'ഒരാള്‍ക്ക് സ്വയം കഴുത്ത് ഞെരിച്ച് ജീവനൊടുക്കാനാവില്ല; നയനയുടെ കേസില്‍ പൊലീസിന് വീഴ്ച സംഭവിച്ചു'
കൊച്ചി: സംവിധായിക നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്ന വിവാദത്തില്‍ പ്രതികരിച്ച് മുന്‍ എസ് പി ജോര്‍ജ് ജോസഫ്. നയന സൂര്യ കൊല്ലപ്പെട്ടത് കഴുത്ത് ഞെരിച്ച് തന്നെയാണെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. കേസ് അന്വേണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിന്റി ഫോര്‍ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നയന സൂര്യയുടെ മരണം കഴുത്ത് ഞെരിച്ച് തന്നെയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കഴുഞ്ഞു ഞെരിച്ചു എന്നതാണ് പ്രധാനം. ഒരാള്‍ക്ക് സ്വയം കഴുത്ത് ഞെരിച്ച് ജീവനൊടുക്കാന്‍ സാധിക്കില്ല എന്നതാണ് എന്റെ നിഗമനം. അങ്ങനെ ഇതുവരെ കണ്ടിട്ടില്ല. അങ്ങനെ അരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ബ്ലണ്ടറാണ്. ഒപ്പമുണ്ടായിരുന്ന കുട്ടി അന്ന് അവിടെ ഉണ്ടായിരുന്നില്ല. അവര്‍ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.

അടിവയറ്റിലെ ചവിട്ടും ആന്തരീകാവയവങ്ങള്‍ക്കുണ്ടായ ക്ഷതവും എങ്ങനെ ഉണ്ടായി. ഗൂഹ്യ സ്ഥാനത്തും ഇതുപോലെ ഒട്ടുന്ന പഥാര്‍ത്ഥം കണ്ടു. ഇക്കാര്യവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇത് എങ്ങനെ സംഭവിച്ചെന്നും അദ്ദേഹം ചോദിക്കുന്നു. സ്വന്തമായി സിനിമ ചെയ്യാന്‍ നയന ആരുടെയെങ്കിലും കയ്യില്‍ നിന്ന് പണം വാങ്ങിയിരുന്നോ എന്നുള്ള കാര്യം പൊലീസ് അന്വേഷിക്കണമായിരുന്നു.

മരണം കൊലപാതകം തന്നെയാണെന്നാണ് കരുതുന്നത്. അകത്ത് നിന്ന് വാതില്‍ പൂട്ടിയ നിലയിലുള്ള രണ്ട് കൊലപാതകങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. കേസിലെ അന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. അസ്വഭാവിക മരണത്തിനാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. എന്നാല്‍ കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം.

കഴുത്തിന് ചുറ്റും 31.5 സെ മി വരെ നീള്ളമുള്ള മുറിവുകളാണുള്ളത്. പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായത്. അടിവയറ്റില്‍ ചവിട്ടേറ്റത് പോലുള്ള ക്ഷതവും സംശയാസ്പദമാണ്. ഇത് കൊലപാതകത്തിന്റെ സൂചനയാണെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു. നയനയെ കാണാനെത്തിയവരെ പൊലീസ് ചോദ്യം ചെയ്യണം. കേസ് മുതിര്‍ന്ന ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.

2019 ഫെബ്രുവരി 24ന് തിരുവനന്തപുരത്ത് വീട്ടില്‍ വച്ചായിരുന്നു നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്ത് വര്‍ഷമായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹായിയായിരുന്നു നയന സൂര്യ. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.

വിഷാദരോഗത്തിന് ചികിത്സതേടിയിരുന്ന നയന ആത്മഹത്യചെയ്തതാവാം എന്ന മട്ടിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. പ്രമേഹരോഗിയായിരുന്ന നയന ഷുഗര്‍താഴ്ന്ന അവസ്ഥയില്‍ മുറിക്കുള്ളില്‍ കുഴഞ്ഞുവീണ് പരസഹായംകിട്ടാതെ മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. ലെനിന്‍ രാജേന്ദ്രന്‍ മരിച്ച് ഒരു മാസം കഴിഞ്ഞപ്പോഴായിരുന്നു നയനയുടെ മരണം.

അതേസമയം, നയനയുടെ മരണവുമായി ഇപ്പോള്‍ ഉയര്‍ന്ന വിവാദത്തില്‍ പ്രതികരിച്ച് സംവിധായിക വിധു വിന്‍സെന്റും രംഗത്തെത്തിയിരുന്നു. അന്തരിച്ച സംവിധായിക നയന സൂര്യന്റെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. നയനയുടെ ചില സുഹൃത്തുക്കളുടെ പക്കല്‍ നേരത്തേ തന്നെ ഈ റിപ്പോര്‍ട്ട് എത്തിയിരുന്നു എന്നാണ് ഇപ്പോള്‍ മനസിലാവുന്നത്. കഴുത്ത് ഞെരിഞ്ഞും ആന്തരികാവയവങ്ങള്‍ തകര്‍ന്നുമാണ് നയന മരണപ്പെട്ടതെങ്കില്‍ ഉറപ്പായും അവരുടെ മരണം അന്വേഷണ വിധേയമാക്കണമെന്ന് വിധു വിന്‍സെന്റ് ആവശ്യപ്പെട്ടു.

അതിനുള്ള ബാധ്യത ഇവിടുത്തെ നിയമ സംവിധാനങ്ങള്‍ക്കുണ്ട്. ഷുഗര്‍ ലെവല്‍ താഴ്ന്ന് കുഴഞ്ഞ് വീണ് മരിച്ചതെന്നാണ് ഞാനടക്കമുള്ള പലരും അന്നറിഞ്ഞത്, പോസ്റ്റ് മാര്‍ട്ടം കഴിഞ്ഞ് ബോഡി കൊണ്ടുവരുമ്പോഴും ആ നറേറ്റീവാണ് എല്ലാവരും കേട്ടത്.. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍ ആരാണ് ഇതിന് പിന്നില്‍ ?

ഇതൊക്കെ അറിയാനുള്ള അവകാശം ഞങളെല്ലാമടക്കമുള്ള അവളുടെ സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കുമുണ്ട്. ഏതെങ്കിലുമൊക്കെ താല്പര്യത്തിന്റെ പേരില്‍ പൊടുന്നനെ ഇല്ലാതായി പോകേണ്ട ജന്മമായിരുന്നില്ല നയനയുടേത്... അടിയന്തിരമായി ഈ വിഷയത്തില്‍ ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായേ തീരൂവെന്ന് വിധു വിന്‍സെന്റ് ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications