ഞങ്ങള്‍ കെട്ടിപ്പിടിക്കും..ഉമ്മ വെയ്ക്കും..ആര്‍ത്തവം ആഘോഷിക്കും..! ഞെട്ടിച്ച് പെമ്പിള്ളേര്..!വീഡിയോ
തൃശ്ശൂര്‍: എന്നും പെണ്ണിന് ചുറ്റും മാത്രം അതിര്‍വരമ്പുകള്‍ തീര്‍ക്കുന്നവര്‍ ഈ പെണ്‍കുട്ടികളെ കാണണം. തങ്ങളുടെ സ്വാതന്ത്യം ഉറക്കെ പ്രഖ്യാപിക്കുന്ന ചുണയുള്ള പെണ്‍കുട്ടികള്‍. തൃശ്ശൂര്‍ കോര്പ്പറേഷന് ഓഫീസിന് മുന്നിലാണ് സകലരേയും ഞെട്ടിച്ചുകൊണ്ട് പെണ്‍കുട്ടികള്‍ ' അഴിഞ്ഞാടിയത്' . പ്രശസ്തമായ ഏമാന്മാരെ ഏമാന്മാരെ എന്ന ഗാനത്തിന്റെ പെണ്‍പതിപ്പാണ് അരങ്ങേറിയത്.
ഊരാളി ഗായകസംഘം പാടുകയും പിന്നീട് മെക്സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ കൂടുതല്‍ പ്രശസ്തി നേടുകയും ചെയ്ത ഗാനമാണ് ഏമാന്മാരേ എന്ന ഗാനം. യുവത്വത്തിന്റെ സ്വാതന്ത്ര്യങ്ങളെ വിലക്കുന്ന എല്ലാ വിധ അധികാരകേന്ദ്രങ്ങളേയും ചോദ്യം ചെയ്യുന്നതാണ് ഗാനത്തിന്റെ വരികള്‍. ഈ ഗാനത്തിന്റെ സ്ത്രീപക്ഷ ബദല്‍ ആണ് തൃശ്ശൂര്‍ കോര്പ്പറേഷന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്.
തൃശ്ശൂര്‍ യൂത്ത് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ് എന്ന കൂട്ടായ്മ ജനനയന എന്ന ഗായകസംഘത്തിന്റെ സഹകരണത്തോടെ തയ്യാറാക്കുന്ന വീഡിയോഗാന ചിത്രീകരണമാണ് കോര്പ്പറേഷന് മുന്നില്‍ നടന്നത്. ഗാനത്തിന്റെ പിന്നണിയിലുള്ള സാന്നിദ്ധ്യവും സ്ത്രീകളുടേതാണ്. പെണ്‍കുട്ടികളും ഭിന്നലിംഗക്കാരും ഉള്‍പ്പെടെ ഇരുപതോളം പേര് പങ്കെടുത്തു. തങ്ങള്‍ രാത്രി ഇറങ്ങി നടക്കുമെന്നും മുടിവെട്ടുമെന്നും ലെഗ്ഗിന്‍സ് ധരിക്കുമെന്നും ആര്‍ത്തവം ആഘോഷിക്കുമെന്നും ഗാനം പ്രഖ്യാപിക്കുന്നു.വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.