'ഇവിഎം ഹാക്കിംഗ് സാദ്ധ്യത പറഞ്ഞd പണം വാങ്ങിയ കോണ്‍ഗ്രസുകാർക്കെതിരെ പരാതി കൊടുക്കൂ';കെടി ജലീൽ
ഇവിഎം അട്ടിമറി ആരോപണത്തില്‍ വിശദീകരണവുമായി മുന്‍ മന്ത്രിയും എംഎൽഎയുമായ കെടി ജലീൽ. ഇവിഎം അടിമറിയെ കുറിച്ച് താനല്ല ആദ്യം ആക്ഷേപമുന്നയിച്ചതെന്നും കാസർഗോട്ടെ യുഡിഎഫ് കമ്മിറ്റിയാണെന്നും അതിൻ്റെ അടിസ്ഥാനത്തിലെ ചില സംശയങ്ങളാണ് മാത്രമാണ് താൻ പങ്കുവെച്ചതെന്നും ജലീൽ പറഞ്ഞു. തനിക്കെതിരെ പരാതി കൊടുത്തവർ ആദ്യം പരാതി കൊടുക്കേണ്ടത് ഇവിഎം ഹാക്കിംഗ് സാദ്ധ്യത പറഞ്ഞ് പണം പറ്റിയ കോൺഗ്രസ് നേതാക്കൾക്കെതിരെയാണ്. ഇങ്ങിനെ ഒരു സംഘം പലരെയും സമീപിച്ചതായി കേൾക്കുന്നു. അതാണ് ആദ്യം അന്വേഷിക്കേണ്ടതെന്നും കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം
' ഇലക്ഷൻ കമ്മീഷനും, എൻഐഎക്കും മുൻകൂറായി സമർപ്പിക്കുന്ന ക്ലിപ്പിംഗ്!
മീഡിയ വണ്ണിനും ദാവൂദിനും ഇമേജിൽ കൊടുത്ത ഏഷ്യാനറ്റ് ന്യൂസിൻ്റെ ക്ലിപ്പിംഗ് സമർപ്പിക്കുന്നു. ഇവിഎം അടിമറിയെ കുറിച്ച് ഞാനല്ല ആദ്യം ആക്ഷേപമുന്നയിച്ചത്. കാസർഗോട്ടെ യുഡിഎഫ് കമ്മിറ്റിയാണ്. അതിൻ്റെ അടിസ്ഥാനത്തിലെ ചില സംശയങ്ങളാണ് ഞാൻ പങ്കുവെച്ചത്. ദാവൂദേ, ഓർമ്മയില്ലേ? ഖുർആനിൽ സ്വർണ്ണം കടത്തി എന്ന നിങ്ങളൊക്കെ കെട്ടിച്ചമച്ച കേസിൽ, എൻ.ഐ.എയും, കസ്റ്റംസും, ഇ.ഡിയും ഒരുപാട് എന്നെ ചോദ്യം ചെയ്തതാ. അതുകൊണ്ട് ആ ഉടുക്കൊന്നും കെട്ടി എന്നെ പേടിപ്പിക്കേണ്ട.

എനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി കൊടുത്ത യൂത്ത് കോൺഗ്രസ്സുകാരനും, എൻ.ഐ.എക്ക് പരാതി നൽകിയ ജമാഅത്തെ ഇസ്ലാമിക്കാരൻ വക്കീലും ആദ്യം പരാതി കൊടുക്കേണ്ടത് ഇവിഎം ഹാക്കിംഗ് സാദ്ധ്യത പറഞ്ഞ് പണം പറ്റിയ കോൺഗ്രസ് നേതാക്കൾക്കെതിരെയാണ്. ഇങ്ങിനെ ഒരു സംഘം പലരെയും സമീപിച്ചതായി കേൾക്കുന്നു. അതാണ് എൻ്റെ സംശയത്തിൻ്റെ ആധാരം. ഏത് അന്വേഷണ ഏജൻസിയോടും ഉദുമയിൽ നിന്ന് ജയിച്ച കോൺഗ്രസ് എംഎൽഎയുടെ ആരോപണവും അതുമായി ബന്ധപ്പെട്ട് വന്ന ന്യൂസ് റിപ്പോർട്ടുകളും കൊടുക്കാൻ ഞാൻ ആയിരം വട്ടം സന്നദ്ധനാണ്.
പിന്നെ പിഎംഎ സലാമിനോടാണ്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിക്ക് സ്വന്തം മണ്ഡലത്തിൽ സീറ്റ് നിഷേധിച്ച് സമീറെന്ന ലീഗിൻ്റെയും, നേതാക്കളുടെയും കണക്ക് നോക്കിയിരുന്ന കണക്കപ്പിള്ള 'സമീറിന്' സീറ്റ് കൊടുത്തത് വെറുതെയാണെന്നാണോ താങ്കൾ കരുതിയത്? അയാൾക്കാകട്ടെ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷവും കിട്ടി! ഒന്നാം സ്ഥാനം കുഞ്ഞാപ്പാക്കും! "വേങ്ങര"യിൽ മൽസരിച്ച ഷാജിയാകട്ടെ നജീബ് കാന്തപുരത്തിനും നവാസിനും കുറിക്കോളിക്കുമൊപ്പം ഭൂരിപക്ഷത്തിൻ്റെ കാര്യത്തിൽ വളരെ പിന്നിൽ! താങ്കളെ ലീഗ് 'സിൽക്കി'ൽ ഒതുക്കി വെറും "സിൽക്ക്"സലാമാക്കി!
ഇടതുഭരണത്തിൽ ഗതികെട്ട "മുസ്ലിങ്ങൾ" മലപ്പുറത്തും തിരൂരങ്ങാടിയിലും വോട്ടുകൾ ടാങ്കർ ലോറിക്ക് കൊണ്ടുവന്ന് കൊട്ടിയപ്പോൾ ആ രണ്ട് മണ്ഡലത്തിനും ഇടയിലുള്ള ലീഗിൻ്റെ ഉരുക്കു കോട്ടയായ വേങ്ങരയിൽ അതേ "മുസ്ലിങ്ങൾ'' വോട്ട് കൊട്ടിയത് ചെറിയ പിക്കപ്പ് ലോറിയിലായതിൻ്റെ ഗുട്ടൻസ് എത്ര ആലോചിച്ചിട്ടും അങ്ങോട്ട് പിടികിട്ടുന്നില്ല!'.


Click it and Unblock the Notifications
