Ganesh Chaturthi Wishes In Malayalam: വിനായക ചതുര്‍ഥി നാളെ, ആശംസകള്‍ നേരാം, ഐതിഹ്യം അറിയാം
ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള ആഘോഷ ചടങ്ങിലൊന്നാണ് വിനായക ചതുര്‍ഥി. ഇത്തവണ സെപ്തംബര്‍ 7 അതായത്, നാളെയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. വിനായക ചതുര്‍ഥിയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ഐതിഹ്യങ്ങളാണ് പലയിടത്തുമുള്ളത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസത്തില്‍ ആണ് വിനായക ചതുര്‍ഥി ആഘോഷിക്കപ്പെടുന്നത്.
ഹിന്ദു ദൈവമായ ഗണപതിയുടെ ജന്മദിനമാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല കെട്ടുകയോ മോദക നിവേദ്യം, ഗണപതിഹോമം എന്നിവ പോലുള്ള വഴിപാടുകള്‍ നടത്തുകയോ ചെയ്യുന്നത് നല്ലതാണ് എന്നാണ് വിശ്വാസം. ജീവിതത്തിലെ എല്ലാ വിഘ്‌നങ്ങളും അകറ്റാന്‍ വിഘ്‌നേശ്വരന് കഴിയും എന്നാണ് വിശ്വാസം. അതിനാല്‍ തന്നെ ഹൈന്ദവ ആരാധനയില്‍ ഏറെ പ്രാധാന്യമുള്ള ദിനങ്ങളിലൊന്നാണിത്.

മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ വിനായക ചതുര്‍ഥി ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിരുന്നത്. അടുത്തിടെയായി കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളില്‍ വലിയ പ്രധാന്യത്തോടെയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ചില ക്ഷേത്രങ്ങളില്‍ അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യാറുണ്ട്.
എല്ലാ വര്‍ഷവും ഏകദേശം ആഗസ്റ്റ് 22 നും സെപ്റ്റംബര്‍ 20 നും ഇടയിലാണ് ഗണേശ ചതുര്‍ത്ഥി വരുന്നത്. രാജ്യത്തുടനീളം പത്ത് ദിവസത്തെ ഉത്സവമായാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ഗജാനനന്‍, ധൂമ്രകേതു, ഏകദന്ത, വക്രതുണ്ഡ, സിദ്ധി വിനായക, വിഘ്‌നേശ്വര്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന ഗണപതിയെ ജ്ഞാനത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവനായാണ് വിശേഷിപ്പിക്കുന്നത്.
വിനായക ചതുര്‍ഥിയോട് അനുബന്ധിച്ച് വിശ്വാസികള്‍ വ്രതം ആചരിക്കാറുണ്ട്. തലേ ദിവസം മുതല്‍ മത്സ്യ മാംസാദികള്‍ ത്യജിച്ച് പൂര്‍ണ്ണമായും ബ്രഹ്‌മചര്യം പാലിച്ചാണ് വ്രതം നടത്തുക. ഈ ദിവസം അമ്പലങ്ങളിലും പൂജാമുറിയിലും ഗണേശപുരാണം, അഷ്ടോത്തരം, ഗണേശ ഗായത്രി, സഹസ്രനാമം, സങ്കട നാശന ഗണേശ സ്‌തോത്രം എന്നിവ ജപിക്കാം. ഈ വിനായക ചതുര്‍ഥി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിക്കാം
എല്ലാവര്‍ക്കും വിനായക ചതുര്‍ഥി ആശംസകള്‍
വിഘ്‌നങ്ങളെല്ലാം നീക്കാന്‍ വിഘ്‌നേശ്വരന്റെ അനുഗ്രഹമുണ്ടാകട്ടെ, വിനായക ചതുര്‍ഥി ആശംസകള്‍
ഗണേശനെ മനസറിഞ്ഞ് പ്രാര്‍ത്ഥിച്ച് വിനായക ചതുര്‍ഥി ആചരിക്കാം, ആശംസകള്‍
ഓം ഗണ ഗണപതേ നമോ നമ! ശ്രീ സിദ്ധിവിനായക് നമോ നമ! അസ്ത വിനായക് നമോ നമ! ഗണപതി ബാപ്പ മൊറയ്യ!
നീതിയുടെ പാതയില്‍ സഞ്ചരിക്കാന്‍ സിദ്ധി വിനായകന്റെ അനുഗ്രഹമുണ്ടാകട്ടെ
ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം, ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം












Click it and Unblock the Notifications