ഒമ്പതു വയസുകാരി ഇത്ര ഉയരത്തില്‍ തൂങ്ങുമോ? ദുരൂഹത തേടി പോലീസ്, ചേച്ചിയുടെ മരണവും...
ശരണ്യയുടെ 14കാരയായ ചേച്ചി തൃപ്തികയെ ഒന്നര മാസം മുമ്പാണ് ഇതേ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
പാലക്കാട്: വാളയാറിനടുത്ത് നാലാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. അട്ടപ്പളം എയുപി സ്‌കൂള്‍ വിദ്യാര്‍ഥിനി ശരണ്യയെ ആണ് ശനിയാഴ്ച വൈകീട്ട് വീടിനോട് ചേര്‍ന്ന ചെറിയ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കുട്ടിയുടെ ചേച്ചി തൃപ്തികയെയും ഇതേ സ്ഥലത്ത് ഒരു മാസം മുമ്പ് തൂങ്ങി മരിച്ച നിലയില്‍ കണ്ടിരുന്നു.
രണ്ടു പേര്‍ ഒരേ സ്ഥലത്ത് തൂങ്ങിമരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. സംഭവത്തിലെ ഗൗരവം ഉള്‍ക്കൊണ്ട് ശരണ്യയുടെയും തൃപ്തികയുടെയും മരണം പോലിസ് അന്വേഷിക്കുന്നുണ്ട്. രണ്ടു കേസും അന്വേഷിക്കാന്‍ ജില്ലാ പോലിസ് സൂപ്രണ്ട് നിര്‍ദേശം നല്‍കി.

എഎസ്പി പൂങ്കുഴലിയാണ് കേസ് അന്വേഷിക്കുന്നത്. ശരണ്യയുടെ അച്ഛന്‍ ഷാജിയും അമ്മ ഭാഗ്യവതിയും കൂലിവേലക്കാരാണ്. ജോലി കഴിഞ്ഞെത്തിയ ഇവരാണ് ശരണ്യയെ തൂങ്ങിയ നിലയില്‍ കണ്ടത്.

മുറിയുടെ ഉത്തരത്തിലാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഇത്ര ഉയരത്തില്‍ കുട്ടി എങ്ങനെ കുരുക്കിട്ടുവെന്നാണ് സംശയം. ആരുടെയെങ്കിലും സഹായമില്ലാതെ മുതിര്‍ന്ന ആളുകള്‍ക്ക് പോലും ഉത്തരത്തിലേക്ക് എത്തില്ല. ഈ സാഹചര്യത്തില്‍ എട്ട് വയസുകാരി എങ്ങനെ ഇതു ചെയ്‌തെന്നാണ് നാട്ടുകാരുടെ ചോദ്യം.

ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ശരണ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിനാണ് പോലിസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം വരെ ശരണ്യ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നത് കണ്ടവരുണ്ട്. പിന്നെ എങ്ങനെയാണ് പെട്ടെന്ന് പെണ്‍കുട്ടി തൂങ്ങിമരിക്കുകയെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. ഒമ്പതടിയോളമുണ്ട് ഉത്തരത്തിലേക്ക്. അവിടെ മുണ്ട് ഉപയോഗിച്ച തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിക്ക് എങ്ങനെ ഇത്ര ഉയരത്തിലേക്ക് എത്തിയെന്ന ചോദ്യവും പ്രസക്തമാണ്.

ശരണ്യയുടെ 14കാരയായ ചേച്ചി തൃപ്തികയെ ഒന്നര മാസം മുമ്പാണ് ഇതേ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അന്നത്തെ ദിവസം രണ്ടുപേര്‍ വീടിനകത്ത് നിന്നു ഇറങ്ങിപ്പോയതായി ശരണ്യ പോലിസില്‍ മൊഴി നല്‍കിയിരുന്നുവെന്ന് അച്ഛന്‍ പറഞ്ഞു. ദുരൂഹത സംബന്ധിച്ച് പോലിസ് അന്വേഷിക്കണമെന്ന് ഷാജി ആവശ്യപ്പെട്ടു.












Click it and Unblock the Notifications