കാന്‍ സാധിക്കില്ലെന്നും ഗണേഷ് പറഞ്ഞു. ശബ്ദം ഇടറിക്കൊണ്ടായിരുന്നു എംഎല്‍എയുടെ പ്രതികരണം

ദിലീപിന് പിന്തുണയേറുന്നു
ദിലീപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുന്നത് വരെ സിനിമാലോകം അദ്ദേഹത്തിന് ഒപ്പം നില്‍ക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ഗണേഷ് കുമാറിനെ കൂടാതെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടന്‍ സുധീര്‍ എന്നിവരടക്കം ഇന്ന് ദിലീപിനെ കാണാനെത്തി












Click it and Unblock the Notifications