നടക്കാൻ പരസഹായം വേണ്ട അവസ്ഥയിലായിരുന്നു പെണ്‍കുട്ടി';സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരെ നടി സജിത മഠത്തിൽ
പടവെട്ട് സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരെ നടി സജിത മഠത്തിൽ. സംവിധായകൻ ആരോപിക്കുന്ന ഗൂഢാലോചന തീയറി അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തുന്നുവെന്ന് നടി പറഞ്ഞു. പരാതിക്കാരിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത് വേദനിപ്പിക്കുന്ന ഒരു ചിത്രമായി ഇന്നും മനസ്സിലുണ്ടെന്ന് നടി പറഞ്ഞു.
'ഇരുപതുകളിലുള്ള ഒരു പെൺകുട്ടി. മുപ്പതു കിലോ പോലും തൂക്കം കാണില്ല. അവൾക്ക് നടക്കാൻ പരസഹായം വേണമായിരുന്നു. ബലാൽസംഗത്തിനിടയിൽ അവളുടെ ബാക്കിന് പരിക്ക് പറ്റിയിരുന്നു. കഠിനമായ രക്തസ്രാവം അവളെ തളർത്തിയിരുന്നു. മൊഴി കൊടുക്കാനുള്ള മാനസികാവസ്ഥ പോലും അവൾക്കുണ്ടായിരുന്നില്ല', നടി ഫേസ്ബുക്കിൽ കുറിച്ചു.

'എനിക്കറിയാം ഞാനിത് എഴുതിയാൽ എനിക്കു നേരെ ഉണ്ടാവാൻ ഇടയുള്ള സൈബർ അറ്റാക്ക് എന്തായിരിക്കും എന്ന്. ചില ഓർമ്മ ചിത്രങ്ങൾ മനസ്സിനെ വേവിക്കുമ്പോൾ എഴുതാതിരിക്കാൻ ആവുന്നില്ല.
അന്ന് സഹായം അഭ്യർത്ഥിച്ച് wcc ക്ക് വന്ന ഒരു ഇമെയിലിൻ്റെ തുടർച്ചയായാണ് ജീവിതത്തിൽ യാതൊരു പരിചയവുമില്ലാത്ത ആ പെൺകുട്ടിയെ കാക്കനാടുള്ള മജിസ്ട്രേറ്റിൻ്റെ വീട്ടുമുറ്റത്തു വെച്ച് ഞാൻ കാണുന്നത്. ഇരുപതുകളിലുള്ള ഒരു പെൺകുട്ടി. മുപ്പതു കിലോ പോലും തൂക്കം കാണില്ല. അവൾക്ക് നടക്കാൻ പരസഹായം വേണമായിരുന്നു. ബലാൽസംഗത്തിനിടയിൽ അവളുടെ ബാക്കിന് പരിക്ക് പറ്റിയിരുന്നു. കഠിനമായ രക്തസ്രാവം അവളെ തളർത്തിയിരുന്നു. മൊഴി കൊടുക്കാനുള്ള മാനസികാവസ്ഥ പോലും അവൾക്കുണ്ടായിരുന്നില്ല.
ആ പരിചയപ്പെടൽ വേദനിപ്പിക്കുന്ന ഒരു ചിത്രമായി ഇന്നും മനസ്സിലുണ്ട്.
പിന്നീട് ഒരിക്കലും ഞങ്ങൾ കണ്ടിട്ടില്ല. ചില സഹായങ്ങൾക്ക് വിളിച്ചിരുന്നു. പറ്റാവുന്നത് ചെയ്തിരുന്നു. ആറു വർഷത്തോളം കഠിനമായ നിയമ പോരാട്ടങ്ങളിലൂടെ അവൾ കടന്നു പോയി. ഒറ്റക്കു തന്നെ. കൂടെ നിൽക്കേണ്ട സർക്കാർ നിയമിച്ച നിയമപാലകർ പോലും തീർത്തും അവളെ കേൾക്കുകപോലും ചെയ്യാതെ അശ്രദ്ധമായി കേസ് കൈകാര്യം ചെയ്തതായി തോന്നി. (എങ്കിലും അവൾ ശക്തമായി അവൾക്ക് പറയാനുള്ളത് പറഞ്ഞിരുന്നു.) ഇന്നും അവളുടെ അവസ്ഥയിൽ വലിയ മാറ്റമൊന്നുമില്ല. തുടർന്നു കേസ് നടത്താനോ ഇതിനോട് പ്രതികരിക്കാനോ സാധിക്കാത്ത വിധം അവൾ വല്ലാത്ത അവസ്ഥയിലാണ് എന്നാണ് മനസിലാക്കാൻ സാധിച്ചത്.
പ്രതിയായ സിനിമാ സംവിധായകനെ എനിക്ക് യാതൊരു പരിചയവുമില്ല. അയാൾ കേസ് ജയിച്ചതിനെ തുടർന്നു മാധ്യമങ്ങളിൽ പറയുന്ന ഗൂഢാലോചന തിയറികേട്ടപ്പോൾ അത്ഭുതം തോന്നി. ഞാൻ നേരിട്ടു കണ്ടത് അപ്പോൾ സത്യമല്ലെ? ആരെയും കാണാൻ ഉള്ള അവസ്ഥ അവൾക്കില്ല എന്നറിയാം.എങ്കിലും മനസ്സുകൊണ്ട് ചേർത്ത് പിടിക്കുന്നു. പോരാടി
തോറ്റവരുടെതു കൂടിയാണ് ഈ ലോകം. കൂടെ ഉണ്ട് എന്നു പോലും പറയാൻ സാധിക്കാത്തവിധം ഞാനും തളർന്നിരിക്കുന്നു',സജിത മഠത്തിൽ കുറിച്ചു.


Click it and Unblock the Notifications
