ഒരു പവൻ സ്വർണം 33400 രൂപയ്ക്ക് കിട്ടും, 81640 രൂപ കൊടുത്ത് ആഭരണം വാങ്ങേണ്ട കാര്യമുണ്ടോ? ഇതാണ് ലാഭം
ആഭരണം , നിക്ഷേപം, സാംസ്കാരിക-പാരമ്പര്യ പ്രാധാന്യങ്ങൾ എന്നിങ്ങനെ പലകാരണങ്ങൾ കൊണ്ടും ഇന്ത്യക്കാർക്ക് സ്വർണം വളരെയേറെ പ്രീയപ്പെട്ടതാണ്. എന്നാൽ വില ഉയർന്നതോടെ പാരമ്പര്യവും താങ്ങാനാവുന്ന വിലയും എങ്ങനെ സന്തുലിതമാക്കാം എന്ന അങ്കലാപ്പിലാണ് ഇപ്പോൾ സ്വർണപ്രേമികൾ. വില കുത്തനെ ഉയർന്നതോടെ ആളുകൾ ആദ്യം ആശ്രയിച്ചത് 18 കാരറ്റ് സ്വർണത്തെയാണ്. 22 കാരറ്റിനേക്കാൾ വില കുറഞ്ഞ 18 കാരറ്റ് സാധാരണക്കാരെ സംബന്ധിച്ച് വലിയ ആശ്വാസമായിരുന്നു. എന്നാൽ 9 കാരറ്റ് സ്വർണത്തിന് ബിഐഎസ് ഹാൾമാർക്ക് ഏർപ്പെടുത്താനുള്ള തീരുമാനം സ്വർണ വിപണിയിൽ ഗെയിം ചെയ്ഞ്ചറായി. ഇപ്പോൾ ഏറ്റവും വില കുറഞ്ഞ 9 കാരറ്റ് സ്വർണത്തിന് പുറകിലാണ് ആളുകൾ.
എന്തുകൊണ്ട് 9 കാരറ്റ് സ്വർണ്ണം?
പരമ്പരാഗതമായി ഇന്ത്യൻ ആഭരണങ്ങൾ 22 കാരറ്റിലായിരുന്നു നിർമ്മിച്ചിരുന്നു. പിന്നീട് ലൈറ്റ് വെയ്റ്റ് ആഭരണങ്ങളായ 18 കാരറ്റിനും പ്രധാന്യം ഏറി. ഇപ്പോൾ വിപണിയിലെ താരം 9 കാരറ്റ് സ്വർണമാണ്. 9 കാരറ്റ് ആഭരണം (37.5% പരിശുദ്ധി) സ്വർണത്തിനൊപ്പം ചെമ്പ്, വെള്ളി, സിങ്ക് തുടങ്ങിയ ലോഹങ്ങളും ചേർത്താണ് നിർമ്മിക്കുന്നത്.

ഏറ്റവും ഉയർന്ന പരിശുദ്ധി 24 കാരറ്റ് സ്വർണത്തിനാണ്. ഇത് പക്ഷെ ആഭരണം നിർമ്മിക്കാൻ ഉപയോഗിക്കില്ല. 22 കാരറ്റാണ് ആഭരണങ്ങൾക്ക് ഉപയോഗിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് 22 കാരറ്റിനേക്കാൾ വില കുറവാണ്. പൊതുവെ ഡയമണ്ട് ആഭരണങ്ങൾക്കാണ് ഇവ ഉപയോഗിക്കുന്നത്. 9കാരറ്റ് സ്വർണമെന്നാൽ ഏറ്റവും വില കുറഞ്ഞത് . സമാനമായ ഡിസൈനിലും ഭാരത്തിലുമുള്ള 22 കാരറ്റ് ആഭരണങ്ങളേക്കാൾ 40-50% വരെ ഇവയ്ക്ക് വില കുറവായിരിക്കാം.
കേരളത്തിലെ ഇന്നത്തെ നിരക്ക്
ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 10,205 രൂപയാണ്. ഒരു പവന് 81640 രൂപയും. 18 കാരറ്റിന് 1 പവ് 66800 രൂപയാണ് വില. എന്നാൽ 9 കാരറ്റ് സ്വർണം വെറും 33,400 രൂപയ്ക്ക് ലഭിക്കും. അതായത് ഗ്രാമിന് വെറും 4175 രൂപ.
വില കുറഞ്ഞതോടെ 9 കാരറ്റിന് ഡിമാന്റ് ഏറുന്നുണ്ട്. പ്രത്യേകിച്ചും ആഭരണങ്ങളെ നിക്ഷേപത്തേക്കാൾ ഉപരിയായി ഫാഷനായി കാണുന്ന മില്ലേനിയൽസിനും ജനറേഷൻ Z വിഭാഗക്കാർക്കും ഇടിയിൽ.
വിലക്കുറവ് ഒരു നേട്ടമാണെങ്കിലും, 9 കാരറ്റ് സ്വർണത്തെ സംബന്ധിച്ച് ഉയരുന്ന ഒരു പ്രധാന ചോദ്യം 22 കാരറ്റ് പോലെ റീസെയിൽ മൂല്യം ഇല്ലാത്തതിനാൽ ഇത് വാങ്ങേണ്ടതുണ്ടോയെന്നതാണ്.
ഉയർന്ന വില നൽകാതെ തന്നെ സ്വർണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 9 കാരറ്റ് സ്വർണ്ണം ഒരു മികച്ച സാധ്യതയാണ്. ഇത് നിത്യോപയോഗത്തിനും ട്രെൻഡിയായ ഡിസൈനുകൾക്കും അനുയോജ്യമാണ്. ഇതിന്റെ ഈടുനിൽപ്പ് കാരണം പോറലുകൾ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്.
എന്നാൽ 9 കാരറ്റ് സ്വർണത്തിന് പരിശുദ്ധി കുറവായിരിക്കും.അതുകൊണ്ട് തന്നെ 22 കാരറ്റ് സ്വർണത്തെ അപേക്ഷിച്ച് ഇതിന് ആന്തരിക മൂല്യവും റീസെയിൽ മൂല്യവും പണയം വെക്കുമ്പോൾ ലഭിക്കുന്ന മൂല്യവും കുറവായിരിക്കും.
യുകെ, യുഎസ് തുടങ്ങിയ വിപണികളിൽ 9 കാരറ്റ്, 14 കാരറ്റ് സ്വർണാഭരണങ്ങൾ ഇതിനോടകം പ്രചാരത്തിലുണ്ട്. എന്നാൽ ഇന്ത്യയിൽ, സ്വർണത്തെ ഒരു നിക്ഷേപമായാണ് കണ്ടിരുന്നത് എന്നതിനാൽ ഈ മാറ്റം അംഗീകരിക്കാൻ സമയമെടുക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ സ്വർണവില വർദ്ധിക്കുന്നതും നഗര ജീവിതശൈലിയും ഭാരം കുറഞ്ഞ ആഭരണങ്ങളുടെ ആവശ്യകതയും കണക്കിലെടുക്കുമ്പോൾ, റീസെയിൽ മൂല്യത്തേക്കാൾ വിലക്കുറവിനും വൈവിധ്യത്തിനും മുൻഗണന നൽകുന്ന യുവ ഉപഭോക്താക്കൾക്കിടയിൽ 9 കാരറ്റ് സ്വർണത്തിന് പ്രാധാന്യം കൂടുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
നിങ്ങൾ 9 കാരറ്റ് സ്വർണ്ണാഭരണങ്ങൾ വാങ്ങുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം സ്വർണം എന്നതുകൊണ്ട് നിങ്ങൾ എന്ത് അർത്ഥമാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. സ്വർണത്തെ ഒരു നിക്ഷേപമായി കാണുന്നുവെങ്കിൽ 22 കാരറ്റ് തന്നെയാണ് മികച്ചത്. എന്നാൽ ദൈനംദിന ഉപയോഗത്തിന് സ്റ്റൈലിഷും ബഡ്ജറ്റിന് അനുയോജ്യവുമായ ആഭരണങ്ങളാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ഇന്നത്തെ ഉയർന്ന വിലയുള്ള വിപണിയിൽ 9 കാരറ്റ് സ്വർണ്ണം ഏറ്റവും മികച്ച തിരഞ്ഞെടുപ്പായിരിക്കാം.












Click it and Unblock the Notifications