സ്വര്‍ണം ഒരു പവന്‍ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങാം; പണിക്കൂലി അല്‍പ്പം കൂടിയേക്കും, ഇന്നത്തെ സ്വര്‍ണവില
കൊച്ചി: സ്വര്‍ണവില കുതിച്ചുയരുകയും ഇടയ്ക്ക് നേരിയ ഇടിവ് രേഖപ്പെടുത്തിയും മുന്നോട്ട് പോകുകയാണ്. 1.32 ലക്ഷം രൂപയാണ് ഇതുവരെ കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. പിന്നീട് കുറഞ്ഞ് ഒരു ലക്ഷത്തിന് താഴേക്ക് വീഴുകയും ചെയ്തിരുന്നു. എന്നാല്‍ ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണം വൈകാതെ നേരിയ മുന്നേറ്റം നടത്തുമെന്നാണ് പറയപ്പെടുന്നത്.
രണ്ടു വര്‍ഷം മുമ്പുള്ള സ്വര്‍ണവില അല്ല ഇപ്പോള്‍. അതുകൊണ്ടുതന്നെ രണ്ടു വര്‍ഷം കഴിയുമ്പോള്‍ ഇന്നത്തെ വില ആകില്ല എന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ സ്വര്‍ണം വില കുറഞ്ഞ ശേഷം വാങ്ങാമെന്ന് കരുതുന്നത് യുക്തിയാകില്ല. പകരം എന്തിന് വേണ്ടി സ്വര്‍ണം വാങ്ങുന്നു എന്ന് തീരുമാനിക്കുകയാണ് ആദ്യം ഉപഭോക്താവ് ചെയ്യേണ്ടത്. നിക്ഷേപമായിട്ടാണോ, ആഭരണം ആയി അണിയാന്‍ മാത്രമാണോ എന്ന് തീരുമാനിക്കണം.

ഭാവിയിലേക്കുള്ള കരുതലായും നിക്ഷേപമായും സ്വര്‍ണം വാങ്ങുന്നവര്‍ 24 കാററ്റ്, 22 കാരറ്റ് സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. 24 കാരറ്റ് സമ്പൂര്‍ണ സ്വര്‍ണമാണ്. അതായത് തങ്കം. ബാര്‍, കോയിന്‍ എന്നിവയാണ് ഈ കാരറ്റില്‍ കിട്ടുക. എന്നാല്‍ 22 കാരറ്റില്‍ കോയിനും ആഭരണങ്ങളും വാങ്ങാം. 91.6 ശതമാനമാണ് ഈ കാരറ്റിലെ സ്വര്‍ണം. ബാക്കി ചെമ്പ് ആയിരിക്കും. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 113520 രൂപയാണ്.
അതേസമയം, 18 കാരറ്റ് സ്വര്‍ണം വിപണിയില്‍ സുലഭമാണ്. 75 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പും ഉള്‍പ്പെടുത്തിയ ആഭരണങ്ങളാണ് ഈ കാരറ്റില്‍ ലഭിക്കുക. 22 കാരറ്റിനേക്കാള്‍ സ്വര്‍ണത്തിന്റെ അംശം കുറയുന്നതിനാല്‍ വില അല്‍പ്പം കുറയും. 93240 രൂപയാണ് ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന്റെ പവന്‍ വില. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ അധികമായി നല്‍കണം. എല്ലാം ചേരുമ്പോള്‍ ഒരു ലക്ഷം രൂപ ആയേക്കും.
18 കാരറ്റ് സ്വര്‍ണത്തിലുള്ള ആഭരണത്തിന് പണിക്കൂലി അല്‍പ്പം കൂടുതലായിരിക്കും. എന്നാല്‍, ഇതിന് ആവശ്യക്കാര്‍ ഏറി വരികയാണെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് ഈ കാരറ്റില്‍ കൂടുതലുള്ളത്. അടുത്ത കാലത്തായി അല്‍പ്പം വലിയ ആഭരണങ്ങളും വിപണിയിലെത്തുന്നതുണ്ട്. ഈ സ്വര്‍ണം വില്‍ക്കുന്ന വേളയിലും 18 കാരറ്റിന്റെ മാര്‍ക്കറ്റ് വിലയാണ് നിശ്ചയിക്കുക.
ബാങ്കുകളില്‍ വായ്പയ്ക്ക് വേണ്ടി സ്വീകരിക്കില്ല എന്നതാണ് ഈ സ്വര്‍ണം വാങ്ങുന്നവര്‍ അറിയേണ്ട പ്രധാന കാര്യം. സാധാരണ ആഭരണം വാങ്ങുന്നവര്‍ ബാങ്ക് വായ്പക്ക് വേണ്ടി ഈടായി വയ്ക്കാമെന്നും കരുതാറുണ്ട്. എന്നാല്‍ 18 കാരറ്റ് ഈടായി സ്വീകരിക്കില്ല. 22 കാരറ്റ് ആഭരണങ്ങള്‍ മാത്രമാണ് ബാങ്കുകള്‍ ഈടായി സ്വീകരിക്കുന്നത്. എങ്കിലും വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ വൈകാതെ 18 കാരറ്റും ബാങ്കുകള്‍ സ്വീകരിച്ചേക്കുമെന്ന് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു. 18 കാരറ്റിനേക്കാള്‍ വില കുറഞ്ഞ 14, 9 കാരറ്റ് ആഭരണങ്ങളും വിപണിയില്‍ ലഭ്യമാണ്. കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങള്‍ക്ക് പ്രത്യേക കൗണ്ടറുകള്‍ ചില ജ്വല്ലറികളിലുണ്ട്.





Click it and Unblock the Notifications