സ്വർണം വാങ്ങാനാണോ? ഇക്കാര്യങ്ങൾ അറിയണമെന്ന് വ്യാപാരി, ഇല്ലെങ്കിൽ കയ്യിൽ നിന്ന് കാശ് പോകും
സംസ്ഥാനത്ത് സ്വർണ വില ഇന്നും കുറഞ്ഞിരുന്നു. ഗ്രാമിന് 20 രൂപയുടേയും പവന് 160 രൂപയുടേയും ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് 1,05,160 രൂപയാണ് വില, ഗ്രാമിന് 13145 രൂപയും. അതേസമയം വിലയിലെ നേരിയ കുറവ് കണ്ട് ആരും സ്വർണം വാങ്ങുന്നതിന് അതൊരു മികച്ച സമയമാണെന്ന് കരുതേണ്ടതില്ലെന്ന് പറയുകയാണ് വ്യാപാരിയായ അരുണ്‍ മാർക്കോസ്. സീ ന്യൂസ് മലയാളത്തോടാണ് പ്രതികരണം. വായിക്കാം.
'ഇപ്പോൾ സ്വർണവില കുറയുന്നത് ഒരു വലിയ ഇടിവിനുള്ള സാധ്യതയായി വിലയിരുത്താൻ കഴിയില്ല. കാരണം, ഇന്നലെ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 40 രൂപ കൂടിയിരുന്നു. ഇന്ന് കുറയുന്നത് ഗ്രാമിന് 20 രൂപ മാത്രമാണ്. രാജ്യാന്തരതലത്തിൽ ഉണ്ടാകുന്ന സംഘർഷ സാധ്യതകളും അതിനെ മുൻനിർത്തി ആളുകൾ കൂടുതൽ സുരക്ഷിത നിക്ഷേപമായി സ്വർണത്തിലേക്ക് ഇൻവെസ്റ്റ്മെന്റ് നടത്തുന്നതുമാണ് ഈ സ്വർണവില ഇത്രയും ഉയർന്നു നിൽക്കുന്നതിന് പ്രധാന കാരണം.

അമേരിക്കയുടെ സംഘർഷങ്ങളെപ്പറ്റിയോ, ഇറാനുമായി ഉണ്ടാകാൻ സാധ്യതയുള്ള സംഘർഷങ്ങളെപ്പറ്റിയോ ഒന്നും ആരും വിചാരിച്ചതല്ല. ട്രംപിന്റെ ഇനിയുള്ള നീക്കങ്ങളും മറ്റ് വികസിത രാജ്യങ്ങൾ അതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെയും കൂടി ആശ്രയിച്ചായിരിക്കും ഇനിയുള്ള സ്വർണവിലയുടെ കുതിപ്പ്. നിലവിലെ സാഹചര്യത്തിൽ സ്വർണവില ഉയർന്നുതന്നെ നിൽക്കുന്നതിനുള്ള സാഹചര്യമാണ് ഉള്ളത്. അതുകൊണ്ട് സ്വർണത്തിന് ഇപ്പോൾ വില കുറയുന്നത് കൊണ്ട് കച്ചവടം ഉയരുമെന്നോ അല്ലെങ്കിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമാണെന്നോ ചിന്തിക്കേണ്ട.
കഴിഞ്ഞ വർഷം ഈ സമയത്തുണ്ടായിരുന്ന ബിസിനസിനെ അപേക്ഷിച്ച് വളരെ വലിയ കുറവാണ് ഇപ്പോൾ വ്യാപാരത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൂടുതൽ ആളുകൾ വിൽപനയിലേക്ക് ചിന്ത മാറ്റുന്നുണ്ട്. പ്രധാനമായും മലയാളികൾ ചെയ്തിരുന്നത്, ഒരു ആവശ്യം വന്നാൽ പെട്ടെന്ന് സ്വർണം പണയമായി ബാങ്കിൽ വെക്കുകയും പണം കിട്ടുമ്പോൾ തിരിച്ചെടുക്കുകയും ചെയ്യുക എന്നതായിരുന്നു. ബാങ്കുകൾ മുൻകാലങ്ങളിൽ 75 ശതമാനം വരെ സ്വർണവിലയുടെ വായ്പ നൽകിയിരുന്നപ്പോൾ, ഇപ്പോൾ 65 ശതമാനം വരെയേ നൽകുന്നുള്ളൂ.
വില പെട്ടെന്ന് ക്രമാതീതമായി താഴേക്ക് പതിക്കുന്ന ഒരു ഘട്ടം വന്നാൽ അവർക്ക് നഷ്ടം ഉണ്ടാകരുത് എന്ന കണക്കിലാണ് ഇത്. ആളുകൾ പണമാക്കാൻ ചെല്ലുമ്പോൾ ഒരു പവന് ഒരു ലക്ഷം രൂപ കിട്ടും, അതേസമയം പണയം വെക്കുമ്പോൾ 65,000-70,000 രൂപ മാത്രമേ കിട്ടൂ. അതിനാൽ എല്ലാവരും വിൽക്കുക എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നുണ്ട്. സ്വർണം വാങ്ങാൻ എത്തുന്നവർ കൂടുതൽ കല്ല് പതിച്ചസ്വർണം നോക്കുമ്പോൾ, അത് നഷ്ടമാകുമെന്ന് അവരോട് പറയാറുണ്ട്. കാരണം, അത്തരം ആഭരണങ്ങൾ വിൽക്കുമ്പോൾ കല്ലിന്റെ പൈസ കിട്ടില്ല.
18 കാരറ്റ് ആഭരണങ്ങൾ ആളുകൾ അന്വേഷിച്ചു വരുന്നുണ്ട്. പക്ഷേ ഇവയുടെ പ്രശ്നം എന്തെന്നാൽ, അതിന്റെ പണിക്കൂലി (മേക്കിങ് ചാർജ്) കൂടുതലായിരിക്കും. അപ്പോൾ വിൽക്കുമ്പോൾ സ്വാഭാവികമായും പണിക്കൂലിയിൽ വലിയ നഷ്ടം നേരിടും. അങ്ങനെയുള്ള വേരിയേഷൻ ഉള്ളതുകൊണ്ട് പല വ്യാപാരികളും 18 കാരറ്റ് ആഭരണങ്ങളോട് വിമുഖത കാണിക്കുന്നുണ്ട്. കാരണം, തിരിച്ചുകൊടുക്കുമ്പോൾ "ഇത്രയേ വിലയുള്ളൂ" എന്ന് പറയുമ്പോൾ അതുവരെ ഉണ്ടായിരുന്ന കസ്റ്റമറുമായുള്ള ബന്ധം നഷ്ടപ്പെടുമോ എന്ന ആശങ്ക വ്യാപാരികൾക്കുണ്ട്. അങ്ങനെയൊരു ആശങ്ക നിലനിൽക്കുന്നതുകൊണ്ട് ചെറുകിട ജ്വല്ലറികൾ 18 കാരറ്റ് ആഭരണങ്ങൾ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കാത്ത സാഹചര്യമുണ്ട്.
ഇന്നത്തെ സാഹചര്യത്തിൽ എപ്പോഴും 916 (22 കാരറ്റ്) ആഭരണങ്ങൾ തന്നെ വാങ്ങുന്നതാണ് ഏറ്റവും നല്ലത്. അത് വാങ്ങുമ്പോഴായാലും വിൽക്കുമ്പോഴായാലും.












Click it and Unblock the Notifications