ഗണേഷും മന്ത്രിസഭയിലേക്ക്
തിരുവനന്തപുരം: എം എല്‍ എമാരുണ്ടോ കൂടെ ഘടകകക്ഷി നേതാക്കളുണ്ടോ എന്നതൊന്നും ഒരു പ്രശ്നമല്ല, കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണപിള്ള ഒന്ന് നിനച്ചാല്‍ അത് നടന്നിരിക്കും. മന്ത്രിസ്ഥാനം വേണോ അത് കിട്ടും, മന്ത്രിസ്ഥാനം മകന് വേണോ അതും നടക്കും. അതാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ബാലകൃഷ്ണപിള്ളയ്ക്കുള്ള പിടി.
പത്തനാപുരം എം എല്‍ എയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ ബി ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം കൊടുക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിള്ളയ്ക്ക് ഉറപ്പുനല്‍കിയിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്ന് കാത്തിരിക്കണം എന്ന് മാത്രം. യു ഡി എഫ് യോഗത്തിലാണ് ബാലകൃഷ്ണ പിള്ളയ്ക്ക് മുഖ്യമന്ത്രി ഈ ഉറപ്പ് നല്‍കിയിരിക്കുന്നത്.
കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുമ്പോള്‍ ഗണേഷ് കുമാറിനും മന്ത്രിസ്ഥാനം കിട്ടുമെന്ന് കേരള കോണ്‍ഗ്രസ് ശരിക്കും വിശ്വസിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകള്‍ മാത്രം മാറി മന്ത്രിസഭയിലെ നീക്കുപോക്കുകള്‍ ഒതുങ്ങി. അതോടെയാണ് മുഖ്യമന്ത്രിക്കെതിരെ ബാലകൃഷ്ണ പിള്ള പരസ്യമായി രംഗത്തെത്തിയത്.
ഉമ്മന്‍ചാണ്ടി വാക്കുപാലിക്കാത്ത ആളാണ് എന്നായിരുന്നു പിള്ളയുടെ ആക്ഷേപം. തങ്ങളുടെ മന്ത്രിസ്ഥാനം ഏറ്റെടുത്തതുപോലെ ലീഗിന്റെയോ മറ്റേതെങ്കിലും കക്ഷിയുടെയോ മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ പറ്റുമോ എന്ന് അദ്ദേഹം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. കഴിഞ്ഞു, ഇത് സര്‍ക്കാരിന്റെ ഒടുക്കത്തിന്റെ തുടക്കമാണ്.
കോണ്‍ഗ്രസിന് കോഴിവസന്ത പിടിക്കാന്‍ പോകുകയാണെന്നും മുന്നോക്ക കോര്പ്പറേഷന് ചെയര്മാന് സ്ഥാനം രാജിവെക്കാന്‍ തയ്യാറാണ് എന്നും തുറന്നടിച്ചു - എല്ലാറ്റിനും ഫലമുണ്ടായി. സമ്മര്‍ദ്ദ തന്ത്രത്തില്‍ മുഖ്യന് വീണു. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതും ഗണേഷ് കുമാര്‍ തിരികെ മന്ത്രിയാകും. ഇനി അച്ഛനും മകനും തമ്മിലുള്ള അടുത്ത പോര് എന്നുതുടങ്ങും എന്ന് മാത്രം അറിഞ്ഞാല്‍ മതി.