'ആഗോള തലത്തില്‍ സ്വര്‍ണവില കുറവ്, കേരളത്തിൽ വിലയിൽ കുതിപ്പ്, അസാധാരണ പ്രതിഭാസം', കാരണമിത്
ഓണം അടുത്ത് വരവെ സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഇന്ന് പവന് മൂവായിരത്തിൽ അധികം രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് വില 1,16,800ലേക്ക് എത്തിയിരിക്കുന്നു.
എന്നാൽ ആഗോള തലത്തിൽ സ്വർണത്തിന് വിലക്കുറവുണ്ടെന്നും കേരളത്തിലാണ് വിലക്കയറ്റമെന്നും സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോർജ് ചൂണ്ടിക്കാണിക്കുന്നു. അതിനുളള കാരണവും ഡോ. മേരി ജോർജ് സീ ന്യൂസ് മലയാളത്തിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കുന്നു.
'' ആഗോള തലത്തില്‍ സ്വര്‍ണവില ഇപ്പോഴും കുറഞ്ഞ് തന്നെ നില്‍ക്കുകയാണ്. എന്തുകൊണ്ടാണ് കേരളത്തില്‍ മാത്രം സ്വര്‍ണവിലയില്‍ കയറ്റമുണ്ടാകുന്നത്. കാരണം ചിങ്ങമാസമാണിത്. ഈ മാസത്തിന്റെ പ്രസക്തി എന്താണെന്ന് വെച്ചാല്‍ ചിങ്ങം വിവാഹത്തിനൊക്കെ കൂടുതലായും ദിവസം കുറിച്ച് കിട്ടുന്ന പ്രിയപ്പെട്ട മാസമാണ്.

എല്ലാ സ്വര്‍ണക്കടകളുടേയും പരസ്യങ്ങള്‍ എടുത്ത് നോക്കിയാല്‍ കാണാം പാദാദികേശം സ്വര്‍ണം അണിഞ്ഞ പെണ്‍കുട്ടികളാണ് ഉണ്ടാവുക. സാധാരണക്കാര്‍ മുതല്‍ പണക്കാര്‍ വരെ ആഗ്രഹിക്കുന്നത് തന്റെ മകള്‍ക്ക് കഴിവിന്റെ അപ്പുറം സ്വര്‍ണം കൊടുത്ത് കല്യാണം നടത്തണം എന്നതാണ്.
അതിനൊരു മറുവശം കൂടിയുണ്ട്. സ്വര്‍ണം കൊടുക്കുന്നത് നല്ലതാണ്. കാരണം എപ്പോഴും മൂല്യം സൂക്ഷിക്കുന്ന വസ്തുവാണ് സ്വര്‍ണം. സ്വര്‍ണം കയ്യിലുണ്ടെങ്കില്‍ നമുക്ക് അത്യാവശ്യം വന്നാല്‍ വിറ്റോ പണയം വെച്ചോ പണം കണ്ടെത്താനാകും. ഭൂമി ആണ് കൈവശം വെച്ചിരിക്കുന്നത് എങ്കില്‍ അത് വിറ്റ് പണമുണ്ടാക്കി ചികിത്സയ്ക്ക് പോകുമ്പോഴേക്കും ചിലപ്പോള്‍ ആള്‍ മരിച്ച് പോകും. എന്നാല്‍ വിവാഹത്തിന് കഴിവിന് അപ്പുറത്തേക്ക് കടം വാങ്ങിയും വീട് വിറ്റും സ്വര്‍ണം വാങ്ങണം എന്നുളള മനോഭാവം മലയാളികള്‍ക്ക് മാറണം.
ആഗോളതലത്തില്‍ വില കുറയുമ്പോഴും കേരളത്തില്‍ സ്വര്‍ണത്തിന് വില കൂടുക എന്നത് ഒരു അസാധാരണ പ്രതിഭാസമാണ്. മലയാളികളുടെ പൊങ്ങച്ചമാണ് അതിനുളള കാരണം. അത് വിട്ട് കളയണം. കഴിവിന് അനുസരിച്ചേ സ്വര്‍ണം വാങ്ങിക്കാവൂ. സ്വര്‍ണത്തോടുളള അതിര് കടന്ന സ്‌നേഹമുണ്ട് മലയാളികള്‍ക്ക്. പെണ്ണിനേക്കാള്‍ വലുതല്ല പൊന്ന്. കേരളത്തില്‍ മാത്രം സ്വര്‍ണത്തിന് വില കൂടാനുളള കാരണമാണിത്.
ജനുവരിയില്‍ മാത്രം 1,31000 രൂപയായിരുന്നു സ്വര്‍ണത്തിന് വില. ആ വിലയിലും കൂടാന്‍ സാധ്യത ഉണ്ടെന്ന് പറയാനാകില്ല. അതേസമയം ഒന്നര ലക്ഷത്തിലേക്ക് പോകില്ല എന്നും പറയാനാകില്ല. കാരണം ആഗോള തലത്തിലെ സംഘര്‍ഷം തുടരുകയാണെങ്കില്‍ വില മുകളിലേക്ക് തന്നെ പോകും. വില 80,000തിനായിരത്തിലേക്ക് വരെ പോകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതിനുളള സാധ്യത ഇപ്പോള്‍ കാണുന്നില്ല''.




Click it and Unblock the Notifications