ഗോവയില്‍ 15 ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ: മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇതുവരേയും തീരുമാനമായില്ല
പനാജി: സ്വതന്ത്രരുടേയും എംജെപിയുടേയും പിന്തുണയോടെ കേവല ഭൂരിപക്ഷത്തിനുള്ള സഖ്യ മറികടന്നിട്ടും ഗോവയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ഉഴലുകയാണ് ബി ജെ പി നേതൃത്വം. ബി ജെ പിയുടെ അപേക്ഷയെ തുടർന്ന് ഗവർണർ പിഎസ് ശ്രീധരൻ പിള്ള മാർച്ച് 15 ന് പുതിയ എം എൽ എമാർക്കായി സത്യവാചകം ചൊല്ലിക്കൊടുക്കുന്നതിനായി സംസ്ഥാന നിയമസഭയുടെ സമ്മേളനം വിളിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയെ ഇതുവരേയും തീരുമാനിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ സർക്കാർ തലവന്റെ സ്ഥാനാരോഹണം പിന്നീടായിരിക്കണം.
അല്ലെങ്കില്‍ നാള കൊണ്ട് ചർച്ചകള്‍ പൂർത്തീകരിച്ച് ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം എടുക്കാന്‍ നേതൃത്വത്തിന് സാധിക്കേണ്ടതുണ്ട്. എന്നാല്‍ അതുണ്ടാവില്ലെന്ന സൂചനകളാണ് ഗോവയില്‍ നിന്നും പുറത്ത് വരുന്നത്.

''എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ഗണേഷ് ഗാവോങ്കർ മാർച്ച് 14 തിങ്കളാഴ്ച രാജ്ഭവനിൽ പ്രോടേം സ്പീക്കറായി സത്യവാചകം ചൊല്ലിക്കൊടുക്കും, അതിനുശേഷം നിയമസഭാംഗങ്ങൾക്കായി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യപ്രതിജ്ഞയോ സ്ഥിരീകരണമോ നടത്തുന്നതിനായി 15.3.2022 ന് രാവിലെ 11:30 ന് പുതിയ നിയമസഭ വിളിച്ചുകൂട്ടാൻ ബഹുമാനപ്പെട്ട ഗവർണർ ഉത്തരവിട്ടിട്ടുണ്ട്," രാജ് ഭവന്‍ പുറത്ത് വിട്ട സർക്കുലറില്‍ വ്യക്തമാക്കുന്നു.

അതേസമയം വകുപ്പുകളുടെ വിതരണവും മുഖ്യമന്ത്രി ചർച്ചകളും ഇപ്പോഴും നിർത്തിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ബി ജെ പിയുടെ കേന്ദ്ര നിരീക്ഷകർ ഇതുവരെ ഗോവയിൽ എത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ പേരും ക്യാബിനറ്റ് വകുപ്പുകളും തിങ്കളാഴ്ചയ്ക്കകം തീരുമാനിച്ചില്ലെങ്കിൽ മാർച്ച് 15 ന്റെ നിയമസഭ സമ്മളേ ഷെഡ്യൂളിൽ മാറ്റമുണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

40 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി ജെ പി 20 സീറ്റും കോൺഗ്രസിന് 11 സീറ്റും സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടി (ജി എഫ് പി) ഒരു സീറ്റും നേടിയിരുന്നു. മൂന്ന് സ്വതന്ത്ര എം എൽ എമാരും തൃണമൂല്‍ സഖ്യത്തില്‍ വിജയിച്ച എം ജെ പിയും പിന്തുണ വാഗ്ദാനം ചെയ്തതിനെത്തുടർന്ന് തുടർച്ചയായ മൂന്നാം തവണയും ബി ജെ പിക്ക് സർക്കാർ രൂപീകരിക്കാൻ സാധിക്കുകയായിരുന്നു.

പുതിയ സർക്കാർ രൂപീകരണത്തിന് വഴിയൊരുക്കി നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ശനിയാഴ്ച ഗവർണർക്ക് രാജിക്കത്ത് നൽകിയിട്ടുണ്ട്. പിന്നാലെ ഗവർണർ അദ്ദേഹത്തെ കാവൽ മുഖ്യമന്ത്രിയായി നിയമിക്കുകയും ചെയ്തു. പ്രമോദ് സാവന്തിനെതിരെ പാർട്ടിയില്‍ തന്നെ വലിയൊരു വിഭാഗം നിലകൊള്ളുന്നതാണ് ബി ജെ പിയുടെ പ്രതിസന്ധിയുടെ പ്രധാന കാരണം.

പ്രമോദ് സാവന്ത് ഇക്കുറി സാൻക്വലിം മണ്ഡലത്തിൽ വളരെ നേരിയ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെ ഇത്തവണ മാറ്റണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമാക്കുന്നത്. സംസ്ഥാനം മുഴുവൻ പ്രചരണത്തിനിറങ്ങിയതാൽ തന്റെ മണ്ഡലത്തിൽ ശ്രദ്ധ പതിപ്പിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു വിജയത്തിന് പിന്നാലെ സാവന്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്

വളരെ നേരിയ ഭൂരിപക്ഷത്തിലായിരിക്കാം ഞാൻ വിജയിച്ചത്. പക്ഷേ ബി ജെ പിക്ക് ഭൂരിപക്ഷം ലഭിച്ചു. അത് വലിയ കാര്യമാണ്. സംസ്ഥാനതലത്തിൽ ഞാൻ പ്രചാരണം നടത്തിയെങ്കിലും സ്വന്തം മണ്ഡലത്തിൽ എത്താൻ തനിക്ക് കഴിഞ്ഞിരുന്നില്ല, അത് വെല്ലുവിളിയായിരുന്നു. പ്രവർത്തകരാണ് തനിക്ക് വേണ്ടി പ്രചരണം നയിച്ചത് എന്നുമായിരുന്നു സാവന്തിന്റെ വാക്കുകൾ. സാൻക്വലിം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ധർമ്മേഷ് സഗ്ലാനിയയെ 650 ലധികം വോട്ടുകൾക്കായിരുന്നു പ്രമോദ് സാവന്ത് പരാജയപ്പെടുത്തിയത്.












Click it and Unblock the Notifications