മാലിന്യത്തിൽ നിന്നും ജല സ്രോതസ്സുകളെ സംരക്ഷിക്കാൻ ജനകീയ കൂട്ടായ്മ
വടകര: ശുദ്ധജല സ്രോതസ്സുകൾ മലിന മാക്കുകയും, നശിപ്പിക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ കാലഘട്ടത്തിൽ ജലസ്രോതസ്സുകൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കടവ് പരിസ്ഥിതി സംരക്ഷണ പഠന ഗവേഷണ കേന്ദ്രം എന്ന സംഘടനയ്ക്ക് രൂപം നൽകിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു."ഒരു ദിവസത്തെ സേവനം,അര ദിവസത്തെ വേതനം,പരിസ്ഥിതി സംരക്ഷണം"എന്നതാണ് കടവിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ വടകര നഗരസഭ,ചോറോട് പഞ്ചായത്ത് പരിധിയിലുള്ള നടക്കുതാഴ-ചോറോട് കനാൽ,ഏറാമല ഗ്രാമപഞ്ചായത്തിലൂടെ എട്ട് കിലോമീറ്റർ ഒഴുകി കൊണ്ടിരിക്കുന്ന പുഞ്ചത്തോട്,തോണി തലക്കൽ പുഴ,കളിയാം വെള്ളി പുഴ എന്നിവ മരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇവയെ സംരക്ഷിച്ച് ശുദ്ധജല സ്രോതസ് വീണ്ടെടുക്കാനായി പുഴ വൃത്തിയാക്കൽ,സംരക്ഷണം,സൗന്ദര്യ വൽക്കരണം എന്നിവ നാട്ടിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെയും,സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ പുഴ വീണ്ടെടുക്കൽ മഹാ യജ്ഞം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായി ഭാരവാഹികൾ പറഞ്ഞു.ഇക്കഴിഞ്ഞ ഒന്നാം തിയ്യതി മുതൽ ആയിരത്തിലധികം വരുന്ന വളണ്ടിയർമാർ ഓർക്കാട്ടേരി തോണിതലക്കൽ പാലം മുതൽ വൈക്കിലശ്ശേരി ഇല്ലത്ത് താഴ പാലം വരെ പുഴ വൃത്തിയാക്കിയതായി ഇവർ പറഞ്ഞു.മൈനർ ഇറിഗേഷൻ ഡിപ്പാർട്ട് മെന്റ്,നബാർഡ് എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തി പുഴയുടെ ഭിത്തി നിർമ്മാണം,ചീർപ്പുകളുടെ നിർമ്മാണം എന്നിവ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

രണ്ടാം ഘട്ടമെന്ന നിലയിൽ എടച്ചേരി തണൽ റിഹാബിലിറ്റേഷൻ സെന്ററിന് സമീപം 15 ലക്ഷം ലിറ്റർ മഴവെള്ള സംഭരണി നിർമ്മാണം, മൂന്നാം ഘട്ടത്തിൽ കാർത്തികപ്പള്ളി മുതുവറ്റ പാറയ്ക്ക് സമീപത്തെ ഇറിഗേഷൻ കനാൽ സംയോജനം,നാലാം ഘട്ടത്തിൽ ഉയർന്ന പ്രദേശങ്ങളിലെ ആയിരം കിണറുകൾ റീ ചാർജ് എന്നിവ നടപ്പാക്കും.പദ്ധതി നടപ്പിലാക്കാനുള്ള പ്രചരണത്തിന്റെ ഭാഗമായി പുഴയോരത്തു കൂടെ മെയ് 6ന് വൈകീട്ട് നാലു മണിക്ക് വിളംബര ജാഥ നടത്തും.സി.കെ.നാണു.എം.എൽ.എ.ജാഥ ഫ്ലാഗ് ഓഫ് ചെയ്യും.വാർത്താ സമ്മേളനത്തിൽ സംഘടനയുടെ പ്രസിഡണ്ട് ടി.കെ.സജീവൻ,സെക്രട്ടറി വി.മോഹനബാബു,ട്രഷറർ വി.സുരേഷ്,കെ.രാജീവൻ,ഏ.കെ.വിജയൻ എന്നിവർ പങ്കെടുത്തു












Click it and Unblock the Notifications