ആർഎസ്എസ് ആസ്ഥാനത്ത് പോയി മോഹൻ ഭാഗവതിന്റെ നിയമോപദേശം ബില്ലുകളിൽ തേടാം: ജയരാജന്‍
കണ്ണൂർ: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ആർ എസ് എസ്സിന്റെ പ്രാദേശിക നേതാവിന്റെ വസതിയിൽ വെച്ച് ആർ എസ് എസ് മേധാവി മോഹൻഭാഗവതിനെ സന്ദർശിക്കുന്നതിന് പകരം നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്ത് പോയി കാണുന്നതായിരിക്കും കൂടുതൽ അഭികാമ്യമെന്നാണ് ജയരാജന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. ഒരു മാസം മുമ്പ് നിയമസഭ പാസ്സാക്കിയ 12 ബില്ലുകളിൽ പലതും രാജ്ഭവനിലാണുള്ളത്. ആർ എസ് എസ് ആസ്ഥാനത്ത് പോയി മോഹൻഭാഗവതിന്റെ നിയമോപദേശം ബില്ലുകളിൽ തേടിയാൽ ബില്ലുകളിൽ ഒപ്പിടാൻ അദ്ദേഹം താങ്കളെ ഉപദേശിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ആർ എസ് എസിന്റെ പ്രാദേശിക നേതാവിന്റെ വസതിയിൽ വെച്ച് ആർ എസ് എസ് മേധാവി മോഹൻഭാഗവതിനെ സന്ദർശിക്കുന്നതിന് പകരം നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്ത് പോയി കാണുന്നതായിരിക്കും കൂടുതൽ അഭികാമ്യമെന്ന് ഗവർണറെ ഉപദേശിക്കുന്നു. ഇങ്ങിനെ പറയാൻ കാരണം, ഗവർണറുടെ ട്വിറ്ററിൽ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ അവകാശമുണ്ടെന്ന് സമ്മതിച്ചതിനാലാണ്.

ഗവർണർ ആരിഫ് മുഹമ്മദ്ഖാനായതുകൊണ്ട് മന്ത്രിസഭയുടെ മാത്രമല്ല, ജനങ്ങളുടെ ഉപദേശവും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇതുവരെ ഗവർണർ ഈ ഭരണഘടനാവ്യവസ്ഥ അംഗീകരിച്ചിരുന്നില്ല. വി.സി.യെ ക്രമിനലെന്ന് വിളിക്കാനും, തൊണ്ണൂറ് വയസ്സ് കഴിഞ്ഞ ചരിത്രപണ്ഡിതനെ തെരുവുഗുണ്ടയെന്ന് വിളിക്കാനും തനിക്ക് മാത്രമേ അവകാശമുള്ളൂ, മറ്റുള്ളവർ തന്നെ അങ്ങനെ വിളിക്കാനും പാടില്ല, നിയമസഭ പാസ്സാക്കിയ ബില്ലുകൾ ഒപ്പിടില്ല,
വി സിമാരെ പുറത്താക്കും, വി.സി.മാരെ താൻ നിയമിക്കും, വി സിമാരെ നിയമിക്കാനുള്ള സർച്ച് കമ്മിറ്റിയിൽ രണ്ടംഗങ്ങൾ മതി, താൻ 1986 മുതൽ ആർ എസ് എസ്സുകാരനാണ്, പ്രധാനമന്ത്രി ആർ എസ് എസ്സുകാരനായതുകൊണ്ട് തനിക്കും ആർ എസ് എസ്സുകാരനായി പ്രവർത്തിക്കാം, പേഴ്‌സണൽ സ്റ്റാഫിലേക്ക് ആർ എസ് എസ്സുകാരനെ നിയമിക്കാൻ എനിക്ക് അവകാശമുണ്ട്, മന്ത്രിമാർക്ക് അങ്ങനെ ചെയ്യാൻ അധികാരമില്ല.... തുടങ്ങി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നിരവധി പ്രഖ്യാപനങ്ങളും തീരുമാനങ്ങളുമാണ് ഗവർണർ ഇതുവരെ എടുത്തിട്ടുള്ളത്. ഇതാദ്യമായി ഭരണഘടനാ വ്യവസ്ഥ ഇതുപോലെ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്.
ഒരു മാസം മുമ്പ് നിയമസഭ പാസ്സാക്കിയ 12 ബില്ലുകളിൽ പലതും രാജ്ഭവനിലാണുള്ളത്. താങ്കളുടെ തിരക്കറിയാം. എങ്കിലും നിയമസഭയ്ക്ക് നിയമനിർമാണാവകാശമുള്ള ബില്ലുകളാണ് എല്ലാം. എന്നിട്ടും ഒപ്പിട്ടിട്ടില്ല. ആർ എസ് എസ്. ആസ്ഥാനത്ത് പോയി മോഹൻഭാഗവതിന്റെ നിയമോപദേശം ബില്ലുകളിൽ തേടിയാൽ ബില്ലുകളിൽ ഒപ്പിടാൻ അദ്ദേഹം താങ്കളെ ഉപദേശിക്കുമെന്ന് കരുതുന്നു.












Click it and Unblock the Notifications